| Thursday, 2nd March 2023, 8:08 am

സിനിമയെ തകര്‍ക്കാന്‍ ഗൂഢസംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്; അവര്‍ക്കെതിരെ നിയമനടപടികള്‍ എടുക്കുന്നതിന് പരിമിതിയുണ്ട്: നിര്‍മാതാവ് മനോജ് ശ്രീകണ്ഠ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമയെ തകര്‍ക്കാന്‍ ഗൂഢ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഓ മൈ ഡാര്‍ലിങ് സിനിമയുടെ നിര്‍മാതാവ് മനോജ് ശ്രീകണ്ഠ. ഓരോ സിനിമാ ആസ്വാദകനും വ്യക്തിപരമായ താല്‍പര്യങ്ങളുണ്ടെന്നും എന്നാല്‍ അത് വെച്ച് സിനിമയെ തകര്‍ക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള ഇത്തരം വിമര്‍ശനങ്ങള്‍ക്ക് ദിവസങ്ങളുടെ ആയുസ് മാത്രമാണുള്ളത് അതിനുശേഷം ജനങ്ങള്‍ സിനിമയെ തിരിച്ചറിയുക തന്നെ ചെയ്യുമെന്നും മനോജ് പറഞ്ഞു.ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സിനിമയെ തകര്‍ക്കാന്‍ ഗൂഢസംഘം പ്രവര്‍ത്തിക്കുന്നുണ്ട് എന്നുതന്നെ വിശ്വസിക്കുന്നു. ഓരോ സിനിമാ ആസ്വാദകനും വ്യക്തിപരമായ താത്പര്യങ്ങളുണ്ട്. എന്നാല്‍ അതുവെച്ച് ഒരു സിനിമയെയും തകര്‍ക്കാനാവില്ല. സാമൂഹിക മാധ്യമങ്ങളിലെ വിമര്‍ശനങ്ങള്‍കൊണ്ടും നല്ല സിനിമകളെ നശിപ്പിക്കാനാകില്ല.

ഇത്തരം വിമര്‍ശനങ്ങള്‍ക്ക് ദിവസങ്ങളുടെ ആയുസ് മാത്രമേയുള്ളൂ. അതിനുശേഷം നല്ല സിനിമകളെ ജനങ്ങള്‍ തിരിച്ചറിയും. ഈ വര്‍ഷം പുറത്തിറങ്ങാനിരിക്കുന്നത് 250ലേറെ സിനിമകളാണ്. ഈ സാഹചര്യത്തില്‍ നെഗറ്റീവ് നിരൂപണമെഴുതി വരുമാനമുണ്ടാക്കുന്നതിനെതിരേ നിയമനടപടി സ്വീകരിക്കുന്നതിന് പരിമിതികളുണ്ട്,’ മനോജ് പറഞ്ഞു.

സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള നിരൂപണങ്ങള്‍ ചിത്രത്തിന്റെ പ്രമേയത്തില്‍ വരെ തെറ്റിദ്ധാരണ സൃഷ്ടിച്ചുവെന്നും ചിത്രം കാണാതെയാണ് പലരും വിമര്‍ശിക്കുന്നതന്നെും പത്ര സമ്മേളനത്തില്‍ നടി മഞ്ജു പിള്ള പറഞ്ഞു.

ആല്‍ഫ്രഡ്.ഡി.സാമുവല്‍ സംവിധാനം ചെയ്ത് ഫെബ്രുവരി 24ന് തിയേറ്ററുകളിലെത്തിയ സിനിമയാണ് ഓ മൈ ഡാര്‍ലിങ്. അനിഘ, മെല്‍വിന്‍, മഞ്ജു പിള്ള, മുകേഷ് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മാര്‍ച്ച് രണ്ടിനാണ് സിനിമ യു.എ.ഇ, ഒമാന്‍, ഖത്തര്‍ എന്നിവിടങ്ങളിലടക്കം 42 തിയേറ്ററുകളിലായി ഗള്‍ഫില്‍ പ്രദര്‍ശനത്തിനെത്തുന്നത്.

content highlight: producer manoj sreekanda about film review

We use cookies to give you the best possible experience. Learn more