2022ല്‍ നടന്ന പത്ത് അത്ഭുത സംഭവങ്ങളില്‍ ഒന്ന് ഞങ്ങളുടെ കല്യാണമാണെന്നാണ് ഒരു ചാനല്‍ വാര്‍ത്ത കൊടുത്തത്: രവീന്ദ്രര്‍
Entertainment news
2022ല്‍ നടന്ന പത്ത് അത്ഭുത സംഭവങ്ങളില്‍ ഒന്ന് ഞങ്ങളുടെ കല്യാണമാണെന്നാണ് ഒരു ചാനല്‍ വാര്‍ത്ത കൊടുത്തത്: രവീന്ദ്രര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 26th March 2023, 8:09 pm

തമിഴിലെ മുന്‍നിര സിനിമ നിര്‍മാതാവായ രവീന്ദ്രറുടെയും സിനിമ സീരിയല്‍ നടിയായ മഹാലക്ഷ്മിയുടെയും വിവാഹ വാര്‍ത്ത സമൂഹ മാധ്യമങ്ങളിലടക്കം വലിയ ചര്‍ച്ചക്ക് വഴിവെച്ചിരുന്നു. വരന്റെ തടിയായിരുന്നു പലര്‍ക്കും പ്രശ്‌നം. വലിയ രീതിയിലുള്ള ബോഡി ഷെയ്മിങ്ങിനാണ് രവീന്ദ്രര്‍ നേരിടേണ്ടി വന്നത്‌.

2022ലായിരുന്നു ഇരുവരും വിവാഹിതരായത്. വിവാഹ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ പലരും കമന്റുകളുമായി രംഗത്തെത്തി.

എന്നാല്‍ ഹേറ്റ് കമന്റുകള്‍ക്ക് ചെവി കൊടുക്കാതെ തങ്ങളുടെ പ്രണയ കാലം ആസ്വദിച്ച് മുന്നോട്ട് പോവുകയാണ് രവീന്ദ്രറും പങ്കാളി മഹാലക്ഷ്മിയും. വിവാഹ സമയത്ത് ചില ട്രോളുകളൊക്കെ പ്രതീക്ഷിച്ചിരുന്നെങ്കിലും ആളുകള്‍ ഇത്രത്തോളം വലിയ വിഷയമാക്കി എടുക്കുമെന്ന് കരുതിയില്ലെന്ന് പറയുകയാണ് ദമ്പതികളിപ്പോള്‍. വനിത മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് ഇരുവരും മനസുതുറന്നത്.

മെലിഞ്ഞിട്ടായാലും തടിച്ചിട്ടാണെങ്കിലും ആളുകള്‍ക്ക് കളിയാക്കാനുള്ള ടൂളാണ് തടിയെന്നാണ് രവീന്ദ്രര്‍ പറഞ്ഞത്. വിവാഹ സമയത്ത് സോഷ്യല്‍ മീഡിയ വഴി വലിയ ബോഡി ഷെയ്മിങ് നേരിടേണ്ടി വന്നെന്നും തന്റെ വാര്‍ത്ത വിദേശ മാധ്യമങ്ങളിലടക്കം ചര്‍ച്ചയായെന്നും അദ്ദേഹം പറഞ്ഞു.

തടി കൂടുതലാണെന്ന് ആദ്യമൊക്കെ തോന്നിയിരുന്നെന്നും തടി കുറക്കാനായി ജിമ്മില്‍ പോയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പിന്നീട് അത്തരം ചിന്തകളൊക്കെ മാറിയെന്നും ഇപ്പോള്‍ ആരോഗ്യവാനായിരിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും രവീന്ദ്രര്‍ പറഞ്ഞു.

‘വിവാഹ ഫോട്ടോ പോസ്റ്റ് ചെയ്ത സമയത്ത് ചിലര്‍ക്ക് എന്റെ തടി തമാശയായി തോന്നുമെന്നേ ഞാന്‍ കരുതിയുള്ളൂ. അത് ഇത്ര വലിയ പ്രശ്‌നമാകുമെന്ന് ഞാന്‍ കരുതിയില്ല. മെലിഞ്ഞിട്ടായാലും തടിച്ചിട്ടായാലും ചിലര്‍ക്ക് പരിഹസിക്കാനുള്ള ടൂളാണ് തടി. ആദ്യമൊക്കെ അതുകേട്ട് വിഷമം തോന്നിയിരുന്നു. ജിമ്മില്‍ പോകാനൊക്കെ തുടങ്ങി.

പിന്നീടാണ് അതിന്റെ വിഡ്ഢിത്തം എനിക്ക് മനസിലായത്. എനിക്ക് 38 വയസായി. ഞാന്‍ ആരോഗ്യവാനാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. വണ്ണമല്ല ആരോഗ്യമാണ് പ്രധാനം. ഞാന്‍ ഹെല്‍ത്തിയാണ്, തടിയനുമാണ്. ഞാനതില്‍ ഹാപ്പിയാണ്.

സത്യത്തില്‍ എന്റെ വിവാഹ വാര്‍ത്ത ലോകം മുഴുവന്‍ വാര്‍ത്തയായതില്‍ അത്ഭുതമാണെനിക്ക് തോന്നിയത്.

ഈയടുത്ത് അംബാനിയുടെ മകന്‍ ആനന്ദ് അംബാനി വിവാഹം കഴിച്ചപ്പോള്‍ മീഡിയകള്‍ വരെ വാര്‍ത്ത കൊടുത്തത് ‘നോര്‍ത്ത് ഇന്ത്യയിലെ രവീന്ദറും മഹാലക്ഷ്മിയുമെന്നാണ്’. 2022ല്‍ നടന്ന പത്ത് അത്ഭുത സംഭവങ്ങളില്‍ ഒന്ന് ഞങ്ങളുടെ കല്യാണമാണെന്നാണ് ഒരു ചാനല്‍ വാര്‍ത്ത കൊടുത്തത്. ഇതൊക്കെയാണ് ഞങ്ങളുടെ സന്തോഷം. പരിഹാസങ്ങളെയും കളിയാക്കലുകളെയും ഇപ്പോള്‍ കാര്യമാക്കാറില്ല,’ രവീന്ദ്രര്‍ പറഞ്ഞു.

Content Highlight: Producer raveendar react on marriage trolls