അഞ്ച് വര്‍ഷത്തെ ഇടവേളക്ക് ശേഷം മലയാളത്തിലേക്ക് ഭാവന തിരിച്ച് വരവ് നടത്തുന്ന സിനിമയാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്നു. ഭാവനയും ഷറഫുദ്ദീനും പ്രധാന കഥാപാത്രത്തിലെത്തുന്ന സിനിമ നിര്‍മിച്ചത് രാജേഷ് കൃഷ്ണയാണ്. എന്തുകൊണ്ടാണ് താന്‍ സിനിമ നിര്‍മിക്കാന്‍ തയാറായതെന്ന് പറയുകയാണ് അദ്ദേഹം.
ഭാവനയുടെ സിനിമയായത് കൊണ്ട് മാത്രമാണ് താന്‍ സിനിമ നിര്‍മിക്കാന്‍ തയാറായതെന്നും സിനിമയുടെ രാഷ്ട്രീയമാണ് തന്നെ സിനിമയിലേക്ക് അടുപ്പിച്ചതെന്നും രാജേഷ് കൃഷ്ണ പറഞ്ഞു. ഷൂട്ട് തുടങ്ങുന്നതിന് രണ്ട് ദിവസം മുമ്പാണ് താന്‍ സിനിമയുടെ ഭാഗമാകുന്നതെന്നും സാധാരണക്കാരായ ആളുകളാണ് ഭാവനയുടെ തിരിച്ചുവരവിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഭാവന എന്ന ഒറ്റ കാരണത്താലാണ് ഞാന്‍ ഈ സിനിമ നിര്‍മിക്കാന്‍ തീരുമാനിച്ചത്. സിനിമയുടെ സ്‌ക്രിപ്‌റ്റോ എന്തിന് ഒരു ലൈന്‍ പോലും കേള്‍ക്കാതെയാണ് ഞാന്‍ ഈ സിനിമയിലേക്ക് വരുന്നത്. ഇതിന്റെ ഒരു രാഷ്ട്രീയവുമായി മുമ്പോട്ട് പോകണം എന്നതിന്റെ അടിസ്ഥാനത്തില്‍ ആണ് ഞാന്‍ ഈ സിനിമയുമായി കൂടി ചേര്‍ന്നത്.
ഇതിനു മുമ്പ് തന്നെ എന്റെ പാര്‍ട്ണര്‍ റെനീഷ്, കൂടാതെ ഭാവനയുടെ കോ ഓര്‍ഡിനേറ്റര്‍ ഷെനി ഒക്കെ വളരെ നിര്‍ബന്ധിച്ചാണ് ഭാവനയെ ഇതിലേക്ക് കൊണ്ടുവരുന്നത്. സിനിമ തുടങ്ങുന്നതിന് രണ്ട് ദിവസം മുമ്പേയാണ് റെനീഷ് എന്നെ വിളിച്ചിട്ട് ഈ സിനിമയുടെ ഭാഗമാകാന്‍ താല്‍പര്യമുണ്ടോ എന്ന് ചോദിക്കുന്നത്.
രേഖപ്പെടുത്തപ്പെടുന്നു എന്ന് തോന്നുന്ന വളരെ ചെറിയ കാര്യങ്ങള്‍ മാത്രമാണ് നമ്മള്‍ ജീവിതത്തില്‍ ചെയ്യുന്നത് എന്നാണ് എന്റെ വിശ്വാസം. ഈ ചിത്രത്തിന്റെ രാഷ്ട്രീയം ആണ് എന്നെ ഇതിലേക്ക് എത്തിച്ചത്. ഞാന്‍ ഈ ചിത്രം നിര്‍മ്മിക്കുന്നു. ആ ചിത്രത്തിലെ ഓരോ ആളുകളും ഭാവനയെ കംഫര്‍ട്ടബിളാക്കി അവസാന നിമിഷം വരെ എത്തിക്കുകയും ചെയ്തിട്ടുണ്ട്.
ഇതൊക്കെ കഴിഞ്ഞിട്ട് ഭാവനയെ പിന്തുണക്കാന്‍ എത്തുന്ന സാധാരണക്കാരായ ആളുകള്‍ ഓരോരുത്തരും ആണ് ഭാവനയുടെ തിരിച്ചു വരവിന് കാരണക്കാര്‍ എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം,’ രാജേഷ് കൃഷ്ണ പറഞ്ഞു.
content highlight: producer rajesh krishna about bhavana