മമ്മൂട്ടിയുടെ പേരില്‍ നടക്കുന്ന തട്ടിപ്പിനെതിരെ നിയമ നടപടി; മുന്നറിയിപ്പുമായി ബാദുഷ
Film News
മമ്മൂട്ടിയുടെ പേരില്‍ നടക്കുന്ന തട്ടിപ്പിനെതിരെ നിയമ നടപടി; മുന്നറിയിപ്പുമായി ബാദുഷ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 14th June 2022, 1:47 pm

മമ്മൂട്ടിയുടെയും ലാല്‍ മീഡിയയുടെയും പേരില്‍ തട്ടിപ്പ് നടക്കുന്നതായി നിര്‍മാതാവ് എന്‍.എം. ബാദുഷ. ദോഹ – ഖത്തര്‍ കേന്ദ്രീകരിച്ച് കൊണ്ട് ഒരു വര്‍ഷത്തോളമായി മമ്മൂക്കയുടെയും ലാല്‍ മീഡിയ ലാല്‍, ലാല്‍ ജൂനിയര്‍ എന്നിവരുടെ പേരിലും ഒഡീഷന്‍, വര്‍ക്ക്‌ഷോപ്പുകള്‍, പ്രൊഡ്യൂസര്‍ ക്യാന്‍വാസിങ് എന്ന രീതിയിലുള്ള തട്ടിപ്പ് പരിപാടികള്‍ നടക്കുന്നതായി അറിഞ്ഞുവെന്നും എന്നാല്‍ അത്തരത്തിലുള്ള ഒരു പ്രൊജക്ടും നിലവില്‍ ഇല്ലെന്നും ബാദുഷ പറഞ്ഞു.

ഈ തട്ടിപ്പിനെതിരെ കഴിഞ്ഞ ദിവസം ലാല്‍ മീഡിയ നിയമനടപടികളുമായി മുന്നോട്ട് പോകുകയാണെന്നും, ഇതിന്റെ പേരില്‍ നടന്ന പണമിടപാടുകളില്‍ അവര്‍ക്ക് യാതൊരു ഉത്തരവാദിത്തവും ഇല്ല എന്നും സോഷ്യല്‍ മീഡിയ വഴി അറിയിച്ചിരുന്നു. ആയതിനാല്‍ ഇത്തരത്തിലുള്ള ഒരു തട്ടിപ്പില്‍ ആരും പോയി വീഴാതിരിക്കുകയെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ബാദുഷ അറിയിച്ചു.

റൊഷാക്കാണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന മമ്മൂട്ടിയുടെ ചിത്രം. കെട്ട്യോളാണ് എന്റെ മാലാഖ സംവിധാനം ചെയ്ത നിസാം ബഷീറാണ് റോഷാക്ക് എന്ന സിനിമ സംവിധാനം ചെയ്യുന്നത്. അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബിലീസ് തുടങ്ങിയ ചിത്രങ്ങളുടെ രചന നിര്‍വഹിച്ച സമീര്‍ അബ്ദുള്‍ ആണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. കൊച്ചിയിലും പരിസരങ്ങളിലുമായിട്ടായിരുന്നു റോഷാക്കിന്റെ ഷൂട്ടിങ്. ഗ്രേസ് ആന്റണി, ഷറഫുദ്ദീന്‍, ജഗദീഷ്, കോട്ടയം നസീര്‍, ബിന്ദു പണിക്കര്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിലൊരുങ്ങുന്ന നന്‍ പകല്‍ നേരത്ത് മയക്കമാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്ന മറ്റൊരു ചിത്രം. ഷൂട്ടിങ് പൂര്‍ത്തിയാക്കിയെങ്കിലും റിലീസ് ഡേറ്റ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

അതേസമയം ഷെയ്ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ, പ്രിയദര്‍ശന്‍ എന്നിവര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രം കഴിഞ്ഞ ദിവസം ബാദുഷ പങ്കുവെച്ചിരുന്നു. പ്രിയദര്‍ശന്റെ അടുത്ത സിനിമയിലേക്കുള്ള സൂചനയാണോ ഇതെന്ന സംശയം പ്രേക്ഷകര്‍ ഉന്നയിച്ചിരുന്നു.

Content Highligh: Producer MN Badusha says that there is a scam going on in the name of Mammootty and Lal Media