മുമ്പൊന്നും പരീക്ഷിച്ചിട്ടില്ലാത്ത പ്രമേയവുമായി മലയാളത്തിലിറങ്ങിയ ചിത്രമായിരുന്നു ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ. എന്നാൽ ചിത്രം റിലീസിന് മുൻപ് ഏറ്റെടുക്കാൻ ഒരു ചാനലിനും വിശ്വാസമില്ലായിരുന്നു എന്നാണ് നിർമാതാവ് സന്തോഷ് ടി. കുരുവിള പറയുന്നത്. നിലവിൽ ആളുകൾക്കിടയിൽ നിർമാതാക്കൾക്ക് വേണ്ട പരിഗണന ലഭിക്കുന്നില്ലായെന്നും സന്തോഷ് ക്യൂ സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചു.
‘എന്റെ ഒക്കെ ചെറുപ്പത്തിൽ പ്രൊഡ്യൂസേഴ്സിന് വലിയ വിലയുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ നിർമാതാവിന് ഒരു വിലയുമില്ലാത്ത അവസ്ഥയായി മാറിയിട്ടുണ്ട്. എനിക്ക് കിട്ടേണ്ട പരിഗണന സിനിമയിൽ നിന്ന് ലഭിക്കാറുണ്ട്. പക്ഷേ ഞാൻ ഒരിക്കലും എനിക്ക് വേണ്ടിയല്ല സംസാരിക്കുന്നത്. മറ്റുള്ളവർക്ക് വേണ്ടിയാണ്.
ഇടയ്ക്ക് അവാർഡുകൾ വാങ്ങാൻ പോകുന്നതുകൊണ്ടൊക്കെ എന്നെ എങ്ങനെയെങ്കിലുമെല്ലാം ജനങ്ങൾ തിരിച്ചറിയുന്നുണ്ടാവും. എന്നാൽ ഇതുപോലുമില്ലാത്ത ഒത്തിരി ആളുകളുണ്ട്.
ആൻഡ്രോയിഡ് കുഞ്ഞപ്പന്റെ സാറ്റ്ലൈറ്റ് പോലും വിൽക്കാൻ പറ്റിയില്ലായിരുന്നു. ഏഷ്യാനെറ്റ് അടക്കമുള്ള ഒരു ചാനലിനും ഈ സിനിമയിൽ വിശ്വാസമില്ലായിരുന്നു. പുതിയ ഡയറക്ടറിന്റെ സിനിമ, മെയിൻ സ്ട്രീമിലുള്ള വലിയ അഭിനേതാക്കൾ ഇല്ലാതെ ഒരു റോബോട്ടിന്റെ കഥയിൽ ഒരുക്കുന്ന ചിത്രം. ഇതെല്ലാമായിരുന്നു കാരണം.
ഒരു ചാനലിനും ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ ഏറ്റെടുക്കാൻ ധൈര്യമില്ലായിരുന്നു. ഔട്ട്സൈഡ് ഇന്ത്യ റിലീസിനായി സെൻട്രൽ പിക്ചേഴ്സിനോടും സംസാരിച്ചെങ്കിലും അവരും പടം ഏറ്റെടുത്തില്ല. എല്ലാവരുടെയും പേടി ഈ ചിത്രം ഒരു കോമിക്ക് ആയി മാറുമോ എന്നായിരുന്നു. ആ സിനിമയ്ക്ക് വേണ്ടി ഞാൻ എടുത്ത റിസ്ക് വളരെ വലുതായിരുന്നു. രണ്ടുകോടി എഴുപത് ലക്ഷം രൂപ ബഡ്ജറ്റ് കണക്കാക്കിയ സിനിമ ഷൂട്ട് കഴിയുമ്പോൾ അതിന്റെ ഇരട്ടിയായി.
ചാക്കോച്ചനെയും ഗുരു സോമസുന്ദരത്തെയുമെല്ലാം ആദ്യം സിനിമയിൽ പരിഗണിച്ചിരുന്നു. സുരാജേട്ടന്റെ വേഷത്തിലേക്ക് വിജയരാഘവൻ ചേട്ടനെയും മുകേഷേട്ടനെയുമെല്ലാം വിചാരിച്ചിരുന്നു. ഒടുവിലാണ് സുരാജേട്ടനിലേക്ക് എത്തുന്നത്. ഒരു വർഷം മുൻപ് തന്നെ സുരാജേട്ടൻ ചിത്രത്തിന്റെ കഥ കേട്ടിട്ടുണ്ടായിരിന്നു.
പിന്നെ റിലീസിനു ശേഷം സിനിമ ഗംഭീര വിജയമായി വന്നു. സാറ്റ്ലൈറ്റുകാരേറ്റെടുത്തു. സിനിമ വിജയമായതിനുശേഷം പലവട്ടം വിജയ് സാർ എന്നോട് ചോദിച്ചിരുന്നു ‘ ഈ സിനിമ എന്തേ എനിക്ക് തരാഞ്ഞതെന്ന്. സാർ എടുക്കാത്തത് കൊണ്ടല്ലേ? ഞാനിപ്പോഴും വിശ്വസിക്കുന്നത് ഒരു വാക്കിന് വലിയ വിലയുണ്ടെന്നാണ്,’ സന്തോഷ്. ടി. കുരുവിള പറയുന്നു.
Content Highlight : Producer Santhos T. Kuruvila Talk About Android Kunjappan Movie