|

പൃഥ്വിരാജിന്റെ ആ സിനിമ വരുത്തി വെച്ച കടം ഇതുവരെ തീര്‍ന്നിട്ടില്ല, പത്ത് വര്‍ഷം കഴിഞ്ഞു: സാബു ചെറിയാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പൃഥ്വിരാജിനെ നായകനാക്കി ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത സിനിമയാണ് ത്രില്ലര്‍. 2010ല്‍ പുറത്തിറങ്ങിയ സിനിമ തിയേറ്ററില്‍ വലിയ പരാജയമായിരുന്നു. ആനന്ദഭൈരവി എന്ന ബാനറിന് കീഴില്‍ സാബു ചെറിയാനാണ് ചിത്രം നിര്‍മിച്ചത്.

ത്രില്ലറിന്റെ പരാജയത്തിന് ശേഷ ആനന്ദഭൈരവി എന്ന ബാനറില്‍ പിന്നീട് സിനിമകളൊന്നും പുറത്തിറങ്ങിയിട്ടില്ല. അതിന്റെ കാരണം പറയുകയാണ് നിര്‍മാതാവ് സാബു ചെറിയാന്‍. സിനിമ വരുത്തി വെച്ച കടം ഇനിയും തീരാനുണ്ടെന്നും അതിനുശേഷം മാത്രമേ വേറൊരു സിനിമ ചെയ്യുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. പോപ്പ്‌ഡോം ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘ത്രില്ലര്‍ എന്ന പൃഥ്വിരാജിനെ വെച്ച് ചെയ്ത സിനിമ വലിയ നഷ്ടമായിരുന്നു. ഇപ്പോഴും അതിന്റെ ഫിനാന്‍സറിന് ഞാന്‍ പൈസ കൊടുക്കാനുണ്ട്. പത്തുവര്‍ഷത്തോളം കഴിഞ്ഞു. എനിക്ക് അത് തീര്‍ക്കാന്‍ പറ്റിയിട്ടില്ല. ആ കടം തീരാതെ അടുത്ത സിനിമ ചെയ്യാന്‍ താല്‍പര്യമില്ല. ഒരിക്കലും അത് ശരിയായ നടപടിയല്ല.

അതിന്റെ ബാധ്യതകള്‍ തീര്‍ത്തിട്ട് വേണം അടുത്ത പടത്തിലേക്ക് കടക്കാന്‍ എന്നാണ് ആഗ്രഹം. പലരും ഒരു പടത്തിന്റെ കടം ഉണ്ടാകുമ്പോള്‍ തന്നെ മറ്റൊരു പടം ചെയ്യുന്നുണ്ട്. അതെനിക്ക് മാനസികമായി ശരിയാകില്ല. പിന്നെ ഇപ്പോഴത്തെ വലിയ നടന്മാരോട് ചോദിച്ചാല്‍ ഡേറ്റ് കിട്ടുമായിരിക്കും. പക്ഷെ അവരുടെ ഡേറ്റ് എടുത്ത് വലിയ പടം ചെയ്യാനുള്ള സാമ്പത്തിക സ്ഥിതിയില്‍ അല്ല ഞാന്‍,’ സാബു ചെറിയാന്‍ പറഞ്ഞു.

പൃഥ്വിരാജിന് പുറമെ സിദ്ദീഖ്, ലാലു അലക്‌സ്, കാതറിന്‍ ട്രീസ, വിജയ രാഘവന്‍, മല്ലിക കപൂര്‍, റിയാസ് ഖാന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആക്ഷന്‍, ത്രില്ലര്‍ ഴോണറിലാണ് സിനിമ കഥ പറഞ്ഞത്.

content highlight: producer sabu cherian about malayalam movie thriller