മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത് 2021ല്‍ പുറത്തിറങ്ങിയ ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന നിലയില്‍ ഒരുങ്ങിയ മരക്കാര്‍ റിലീസിന് മുമ്പ് വമ്പന്‍ ഹൈപ്പാണ് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് കൂടി കിട്ടിയതോടെ പ്രതീക്ഷ ഇരട്ടിച്ചു.
എന്നാല്‍ ആദ്യ ഷോ കഴിഞ്ഞപ്പോഴേക്ക് ചിത്രത്തിന് മോശം പ്രതികരണമായിരുന്നു ലഭിച്ചത്. ബോക്‌സ് ഓഫീസില്‍ പരാജയമായ ചിത്രത്തിന്റെ നഷ്ടത്തെക്കുറിച്ച് സംസാരിക്കുകയാണ് നിര്‍മാണ പങ്കാളികളിലൊരാളായ സന്തോഷ് ടി. കുരുവിള. ചിത്രത്തിന്റെ കഥയും മറ്റ് കാര്യങ്ങളും ചര്‍ച്ച ചെയ്യുന്ന സമയം മുതല്‍ താനും ഇതില്‍ പങ്കാളിയായിരുന്നെന്ന് സന്തോഷ് പറഞ്ഞു.
ആന്റണി പെരുമ്പാവൂരുമായി ചര്‍ച്ച ചെയ്ത സമയത്ത് 45 കോടിക്ക് തീര്‍ക്കാന്‍ സാധിക്കുമെന്ന് വിചാരിച്ചെന്നും ആ സമയത്ത് സിനിമ 12 കോടിയുടെ നഷ്ടമെങ്കിലും ഉണ്ടാക്കുമെന്ന് കരുതിയെന്നും സന്തോഷ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഷൂട്ട് തീര്‍ന്നപ്പോഴേക്ക് 80 കോടിക്ക് മുകളില്‍ ചെലവായെന്നും ബിസിനസ് മുഴുവന്‍ ആ സമയം കൊണ്ട് നടത്തിയെന്നും സന്തോഷ് പറയുന്നു.
12 കോടി നഷ്ടം വരുമെന്ന് വിചാരിച്ചെങ്കിലും അഞ്ച് കോടിക്ക് താഴെ മാത്രമേ നഷ്ടം വരുത്തിയുള്ളൂവെന്നും ഇന്‍ഡസ്ട്രി ആ സമയം കൈവരിച്ച വളര്‍ച്ച മരക്കാറിന്റെ ബിസിനസിനെ സഹായിച്ചെന്നും സന്തോഷ് പറഞ്ഞു. സിനിമയുടെ മാര്‍ക്കറ്റ് ആ സമയം വലുതായെന്നും അത് വളരെയധികം സഹായിച്ചെന്നും സന്തോഷ് ടി. കുരുവിള കൂട്ടിച്ചേര്‍ത്തു. കാന്‍ ചാനല്‍ മീഡിയയോട് സംസാരിക്കുകയായിരുന്നു സന്തോഷ് ടി. കുരുവിള.
‘കുഞ്ഞാലി മരക്കാറില്‍ ഞാനും ചെറിയൊരു പാര്‍ട്ണറായിരുന്നു. ആ സിനിമയുടെ ആദ്യകാല ചര്‍ച്ച മുതല്‍ ഞാനും അതില്‍ ഭാഗമായിരുന്നു. എന്റെ ഫ്‌ളാറ്റിലിരുന്നാണ് ഞാനും ആന്റണി ചേട്ടനും ചര്‍ച്ച നടത്തിയത്. അന്ന് ആ സിനിമക്ക് പ്രതീക്ഷിച്ച ബജറ്റ് 45 കോടിയായിരുന്നു. എന്നാല്‍ ആ സമയത്ത് തന്നെ എങ്ങനെ പോയാലും 12 കോടിക്കുമുകളില്‍ നഷ്ടം വരുമെന്ന് ഉറപ്പായിരുന്നു. എന്നിട്ടും റിസ്‌കെടുക്കാന്‍ തയാറായി ആന്റണി ചേട്ടനും ഞാനും മുന്നോട്ടുപോയി.
പക്ഷേ, പടം തീര്‍ന്നപ്പോഴേക്ക് 80 കോടിക്ക് മുകളില്‍ സിനിമക്ക് ചെലവായി. എന്നിരുന്നാലും ആ സിനിമക്ക് ചെറിയൊരു നഷ്ടം മാത്രമേ സംഭവിച്ചുള്ളൂ. റിലീസിന് മുമ്പ് തന്നെ ബിസിനസെല്ലാം സേഫ് ആക്കിയതുകൊണ്ട് അഞ്ച് കോടിക്ക് താഴെ മാത്രമേ നഷ്ടമായുള്ളൂ. ആ സമയത്ത് സിനിമയുടെ മാര്‍ക്കറ്റ് വലുതായി. ഇന്‍ഡസ്ട്രി ആ സമയത്ത് കൈവരിച്ച വളര്‍ച്ച വലുതായിരുന്നു,’ സന്തോഷ് ടി. കുരുവിള പറയുന്നു.
Content Highlight: Producer Santhosh T Kuruvila about the budget and loss of Marakkar movie