കൊച്ചി: ദിലീപിനെ നായകനാക്കി ഒരുങ്ങുന്ന പ്രൊഫസര്‍ ഡിങ്കന്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി പ്രവാസി വ്യവസായി റാഫേല്‍.പി തോമസ്.
ചിത്രത്തിന്റെ പേരില്‍ അഞ്ച് കോടി രൂപ തന്നെ നിര്‍മ്മാതാവ് സനല്‍ തോട്ടം പറ്റിച്ചെന്നാണ് റാഫേല്‍ പി തോമസിന്റെ പരാതി. കാശ് തട്ടിയെടുത്ത ശേഷം തനിക്കെതിരെ വധഭീഷണി മുഴക്കുകയാണ് എന്നും റാഫേല്‍ പരാതിയില്‍ പറയുന്നു.
പാതി പൂര്‍ത്തിയായ ചിത്രത്തിന്റെ ഭാഗങ്ങള്‍ കാണിച്ച് സനല്‍ തോട്ടം പലരില്‍ നിന്നുമായി കാശ് തട്ടുകയാണെന്ന് റാഫേല്‍ ആരോപിച്ചു. നിലവിലെ കരാര്‍ പ്രകാരം സിനിമയുടെ പൂര്‍ണമായ അവകാശം തനിക്കാണ്, എന്നാല്‍ അത് അനുവദിച്ചു തരാന്‍ സനല്‍ തയ്യാറാവുന്നില്ല.
കുടുംബത്തോടൊപ്പം തീ കൊളുത്തി മരിക്കുമെന്നും താന്‍ നാട്ടില്‍ എത്തിയാല്‍ ഗുണ്ടകളെ വിട്ട് കൊലപ്പെടുത്തുമെന്നും ഫോണിലൂടെ ഭീഷണിപ്പെടുത്തുകയാണ്. ഇതിനെതിരെ വേണ്ട നടപടികള്‍ സ്വീകരിക്കണം എന്നാണ് മുഖ്യമന്ത്രിക്ക് റാഫേല്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.
പ്രശസ്ത ഛായാഗ്രാഹകന്‍ രാമചന്ദ്ര ബാബുവായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. ചിത്രത്തിന്റെ ഷൂട്ടിംഗ് ഷെഡ്യൂളുകള്‍ പല തവണകളായി നീളുകയും ഷൂട്ടിംഗ് മുടങ്ങുകയും ചെയ്തിരുന്നു.
ഇതിനിടെയാണ് സംവിധായകന്‍ രാമചന്ദ്രബാബു മരണപ്പെട്ടത്. ഇതോടെ ചിത്രം അനിശ്ചിതത്തിലാവുകയായിരുന്നു. പൂര്‍ണമായും 3ഡിയില്‍ ഒരുക്കുന്ന ചിത്രമായിരുന്നു പ്രൊഫസര്‍ ഡിങ്കന്‍.
നമിത പ്രമോദ് ആണ് ചിത്രത്തിലെ നായിക. സംവിധായകന്‍ റാഫിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. ഒരു മാജിക്കുകാരന്റെ വേഷമാണ് ദിലീപ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഒരു ദിവസം മാജിക്കിനിടെ നടക്കുന്ന അപകടത്തെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ.
അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമൂട് ശ്രിന്ദ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക