‘ടിപ്പു’ സിനിമ പുറത്തിറങ്ങില്ലെന്ന് അറിയിച്ച് നിര്‍മാതാവ് സന്ദീപ് സിങ്. തന്നേയും കുടുംബത്തേയും ഭീഷണിപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് സിനിമ നിര്‍മിക്കുന്നതില്‍ നിന്നും പിന്മാറുന്ന വിവരം സന്ദീപ് സിങ് ട്വിറ്ററിലൂടെ പങ്കുവെച്ചത്. ആരുടെയെങ്കിലും മതവികാരം വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നുവെന്നും സന്ദീപ് സിങ് പറഞ്ഞു.
കര്‍ണാടക തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോഴായിരുന്നു മൈസൂര്‍ രാജാവായിരുന്ന ടിപ്പു സുല്‍ത്താനെ കേന്ദ്രീകരിച്ച് പവന്‍ ശര്‍മ സംവിധാനം ചെയ്യുന്ന ചിത്രം പ്രഖ്യാപിച്ചിരുന്നത്.
ബി.ജെ.പിയുടെ നോര്‍ത്ത് ഈസ്റ്റ് സ്ട്രാറ്റജിസ്റ്റും മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ്ങിന്റെ ഉപദേശകനും എഴുത്തുകാരനും ടി.വി. കമന്റേറ്ററുമായ രജത് സേഥിയാണ് ചിത്രത്തിന്റെ ആശയം വികസിപ്പിച്ചതെന്നും ചിത്രത്തിനായി റിസേര്‍ച്ച് ചെയ്തതെന്നും ചിത്രം പ്രഖ്യാപിച്ചുകൊണ്ട് പുറത്തുവിട്ട പോസ്റ്ററില്‍ പറഞ്ഞിരുന്നു.
ഗുരുതരമായ ആരോപണങ്ങളായിരുന്നു മോഷന് പോസ്റ്ററില്‍ ടിപ്പുവിനെതിരെ ഉന്നയിച്ചിരിക്കുന്നത്. ‘8000 അമ്പലങ്ങളും 27 പള്ളികളും തകര്‍ക്കപ്പെട്ടു, 40 ലക്ഷം ഹിന്ദുക്കള്‍ ഇസ്‌ലാമിലേക്ക് മതം മാറാന്‍ നിര്‍ബന്ധിതരായി, ഒരുലക്ഷത്തിലധികം ഹിന്ദുക്കള്‍ ജയിലിലായി, കോഴിക്കോടുള്ള 2000ലധികം ബ്രാഹ്‌മണര്‍ തുടച്ചുനീക്കപ്പെട്ടു, ജിഹാദിന് വേണ്ടിയുള്ള അവന്റെ നിലവിളി തുടങ്ങിയത് 1783ലാണ്,’ എന്നാണ് മോഷന്‍ പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്.
പോസ്റ്ററില്‍ ടിപ്പുവിന്റെ മുഖം വികൃതമാക്കിയാണ് ഉള്‍പ്പെടുത്തിയിരുന്നത്. പോസ്റ്റര്‍ പുറത്തുവന്നപ്പോള്‍ തന്നെ ചിത്രത്തിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. പി.എം. നരേന്ദ്ര മോദി, സ്വതന്ത്ര വീര്‍ സവര്‍ക്കര്‍, ബാല്‍ ശിവജി എന്നീ ചിത്രങ്ങളുടെ നിര്‍മാതാവ് കൂടിയാണ് സന്ദീപ് സിങ്.
സന്ദീപിന്റെ ട്വീറ്റിന്റെ പൂര്‍ണരൂപം
ടിപ്പു സുല്‍ത്താനെ കുറിച്ചുള്ള സിനിമ എടുക്കിന്നില്ല.
എന്നേയും കുടുംബത്തെയും സുഹൃത്തുക്കളെയും ഭീഷണിപ്പെടുത്തുന്നതും അധിക്ഷേപിക്കുന്നതും അവസാനിപ്പിക്കണമെന്ന് എന്റെ സഹോദരന്മാരോടും സഹോദരിമാരോടും അഭ്യര്‍ത്ഥിക്കുന്നു. ആരുടെയെങ്കിലും മതവികാരം വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു.
എല്ലാ വിശ്വാസങ്ങളെയും ബഹുമാനിക്കണമെന്നതില്‍ ഉറച്ചു വിശ്വസിക്കുന്നതിനാല്‍ ഒരിക്കലും അങ്ങനെ ചെയ്യാന്‍ ഞാന്‍ ഉദ്ദേശിച്ചിരുന്നില്ല. ഇന്ത്യക്കാരെന്ന നിലയില്‍ നമുക്ക് ഒന്നിച്ച് നില്‍ക്കാം, പരസ്പരം ബഹുമാനിക്കാം
Content Highlight: Producer Sandeep Singh informed that ‘Tipu’ movie will not be released