അനില്‍-ബാബു കൂട്ടുകെട്ടിന്റെ സംവിധാനത്തില്‍ 2002ല്‍ റിലീസായ ചിത്രമായിരുന്നു വാല്‍ക്കണ്ണാടി. കലാഭവന്‍ മണി നായകനായ ചിത്രം നിര്‍മിച്ചത് സന്തോഷ് ദാമോദരനായിരുന്നു. കലാഭവന്‍ മണിയുടെ ഗംഭീര പ്രകടനമാണ് വാല്‍ക്കണ്ണാടിയില്‍ കാണാന്‍ സാധിച്ചത്. ചിത്രത്തില്‍ നായികയായി എത്തിയത് ഗീതു മോഹന്‍ദാസായിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് നിര്‍മാതാവ് സന്തോഷ് ദാമോദരന്‍. കലാഭവന്‍ മണിയുടെ നായികയാവാന്‍ പല നടിമാരും വിസമ്മതിച്ചിരുന്നെന്ന് സന്തോഷ് ദാമോദരന്‍ പറഞ്ഞു.
ഒടുവില്‍ തമിഴില്‍ നിന്നോ തെലുങ്കില്‍ നിന്നോ ആരെയെങ്കിലും സമീപിക്കാമെന്ന് ആലോചിച്ചെന്നും ആ സമയത്ത് സംവിധായകരിലൊരാളായ അനില്‍ ഗീതു മോഹന്‍ദാസിനെ വിളിച്ചു നോക്കാമെന്ന് തന്നോട് പറഞ്ഞെന്നും സന്തോഷ് കൂട്ടിച്ചേര്‍ത്തു. ഗീതു മോഹന്‍ദാസ് ആ സമയം തുടര്‍ച്ചയായി സിനിമകള്‍ ചെയ്തുകൊണ്ടിരിക്കുന്ന സമയമായിരുന്നെന്നും ഈ സിനിമയിലേക്ക് വരുമോ എന്ന് തനിക്ക് സംശയമായിരുന്നെന്നും സന്തോഷ് ദാമോദരന്‍ പറഞ്ഞു.
താന്‍ ഗീതു മോഹന്‍ദാസിനെ ഫോണിലൂടെ വിളിച്ച് ടി.എ. റസാഖിന്റെ ഒരു കഥയുണ്ടെന്ന് പറഞ്ഞെന്നും അനില്‍ ഗീതുവിനോട് കഥ പറഞ്ഞെന്നും സന്തോഷ് ദാമോദരന്‍ കൂട്ടിച്ചേര്‍ത്തു. കേട്ട ഉടനെ ഗീതു മോഹന്‍ദാസ് ആ സിനിമ ചെയ്യാമെന്ന് സമ്മതിക്കുകയും ചെയ്‌തെന്ന് സന്തോഷ് ദാമോദരന്‍ പറഞ്ഞു.
ആ ചിത്രത്തിലെ പ്രകടനത്തിന് ഗീതു മോഹന്‍ദാസിന് സ്‌റ്റേറ്റ് അവാര്‍ഡ് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നെന്നും എന്നാല്‍ എന്തൊക്കെയോ കാരണങ്ങള്‍ കൊണ്ട് കിട്ടാതെ പോയെന്നും സന്തോഷ് ദാമോദരന്‍ കൂട്ടിച്ചേര്‍ത്തു. മാസ്റ്റര്‍ ബിന്നിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘വാല്‍ക്കണ്ണാടി എന്ന സിനിമയില്‍ കലാഭവന്‍ മണിയുടെ നായികയെ കിട്ടാന്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടായിരുന്നു. പല നടിമാരെയും സമാപിച്ചു. മണി നായകനായതുകൊണ്ടണോ എന്നറിയില്ല, ആരും ആ സിനിമ ചെയ്യാന്‍ തയാറായില്ല. ഏറ്റവും ലാസ്റ്റ് തമിഴില്‍ നിന്നോ തെലുങ്കില്‍ നിന്നോ ആരെയെങ്കിലും വിളിക്കാമെന്നൊക്കെ ആലോചിച്ച് ഇരുന്നപ്പോഴാണ് ഗീതു മോഹന്‍ദാസിനെ വിളിച്ചാലോ എന്ന ചിന്ത ഉള്ളില്‍ വന്നത്.
അടുപ്പിച്ച് കുറേ സിനിമകള്‍ ചെയ്യുന്നതുകൊണ്ട് ഗീതു ഈ സിനിമ ചെയ്യാന്‍ സമ്മതിക്കുമോ എന്ന കണ്‍ഫ്യൂഷന്‍ ഉണ്ടായിരുന്നു. ഒടുവില്‍ ഞാന്‍ ഗീതുവിനെ വിളിച്ച് റസാഖ് എന്നോട് ഒരു കഥ പറഞ്ഞിട്ടുണ്ട്, ഒന്നു കേട്ട് നോക്ക് എന്ന് ഗീതുവിനോട് പറഞ്ഞു. എന്നിട്ട് കഥ പറയാന്‍ വേണ്ടി ഫോണ്‍ അനിലിന് കൊടുത്തു. കഥ കേട്ട ഉടനെ ഗീതു ആ സിനിമ ചെയ്യാമെന്ന് സമ്മതിച്ചു. ആ സിനിമയിലെ പ്രകടനത്തിന് ഗീതുവിന് സ്റ്റേറ്റ് അവാര്‍ഡ് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷേ അത് ഉണ്ടായില്ല,’ സന്തോഷ് ദാമോദരന്‍ പറയുന്നു.
Content Highlight: Producer Santhosh Damodaran shares the shooting experience of Valkannadi movie