| Wednesday, 10th July 2024, 4:12 pm

ആംസ്‌ട്രോങ്ങിനെ സോഷ്യല്‍ മീഡിയ റൗഡിയാക്കി, സര്‍ക്കാരും വിവേചനം കാട്ടി; ബി.എസ്.പി നേതാവിന്റെ കൊലപാതകത്തില്‍ പാ രഞ്ജിത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ബി.എസ്.പി തമിഴ്‌നാട് അധ്യക്ഷന്‍ കെ. ആംസ്ട്രോങ്ങിന്റെ കൊലപാതകത്തില്‍ സര്‍ക്കാരിനെതിരെ നിര്‍മാതാവ് പാ രഞ്ജിത്ത്. കൊലപാതകത്തില്‍ ഡി.എം.കെ സ്വീകരിച്ച നിലപാടുകളെ വിമര്‍ശിച്ചാണ് പാ രഞ്ജിത്ത് രംഗത്തെത്തിയത്.

കെ. ആംസ്‌ട്രോങ്

ആംസ്ട്രോങ്ങിന്റെ സംസ്‌കാരം അദ്ദേഹത്തിന്റെ വസതിയിലും ഓഫീസിലും നടത്താന്‍ അനുമതി നല്‍കാത്തതിനെയും രഞ്ജിത്ത് വിമര്‍ശിച്ചു. ദളിതരുടെ പ്രശ്‌നങ്ങളില്‍ നിങ്ങള്‍ക്ക് ശരിക്കും താത്പര്യമുണ്ടോ എന്നാണ് സര്‍ക്കാരിനോട് രഞ്ജിത്ത് ചോദിച്ചത്. ഡി.എം.ഡി.കെ നേതാവ് വിജയകാന്തിനെ കോയമ്പേടിലെ അദ്ദേഹത്തിന്റെ പാര്‍ട്ടി ഓഫീസില്‍ സംസ്‌കരിക്കാന്‍ അനുമതി നല്‍കിയത് ചൂണ്ടിക്കാട്ടിയായിരുന്നു രഞ്ജിത്തിന്റെ വിമര്‍ശനം.

ബി.എസ്.പിയുടെ സംസ്ഥാന ഓഫീസ് ചെന്നൈയിലെ ജനവാസ മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് പാര്‍ട്ടി ഓഫീസില്‍ ആംസ്ട്രോങ്ങിന്റെ സംസ്‌കാരം നടത്താനുള്ള അനുമതി നിഷേധിച്ചത്. മദ്രാസ് ഹൈക്കോടതിയുടേതായിരുന്നു ഉത്തരവ്. തിരുവള്ളൂരിലെ വില്ലിവാക്കം പഞ്ചായത്തിലെ സ്വകാര്യ ഭൂമിയില്‍ സംസ്‌കാരം നടത്താന്‍ കോടതി നിര്‍ദേശിക്കുകയും ചെയ്തിരുന്നു.

ഹൈക്കോടതിയുടെ ഉത്തരവിനെതിരെ എന്തുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയില്ല എന്നാണ് പാ രഞ്ജിത്ത് ഉയര്‍ത്തുന്ന പ്രധാന ചോദ്യം. അംബേദ്കറൈറ്റ് പ്രസ്ഥാനവുമായി രാഷ്ട്രീയ ബന്ധമുള്ളവരാണ് രഞ്ജിത്തും ആംസ്‌ട്രോങ്ങും. നീലമെന്ന രഞ്ജിത്ത് നേതൃത്വം നല്‍കുന്ന ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന പരിപാടികളിലെ പ്രധാന മുഖമായിരുന്നു ആംസ്‌ട്രോങ്.

സോഷ്യല്‍ മീഡിയയില്‍ ആംസ്ട്രോങിനെതിരെ ഉയരുന്ന ആരോപണങ്ങളിലും പാ രഞ്ജിത്ത് പ്രതികരിക്കുകയുണ്ടായി. ആംസ്ട്രോങ്ങിനെ റൗഡിയായി മുദ്രകുത്താനാണ് സോഷ്യല്‍ മീഡിയ ശ്രമിക്കുന്നത്. ദലിതരുടെ ആത്മാഭിമാനത്തിന് വേണ്ടി സമരം ചെയ്ത ഒരാളെയാണ് നിങ്ങള്‍ റൗഡിയെന്ന് വിളിക്കുന്നത്. ആംസ്റ്റര്‍ജിനെതിരെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ അതില്‍ സമാധാനം കണ്ടോളൂ എന്നാണ് പാ രഞ്ജിത്ത് പ്രതികരിച്ചത്.

ശനിയാഴ്ചയാണ് ബൈക്കിലെത്തിയ ആറംഗ സംഘം കെ. ആംസ്‌ട്രോങിനെ കൊലപ്പെടുത്തിയത്. സംഭവുമായി ബന്ധപ്പെട്ട എട്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികള്‍ക്ക് സഹായം ചെയ്ത് നല്‍കിയവരും ഇതില്‍ ഉള്‍പ്പെടുന്നു. ഫുഡ് ഡെലിവറി ബോയ്സിന്റെ വേഷത്തിലെത്തിയാണ് ആംസ്‌ട്രോങിനെ പ്രതികള്‍ ആക്രമിച്ചത്.

Content Highlight: Producer Pa Ranjith against the government in BSP Tamil Nadu President K. Armstrong’s murder

We use cookies to give you the best possible experience. Learn more