മമ്മൂട്ടി ചിത്രം ‘ഗ്യാങ്സ്റ്ററി’ന്റെ പരാജയത്തിനു കാരണം അതിന്റെ തിരക്കഥയാണെന്ന് നിര്‍മാതാവ് സന്തോഷ് ടി. കുരുവിള. എങ്കിലും സിനിമ മൊത്തത്തില്‍ മോശമാണെന്ന് താന്‍ ഇപ്പോഴും വിശ്വസിക്കുന്നില്ലെന്നും, ഇപ്പോള്‍ പലരും ടിവിയില്‍ കാണുമ്പോള്‍ സിനിമ കുഴപ്പം ഇല്ലെന്നു പറയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സന്തോഷ് ടി. കുരുവിള ‘ഗ്യാങ്സ്റ്ററി’നെ പറ്റി സംസാരിച്ചത്.
‘എന്റെ രണ്ടാമത്തെ സിനിമയായിരുന്നു ഗ്യാങ്സ്റ്റര്‍. കാക്കനാട് ഫ്‌ളാറ്റിലിരുന്നാണ് ഇതിന്റെ സ്‌ക്രിപ്റ്റ് എഴുതിയത്. അതെഴുതിയ ആളുകള്‍ ഏറ്റവും കൂടുതല്‍ കാലമിരുന്നെഴുതിയ സ്‌ക്രിപ്റ്റതാണ്. പക്ഷേ ആ സിനിമ പരാജയപ്പെടാന്‍ കാരണം അതിന് നല്ല ഒരു സ്‌ക്രിപ്റ്റില്ല എന്നതു തന്നെയാണ്. അഹമ്മദ് സിദ്ദീഖ്, അഭിലാഷ് എന്നിവരായിരുന്നു അതിന്റെ റൈറ്റേഴ്‌സ്. അന്ന് ഓരോ തവണ ഗള്‍ഫില്‍ നിന്നു വരുമ്പോഴും കേള്‍ക്കുന്ന കഥയല്ല ഞാന്‍ അടുത്ത തവണ വരുമ്പോള്‍ കേട്ടിരുന്നത്.
ആ സിനിമയുടെ ഷൂട്ടിങ് ഇന്നും ഞാന്‍ ഓര്‍ക്കുന്നുണ്ട്. ഷൂട്ടിങ് സെറ്റില്‍ എപ്പോഴും ഓരോരുത്തരും ചോദിക്കും, ‘ഇന്ന് എന്നെയാണോ കൊല്ലാന്‍ പോകുന്നത്? ഇന്ന് ആരാരെയാണ് വെടിവെയ്ക്കാന്‍ പോകുന്നത്? ആരാണ് ഇന്നു മരിക്കുന്നത്?,’ എന്നൊക്കെ.
സ്‌ക്രിപ്റ്റ് വളരെ മോശമാണ്. പക്ഷേ സിനിമ മൊത്തത്തില്‍ മോശമാണെന്ന് ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നില്ല. കാരണം അന്ന് ആ സിനിമ ഇറങ്ങിയ സമയത്ത് വന്നിട്ടുള്ള ഗ്യാങ്സ്റ്റര്‍ സിനിമകളെന്നു പറയുന്നത് വളരെ ഫാസ്റ്റ് മൂവിങ്ങാണ്. എന്നാല്‍ ഇതുവളരെ സ്ലോയാണ്. പിന്നെ ഇതിനകത്ത് ആക്ഷന്‍ സീനുകളില്‍ ആനിമേഷനാണ് ചെയ്തത്,’ സന്തോഷ് ടി. കുരുവിള പറഞ്ഞു
സിനിമയില്‍ ആക്ഷന്‍ കൊറിയോഗ്രഫി ആനിമേഷനാക്കിയതിനെ പറ്റിയും അഭിമുഖത്തില്‍ സന്തോഷ് ടി. കുരുവിള സംസാരിച്ചു, ‘അങ്ങനെ ചെയ്യാന്‍ കാരണമുണ്ട്. ആക്ഷന്‍ പലതും ശേഖറിനു (ശേഖര്‍ മേനോന്‍) ചെയ്യാന്‍ കഴിയുമായിരുന്നില്ല. പൊടിപിടിച്ചയിടത്ത് മമ്മൂക്കക്ക് പലതവണ ടേക്ക് എടുക്കുമ്പോള്‍ ബുദ്ധിമുട്ട് തോന്നി. അതുകൊണ്ടു ഞങ്ങള്‍ക്ക് ആനിമേഷന്‍ ചെയ്യേണ്ടി വന്നു.
അവസാനം സിനിമ പരാജയപ്പെട്ടു. എന്റെ വീട്ടുക്കാര്‍ പോലും ആ സിനിമ കണ്ടിട്ടില്ല. എന്നാല്‍ ഇപ്പോള്‍ പലരും ടിവിയില്‍ കാണുമ്പോള്‍ ആ സിനിമ കുഴപ്പമില്ലെന്നു പറയുന്നുണ്ട്. കാരണം ഇതുപോലെയുള്ള പടങ്ങളിപ്പോള്‍ വന്നുതുടങ്ങി. ആളുകള്‍ അതൊക്കെ ഏറ്റെടുത്തു തുടങ്ങി,’ സന്തോഷ് ടി. കുരുവിള പറയുന്നു
ഗ്യാങ്സ്റ്ററിനു പുറമെ ‘ടാ തടിയാ’, ‘മഹേഷിന്റെ പ്രതികാരം’, ‘മായാനദി’, ‘ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25’ ഉള്‍പ്പെടെയുള്ള നിരവധി സിനിമകളുടെ നിര്‍മാതാവാണ് അദ്ദേഹം.
Content Highlight: Producer Santhosh T Kuruvila About Mammootty’s Gangster Movie