അഞ്ച് ദിവസത്തോളം ആശുപത്രിയില്‍ കിടക്കണമെന്നതൊഴിച്ചാല്‍ മറ്റൊരു ഗുരുതരാവസ്ഥയും ഇല്ല; വിഷ്ണു ഉണ്ണികൃഷ്ണന് പൊള്ളലേറ്റ സംഭവത്തില്‍ നിര്‍മാതാവ്
Movie Day
അഞ്ച് ദിവസത്തോളം ആശുപത്രിയില്‍ കിടക്കണമെന്നതൊഴിച്ചാല്‍ മറ്റൊരു ഗുരുതരാവസ്ഥയും ഇല്ല; വിഷ്ണു ഉണ്ണികൃഷ്ണന് പൊള്ളലേറ്റ സംഭവത്തില്‍ നിര്‍മാതാവ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 2nd June 2022, 11:08 am

കൊച്ചി: സിനിമാ ചിത്രീകരണത്തിനിടെ നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന് പൊള്ളലേറ്റ സംഭവത്തില്‍ പുതിയ വിവരങ്ങളുമായി ചിത്രത്തിന്റെ നിര്‍മാതാവ് എന്‍.എ ബാദുഷ.

സാരമല്ലാത്ത പൊള്ളലായതിനാല്‍ മുറിവ് ഉണങ്ങുന്നതിന് വേണ്ടി അഞ്ച് ദിവസത്തോളമെങ്കിലും ആശുപത്രിയില്‍ കിടക്കണമെന്നത് ഒഴിച്ചാല്‍ മറ്റൊരു ഗുരുതരാവസ്ഥയും വിഷ്ണു ഉണ്ണികൃഷ്ണന്റെ കാര്യത്തില്‍ ഇല്ലെന്നും അഞ്ച് ദിവസത്തിന് ശേഷം വിഷ്ണു എത്തിയാല്‍ വീണ്ടും പഴയ ഉഷാറോടെ ‘വെടിക്കെട്ട്’ ആരംഭിക്കുമെന്നുമാണ് ബാദുഷ ഫേസ്ബുക്കില്‍ എഴുതിയത്.

‘ബാദുഷാ സിനിമാസിന്റെയും പെന്‍ ആന്‍ഡ് പേപ്പറിന്റെയും ബാനറില്‍ ഞാനും, സുഹൃത്ത് ഷിനോയ് മാത്യൂവും ചേര്‍ന്ന് നിര്‍മ്മിച്ച് ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘വെടിക്കെട്ട്’ന്റെ വൈപ്പിനിലെ ലൊക്കേഷനില്‍ ചിത്രീകരണത്തിനിടയില്‍ കഴിഞ്ഞ ദിവസം വിഷ്ണുവിന്റെ കയ്യിലേക്ക് വിളക്കിലെ എണ്ണ വീണ് പൊള്ളല്‍ ഏറ്റിരുന്നു.

തുടര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയില്‍ കൊണ്ടു പോകുകയും വേണ്ട ശുശ്രൂഷകള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. സാരമല്ലാത്ത പൊള്ളലായതിനാല്‍ മുറിവ് ഉണങ്ങുന്നതിന് വേണ്ടി അഞ്ച് ദിവസത്തോളമെങ്കിലും ആശുപത്രിയില്‍ കിടക്കണമെന്നത് ഒഴിച്ചാല്‍ മറ്റൊരു ഗുരുതരാവസ്ഥയും നിലവില്‍ ഇല്ല.

അഞ്ച് ദിവസത്തിന് ശേഷം വിഷ്ണു എത്തിയാല്‍ നമ്മള്‍ വീണ്ടും പഴയ ഉഷാറോടെ ‘വെടിക്കെട്ട്’ ആരംഭിക്കും. പ്രാര്‍ത്ഥനക്കും, സ്‌നേഹത്തിനും, കരുതലിനും ഏവര്‍ക്കും നന്ദി,’ ബാദുഷ ഫേസ്ബുക്കില്‍ കുറിച്ചു.

ഇന്നലെ രാത്രി ഏഴു മണിയോടെയായിരുന്നു അപകടമുണ്ടായത്. വള്ളത്തില്‍ നിന്ന് കത്തുന്ന വിളക്കുമായി കരയിലേക്ക് കയറുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു സംഭവം.

ഇതിന് പിന്നാലെ വിഷ്ണുവിന്റെ നില ഗുരുതരമാണെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് വിഷയത്തില്‍ വിശദീകരണവുമായി നിര്‍മാതാവ് എത്തിയത്.

വൈപ്പിനിലായിരുന്നു സിനിമ ചിത്രീകരണം നടന്നത്. വള്ളത്തില്‍നിന്നു വന്ന് കത്തുന്ന വിളക്കുമായി കരയിലേക്കു കയറുന്ന രംഗം ചിത്രീകരിക്കുകയായിരുന്നു. വൈകിട്ട് 5 മുതല്‍ ഷൂട്ടിങ്ങിനായി കത്തിച്ചിരുന്ന വിളക്കിന്റെ ചൂടേറിയ എണ്ണ വിഷ്ണുവിന്റെ കൈയിലേക്ക് വീഴുകയും തീ പടരുകയുമായിരുന്നു. രണ്ടു കൈയ്ക്കും പൊള്ളലേറ്റതിനെ തുടര്‍ന്ന് വൈപ്പിനില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്നാണു കൊച്ചിയിലേക്ക് എത്തിച്ചത്.

വിഷ്ണു ഉണ്ണിക്കൃഷ്ണനും ബിബിന്‍ ജോര്‍ജും ചേര്‍ന്നു സംവിധാനം ചെയ്യുന്ന ചിത്രമാണ് വെടിക്കെട്ട്. അപകടത്തെത്തുടര്‍ന്ന് ഒരാഴ്ചത്തേക്കു സിനിമയുടെ ഷൂട്ടിങ് നിര്‍ത്തിവച്ചു. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, ഒരു യമണ്ടന്‍ പ്രേമകഥ എന്നീ വിജയ ചിത്രങ്ങള്‍ക്കുശേഷം വിഷ്ണുവും ബിബിനും ഒന്നിക്കുന്ന ചിത്രമാണ് വെടിക്കെട്ട്.

Content Highlight: Producer N.A  Badusha post about Actor Vishnu Unnikrishnan Accident