ഓം ശാന്തി ഓശാന എന്ന് പറയുന്നത് തന്റെ സിനിമ ആയിരുന്നെന്നും എന്നാല്‍ അത് നിര്‍മാതാവ് ആന്റോ ജോസഫ് തട്ടിയെടുത്തെന്നും സാന്ദ്ര തോമസ്. വലിയൊരു ബാനര്‍ വന്നപ്പോള്‍ സംവിധായകനും തിരക്കഥാകൃത്തുമടക്കം അവരുടെ പുറകെ പോയെന്നും സാന്ദ്ര പറഞ്ഞു. പരാതി കൊടുക്കാന്‍ വേണ്ടി പ്രൊഡ്യൂസര്‍ അസോസിയേഷനില്‍ പോയപ്പോള്‍ ഒരു സഹായവും ലഭിച്ചില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 24 ന്യൂസ് ചാനലില്‍ സംസാരിക്കുകയായിരുന്നു സാന്ദ്ര തോമസ്.
‘ഓം ശാന്തി ഓശാന എന്ന് പറയുന്നത് ഞാന്‍ ഉണ്ടാക്കികൊണ്ട് വന്ന, ഞാന്‍ എല്ലാം ചെയ്ത എന്റെ പടമായിരുന്നു. ഒരു സുപ്രഭാതത്തില്‍ ആന്റോ ജോസഫ് എന്ന വ്യക്തി വരുന്നു എന്റെ കയ്യില്‍ നിന്ന് ആ ചിത്രം അടിച്ചുകൊണ്ട് പോകുന്നു. അപ്പോഴേക്കും ഞാന്‍ പോയി പ്രൊഡ്യൂസേര്‍സ് അസോസിയേഷനില്‍ പരാതി കൊടുത്തു. എനിക്ക് നല്ല പ്രതീക്ഷയുള്ള പ്രൊജക്റ്റായിരുന്നു അത്. ആ പ്രൊജക്ടിന് വാല്യൂ ഉണ്ടെന്ന് കണ്ടപ്പോള്‍ ആന്റോ ജോസഫ് വന്നു. വലിയൊരു ബാനര്‍ വന്നപ്പോള്‍ സംവിധായകനും തിരക്കഥാകൃത്തുമെല്ലാം കൂടെ അവരുടെ പുറകെ പോയി.
അങ്ങനെ ആന്റോ ജോസഫ് സിനിമ ചെയ്യുന്നു. ആ സിനിമ ആന്റോ ജോസഫാണ് ചെയ്യുന്നതെന്ന് അറിഞ്ഞപ്പോള്‍ ഞാന്‍ പ്രൊഡ്യൂസേര്‍സ് അസോസിയേഷനില്‍ പരാതി കൊടുത്തു. ഇതെന്റെ മറ്റ് സിനിമകളെയും കൂടി ബാധിക്കാന്‍ തുടങ്ങിയതുകൊണ്ടാണ് ഞാന്‍ പരാതി കൊടുക്കാം എന്ന് തീരുമാനിക്കുന്നത്. ഞാന്‍ മങ്കി പെന്നും സക്കറിയയുടെ ഗര്‍ഭിണികള്‍ എന്ന ചിത്രവും ചെയ്യുന്ന സമയമായിരുന്നു അത്. എന്നിട്ട് ഒരു ദിവസം അവര്‍ കേറിവന്ന് മങ്കി പെന്‍ പോലെയൊരു കുട്ടികളുടെ സിനിമ ചെയ്യുന്നവരുടെ സിനിമ ചെയ്യാന്‍ താത്പര്യമില്ല എന്നായിരുന്നു പറഞ്ഞത്.
എന്റെ ഓഫീസില്‍ കയറിവന്ന് അവര്‍ പറഞ്ഞ കഥക്ക് അഡ്വാന്‍സ് കൊടുത്ത് ഒക്കെ ആക്കി, അവര്‍ തന്നെ പറഞ്ഞ സംവിധായകന് അഡ്വാന്‍സ് കൊടുത്ത്, ഇരുത്തി എഴുതിച്ച്, നിവിന്‍ പോളി അടക്കമുള്ള അഭിനേതാക്കള്‍ക്ക് അഡ്വാന്‍ഡ് കൊടുത്ത് ഡേറ്റ് ഉറപ്പിച്ച് വിനീത് ശ്രീനിവാസനെല്ലാം വന്ന് വലിയൊരു പ്രൊജക്റ്റാക്കി കഴിഞ്ഞപ്പോഴാണ് ഇത് വന്ന് അടിച്ചുകൊണ്ട് പോകുന്നത്. അന്ന് ഈ സിനിമയുടെ പേര് ‘ഓലക്കുടയും കുന്‍ഫു പാണ്ടയും’ എന്നായിരുന്നു.
ഞാന്‍ അങ്ങനെ ഈ പ്രശ്‌നത്തില്‍ ഇടപെടണമെന്ന് അസോസിയേഷനില്‍ പോയി പരാതിപ്പെട്ടപ്പോള്‍ കുറേ നാളത്തേക്ക് ഒരു അനക്കവും ഇല്ലായിരുന്നു. ഞാന്‍ ഇടക്കിടക്ക് വിളിച്ച് ചോദിക്കുമായിരുന്നു എന്തായെന്ന്. അപ്പോഴെല്ലാം അവര്‍ ആ പ്രൊജക്ടുമായി മുന്നോട്ട് പോകുന്നില്ല എന്നായിരുന്നു മറുപടി. ഒരു ഏഴെട്ട് മാസം കഴിഞ്ഞപ്പോള്‍ ഞാന്‍ കാണുന്നത് ഓം ശാന്തി ഓശാന എന്ന് പറഞ്ഞുകൊണ്ടുള്ള സിനിമയുടെ വലിയ ബാനറാണ്. ആ പോസ്റ്ററില്‍ പ്രൊഡ്യൂസറിന്റെ പേരിന്റെ അവിടെ കാണുന്നത് അന്നത്തെ പ്രൊഡ്യൂസര്‍ അസോസിയേഷന്റെ വൈസ് പ്രസിഡന്റായിട്ടുള്ള ആല്‍വിന്‍ ആന്റണി,’ സാന്ദ്ര തോമസ് പറയുന്നു.