| Thursday, 27th April 2023, 11:40 am

ഡബ്ല്യു.സി.സിയിലെ അംഗങ്ങളുടെ കാരവാനില്‍ പോലും സ്വഭാവ നടന്മാരെ കയറ്റാതിരിക്കുന്നത് കണ്ടിട്ടുണ്ട്: സാന്ദ്ര തോമസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയിലെ സ്ത്രീകളുടെ സംഘടനയായ ഡബ്യു.സി.സിയെ കുറിച്ചുള്ള തന്റെ അഭിപ്രായം തുറന്നുപറയുകയാണ് നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസ്. ആ സംഘടനയില്‍ താന്‍ അംഗമല്ലാത്തത് കൊണ്ട് കൂടുതലൊന്നും പഠിച്ചിട്ടില്ലെന്നും പല ആളുകള്‍ക്കും ആ സംഘടന കൊണ്ട് ഗുണമുണ്ടായിട്ടുണ്ടെന്നും സാന്ദ്ര പറഞ്ഞു. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘ഞാന്‍ ഡബ്ല്യു.സി.സിയില്‍ ഇല്ലാത്തതുകൊണ്ടായിരിക്കാം, അതിനെ കുറിച്ച് കൂടുതലൊന്നും പഠിച്ചിട്ടില്ല. പക്ഷെ അതിനകത്ത് ഉണ്ടായിരുന്ന ആളുകളെയൊക്കെ കലക്കി പുറത്ത് ചാടിക്കാനായി നോക്കിയിട്ടുണ്ട്. അതില്‍ നിന്ന് ചാടിയവരുമുണ്ടല്ലോ.  നാട്ടുകാരുടെ മുന്നിലൂടെ തന്നെയല്ലേ ഇതെല്ലാം സംഭവിച്ചിരിക്കുന്നത്.

ഇത്തരം ചരടുവലികളുടെ ഭാഗമാകരുത് എന്ന് മാത്രമെ എനിക്ക് പറയാനുള്ളു. ഡബ്ല്യു.സി.സി എന്നൊക്കെ പറഞ്ഞ് മാറി നിന്നാലും അതിന്റെ അറ്റം വേറെയൊരാളുടെ കയ്യില്‍ കൊണ്ട് കൊടുക്കരുത്. ആ സംഘടനകൊണ്ട് ഗുണമൊന്നുമില്ലെന്ന് ഞാന്‍ പറയുന്നില്ല. എത്രയോ പേര്‍ക്ക് ആ സംഘടനകൊണ്ട് ഗുണമുണ്ടായിട്ടുണ്ട്. എത്രയോ പേരുടെ കാര്യങ്ങളില്‍ അവര്‍ കാര്യക്ഷമമായി ഇടപെട്ടിട്ടുണ്ട്.

ഞാന്‍ പറയുന്നത് എല്ലാ സ്ത്രീകളുടെ കാര്യത്തിലും അവര്‍ക്ക് ഇടപെടാന്‍ സാധിക്കുന്നില്ല എന്നാണ്. സ്ത്രീകളുടെ അസോസിയേഷന്‍ എന്നുപറയുമ്പോള്‍ എല്ലാ സ്ത്രീകളുടെയും കാര്യത്തില്‍ ഇടപെടാന്‍ കഴിയണം. അല്ലാതെ അതില്‍ മെമ്പര്‍ഷിപ്പ് എടുത്തെങ്കില്‍ മാത്രമെ ഇടപെടാന്‍ സാധിക്കു എന്നുപറയുന്നതിനോട് യോജിക്കാന്‍ കഴിയില്ല.

പിന്നെ അവര്‍ പറയുന്ന തുല്യ വേതനം പോലെയുള്ള കാര്യങ്ങള്‍ സാധിക്കില്ല. വാല്യു ക്രിയേറ്റ് ചെയ്ത് കഴിയുമ്പോള്‍ തുല്യ വേതനം നല്‍കാം. പിന്നെ കാരവാന്റെ കാര്യം, എല്ലാ സെറ്റിലും മൂന്നും നാലും കാരവാനുണ്ട്. അതിലൊന്നും ക്യാരക്ടര്‍ ആര്‍ട്ടിസ്റ്റുകളെ മെയിന്‍ സ്ട്രീം ആക്ടേഴ്‌സ് കയറ്റില്ല. അവര്‍ക്കുമൊക്കെ ടോയ്‌ലെറ്റില്‍ പോകണ്ടേ. ഇങ്ങനെ കയറ്റാതിരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഈ ഡബ്യു.സി.സി അംഗങ്ങളുടെ കാരവാനില്‍ പോലും കയറ്റാതിരിക്കുന്നത് കണ്ടിട്ടുണ്ട്,’ സാന്ദ്ര തോമസ് പറഞ്ഞു.

content highlight: producer sandra thomas about wcc

We use cookies to give you the best possible experience. Learn more