മലയാളത്തിലെ എല്ലാ പ്രൊഡ്യൂസേഴ്‌സും ഉപേക്ഷിച്ച സിനിമയാണ് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനെന്ന് മലയാളത്തിലെ മുന്‍നിര നിര്‍മാതാവായ സന്തോഷ് ടി. കുരുവിള. എന്നാല്‍ അതെടുക്കാന്‍ കാരണം സാനു ജോണ്‍ വര്‍ഗീസ് എന്ന ക്യാമറാമാനാണെന്നും സന്തോഷ് ടി. കുരുവിള പറഞ്ഞു. ജിഞ്ചര്‍ മീഡിയാ എന്റര്‍ടെയ്‌മെന്റിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
‘ഞാന്‍ അവനോട് ഡിമാന്റ് ചെയ്തതാണ് എനിക്ക് രതീഷ് ബാലകൃഷ്ണ പൊതുവാളിനെ അറിയില്ലെന്നും എന്നാല്‍ നീ ക്യാമറ ചെയ്യുകയാണെങ്കില്‍ തീര്‍ച്ചയായും നമുക്ക് ആ സിനിമയെടുക്കാമെന്നും പൈസ മുടക്കാമെന്നും അറിയിച്ചു’ എന്നാണ് സന്തോഷ് ടി. കുരുവിള പറഞ്ഞത്.
അത് സാനു എന്ന് പറയുന്ന വ്യക്തിയിലുള്ള വിശ്വാസമാണെന്നും എന്നാല്‍ ന്നാ താന്‍ കേസ് കൊട് എന്ന് പറയുന്ന സിനിമ രതീഷ് പൊതുവാള്‍ എന്ന സംവിധായകനിലുള്ള വിശ്വാസമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അയാള്‍ എന്റെ കൂടെ ചെയ്ത പടം ഗംഭീരമായിരുന്നെന്നും അയാളുടെ കഴിവിനെ മനസിലായതുകൊണ്ടാണ് ആ പടം ചെയ്തതെന്നും സന്തോഷ് ടി. കുരുവിള പറഞ്ഞു.
‘ആര്‍ക്കറിയാം എന്ന് പറയുന്ന സിനിമയും സാനുവിലുള്ള വിശ്വാസം കൊണ്ടാണ് കഥ ഒത്തിരി ദിവസം കോവിഡിന്റെ സമയത്ത് പുതുപ്പള്ളിയില്‍ അവന്റെ വീട്ടില്‍ പോയിരുന്ന് സംസാരിക്കുമായിരുന്നു’ അദ്ദേഹം പറഞ്ഞു.
‘മായാനദി, മഹേഷിന്റെ പ്രതികാരം എന്നീ സിനിമകള്‍ നിര്‍മിക്കാന്‍ ചിന്തിക്കേണ്ടി പോലും വന്നിട്ടില്ല, കാര്യം അത് ആഷിക് അബു എന്ന് പറയുന്ന സിനിമയില്‍ കഴിവ് തെളിയിച്ച ഒരാള്‍ അതിന്റെ പുറകിലുണ്ടായിരുന്നു. നമ്മുടെ പ്രൊഡ്യൂസറായിട്ടും ഡയറക്ടറായിട്ടും അദ്ദേഹം ഉണ്ടായിരുന്നു’ സന്തോഷ് ടി കുരുവിള പറയുന്നു.
തന്റെ കയ്യില്‍ നിന്നും പാളിച്ച വന്നു എന്ന് താന്‍ വിശ്വസിക്കുന്ന ഒരു സിനിമയും ഇല്ല എന്നും നാരദന്‍ പോലും താനും ആഷിക്കും എന്താണോ പറയാന്‍ ഉദ്ദേശിച്ചത് അതിനുള്ള അവസരമായിരുന്നെന്നും സന്തോഷ് ടി. കുരുവിള കൂട്ടിച്ചേര്‍ത്തു.
രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത് സന്തോഷ് ടി കുരുവിള നിര്‍മിച്ച സിനിമയാണ് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25. സുരാജ് വെഞ്ഞാറമൂട്, സൗബിന്‍ താഹിര്‍, സൈജു കുറുപ്പ്, കെന്‍ഡി സിര്‍ദോ, പാര്‍വ്വതി ടി. എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മൂന്ന് സംസ്ഥാന അവാര്‍ഡുകള്‍ ചിത്രം സ്വന്തമാക്കിയിരുന്നു.
Content Highlight: Producer Santhosh T Kuruvila saying Android Kunjappan movie was rejected by most of the producers in Malayalam industry