ബി.ജെ.പിയാണ് ഐഷ സുല്‍ത്താനക്ക് ലക്ഷദ്വീപില്‍ സിനിമ ഷൂട്ടിന് വേണ്ട എല്ലാ സഹായങ്ങളും ചെയ്ത് നല്‍കിയതെന്ന് ഫ്‌ളഷ് സിനിമയുടെ നിര്‍മാതാവ് ബീന കാസിമും ബി.ജെ.പി ലക്ഷദ്വീപ് ഘടകം മീഡിയ കണ്‍വീനര്‍ അഡ്വ.ആറ്റബിയും. കൊച്ചിയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും. ഐഷ സുല്‍ത്താനക്ക് ഗൂഢലക്ഷ്യങ്ങളുണ്ടെന്നും രഹസ്യ അജണ്ടയുള്ളതായി സംശയിക്കുന്നതായും ഇരുവരും പറഞ്ഞു.
‘ഫ്‌ളഷ് സിനിമയുടെ ഷൂട്ടിന് വേണ്ടി അഞ്ച് ദിവസത്തേക്ക് അനുമതി എടുത്തിരുന്നു. കൊവിഡ് വ്യാപനം രൂക്ഷമായിരുന്ന കാലമായിരുന്നു അത്. ലോക്ഡൗണും തുടങ്ങിയിരുന്നു. ഫെബ്രുവരി അവസാനത്തിലാണ് ടീം ലക്ഷദ്വീപിലെത്തുന്നത്. മാര്‍ച്ചിലായിരുന്നു ഷൂട്ട്. ആ സമയത്ത് മറ്റു ദ്വീപുകളിലേക്ക് പോകാന്‍ കഴിയില്ലായിരുന്നു. അഗത്തിയില്‍ തന്നെ ഷൂട്ടിങ് ഒതുക്കണമെന്ന് അപ്പോഴാണ് തീരുമാനിച്ചത്.
എക്‌സപെന്‍സ് ഓരോ ദിവസം കൂടുന്തോറും കൂടി വരികയായിരുന്നു. ഒരു പാട്ട് സീനെടുക്കാന്‍ വേണ്ടി നിരവധി ബോട്ടുകള്‍ കടലില്‍ കെട്ടിയിരുന്നു. ഒരു ബോട്ടിന് ആറായിരം രൂപയായിരുന്നു വാടക. അഞ്ച് ദിവസം കഴിഞ്ഞിട്ടും പാട്ട് സീന്‍ ഷൂട്ട് ചെയ്യാതായപ്പോഴാണ് എന്താണ് തീരുമാനമെന്ന് ഞങ്ങള്‍ ചോദിച്ചത്. അതിന്റെ പേരിലാണ് അവര്‍ പറഞ്ഞതുപോലൊരു പ്രശ്‌നം അവിടെ വെച്ചുണ്ടാകുന്നത്. അങ്ങനെയെങ്കില്‍ ആ സീന്‍ ഒഴിവാക്കി ബാക്കി ചെയ്യാമെന്ന് അവര്‍ പറഞ്ഞിരുന്നു. അപ്പോഴേക്കും അഞ്ച് ദിവസം ബോട്ടുകള്‍ക്ക് വാടക കൊടുക്കേണ്ടി വന്നിട്ടുണ്ട്. ഇതാണ് പ്രശ്‌നമുണ്ടാകുന്ന കാരണം.
പ്രൊഡ്യൂസര്‍ എന്ന നിലയില്‍ പ്ലാന്‍ ചെയ്തതിനേക്കാളേറെ ചിലവ് വരുന്നത് കണ്ടപ്പോള്‍ ചോദ്യം ചെയ്യുകയാണുണ്ടായത്. അത് സ്വാഭാവികവുമാണ്. അവര്‍ക്ക് വേറെ ഒരു ബുദ്ധിമുട്ടും അവിടെയുണ്ടായിട്ടില്ല. 144 പ്രഖ്യാപിച്ച സമയമായിരുന്നിട്ട് പോലും അവിടെ സിനിമ ഷൂട്ട് ചെയ്യുന്നതിന് വേണ്ടിയുള്ള എല്ലാ സഹായവും ബി.ജെ.പിയാണ് ചെയ്ത് കൊടുത്തിട്ടുള്ളത്. ഭരിക്കുന്ന പാര്‍ട്ടിയുടെ പേരില്‍ ആവശ്യപ്പെട്ടത് കൊണ്ടാണ് അന്നത്തെ കളക്ടര്‍ അഷ്‌കര്‍ അലി ഇതിന് സമ്മതം തരുന്നത്. അതു കൊണ്ട് കൂടിയാണ് ലക്ഷദ്വീപ് ഭരണകൂടം അന്ന് സിനിമ ഷൂട്ട് ചെയ്യാന്‍ അനുമതി നല്‍കുന്നത്.
ആ സമയത്ത് ഐഷ സുല്‍ത്താന ഇന്നത്തെ പോലെ ആയിരുന്നില്ല. അവരെ ആരും അറിയുമായിരുന്നില്ല. അവര്‍ ഒരു സിനിമയും അന്ന് സംവിധാനം ചെയ്തിട്ടില്ല. അക്കാലത്തൊന്നും അവര്‍ ബി.ജെ.പിയെ എതിര്‍ത്തിരുന്നില്ല. ലക്ഷദ്വീപിലെ ഒരു കുട്ടി എന്ന നിലയിലാണ് അവര്‍ക്ക് പിന്തുണ നല്‍കിയത്. ഇത്രയൊക്കെ സഹായം ചെയ്ത് നല്‍കിയിട്ടും അവര്‍ പാര്‍ട്ടിക്കെതിരെ സംസാരിച്ചു എന്നതില്‍ പാര്‍ട്ടിക്ക് വിഷമമുണ്ട്. അവരുടെ പിന്നില്‍ എന്തോ രഹസ്യ അജണ്ടയുണ്ട്. എന്തെങ്കിലും നിഗൂഢതകളുള്ളതായി സംശയിക്കുന്നു’, ബീന കാസിമും അഡ്വ.ആറ്റബിയും പറഞ്ഞു.
content highlight: Producer of Flush movie against Aisha Sultana