| Monday, 1st February 2021, 10:52 pm

അച്ഛന്‍ വേഷത്തിലുള്ള, മുടിനരച്ച മമ്മൂട്ടി, ഭാഷയും കൂടിയായാല്‍ ബുദ്ധിമുട്ടാവുമെന്നാണ് പലരും ഉപദേശിച്ചത്. അമരത്തിന്റെ മുപ്പതാം വര്‍ഷത്തില്‍ ഓര്‍മ്മകളുമായി മഞ്ഞളാംകുഴി അലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് മമ്മൂട്ടി നായകനായി അഭിനയിച്ച അമരം. ഭരതന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. ലോഹിത ദാസ് ആയിരുന്നു.

ചിത്രത്തിന്റെ മുപ്പതാം വര്‍ഷത്തില്‍ ഓര്‍മ്മകള്‍ പങ്കുവെയ്ക്കുകയാണ് നിര്‍മ്മാതാവ് കൂടിയായ മഞ്ഞളാംകുഴി അലി.  മഞ്ഞളാകുഴി അലിയുടെ മാക് പ്രൊഡക്ഷന്‍സായിരുന്നു അമരം നിര്‍മ്മിച്ചത്.

ചിത്രം റിലീസ് ചെയ്യുന്നതിന് മുമ്പ് താന്‍ ഏറെ ആശങ്കയിലായിരുന്നെന്നും സിനിമയിലെ അന്നത്തെ ‘പ്രമുഖ’രില്‍ ചിലരെല്ലാം എന്നെ സ്വകാര്യമായി വിളിച്ച് ‘ഈ പടത്തിലെ സ്ലാങ് വലിയ പ്രശ്‌നമാവുമെന്ന്’ അഭിപ്രായപ്പെട്ടിരുന്നെന്നും മഞ്ഞളാംകുഴി അലി പറയുന്നു.

അച്ഛന്‍ വേഷത്തിലുള്ള, മുടിനരച്ച മമ്മൂട്ടി, പത്രാസില്ലാത്ത വേഷം, ഈ ഭാഷയും കൂടിയായാല്‍ ബുദ്ധിമുട്ടാവുമെന്നാണ് വിദഗ്ധരായ പലരും അന്ന് ഉപദേശിച്ചത്. നാട്ടിന്‍പുറത്തുള്ളവര്‍ ഇത് അംഗീകരിക്കാനിടയില്ലെന്നായിരുന്നു അവരുടെ അഭിപ്രായമെന്നും അലി പറയുന്നു.

പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച, സ്വപ്നതുല്യമായ സിനിമയായി ‘അമരം’ മാറിയെന്നും മഞ്ഞളാംകുഴി അലി ഫേസ്ബുക്കില്‍ കുറിച്ചു.

മഞ്ഞളാംകുഴി അലിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം,

‘കടാപ്പുറ’ത്തിന്റെ കഥ പറഞ്ഞ ഹിറ്റ് ചിത്രം ‘അമര’ത്തിന് ഇന്ന് 30 വയസ്സായി. തിരയിളക്കംപോലെ എന്നുമെപ്പോഴും മനസ്സിലേക്ക് ഓടിയെത്തുന്നതാണ് അന്നത്തെ ആ ‘അമര’ക്കാലം.

മമ്മൂട്ടി നായകനായ ചിത്രം റിലീസ് ആവുന്നതുവരെ കലികയറിയ കടല്‍പോലെത്തന്നെ പ്രക്ഷുബ്ധമായിരുന്നു ഞങ്ങളുടെയെല്ലാം ഉള്ളകം. വ്യക്തിപരമായി എനിക്ക് വലിയ വെല്ലുവിളികൂടിയായിരുന്നു ആ സിനിമ.

അതിന് തൊട്ടുമുമ്പ് മാക് പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച ധ്വനി കുഴപ്പമില്ലാതെ ഓടിയെങ്കിലും പുറപ്പാട്, ജാതകം തുടങ്ങിയ സിനിമകള്‍ മോശം കലക്ഷനാണ് ബാക്കിവെച്ചത്. ആളുകളെല്ലാം പരാജയപ്പെടുന്ന സിനിമാക്കാരനെന്ന നിലയില്‍ നോക്കിക്കാണുന്നുവെന്ന് തോന്നിത്തുടങ്ങിയ കാലം. സിനിമാ ജീവിതത്തില്‍ നിരാശയുടെ നിഴലാട്ടം കണ്ട നാളുകള്‍. അപ്പോഴാണ് അമരത്തില്‍ എത്തുന്നത്.

ഭരതേട്ടനായിരുന്നു സംവിധാനം. ലോഹിതദാസിന്റെ തിരക്കഥ. മമ്മൂട്ടിയെകൂടാതെ മുരളി, കെപിഎസി ലളിത, മാതു, അശോകന്‍, ചിത്ര തുടങ്ങിയ മുന്‍നിരതാരങ്ങള്‍. കഥ കേട്ടുകഴിഞ്ഞപ്പോള്‍ കടപ്പുറം ഭാഷയില്‍തന്നെ ചിത്രീകരിക്കണമെന്ന് മമ്മൂട്ടിയാണ് നിര്‍ബന്ധിച്ചത്. വലിയ പ്രതീക്ഷയോടെ, അതിലേറെ ആത്മവിശ്വാസത്തോടെ പടം പൂര്‍ത്തിയായി.

ചെന്നൈയില്‍ ഡബ്ബിങ് കഴിഞ്ഞു. ആദ്യ കോപ്പി പൂര്‍ത്തിയായപ്പോള്‍ സിനിമാ രംഗത്തും പുറത്തുമുള്ള കുറച്ചു സുഹൃത്തുക്കളെ സിനിമ കാണിച്ചു. സിനിമയിലെ അന്നത്തെ ‘പ്രമുഖ’രില്‍ ചിലരെല്ലാം എന്നെ സ്വകാര്യമായി വിളിച്ച് ‘ഈ പടത്തിലെ സ്ലാങ് വലിയ പ്രശ്‌നമാവുമെന്ന്’ അഭിപ്രായപ്പെട്ടു. അച്ഛന്‍ വേഷത്തിലുള്ള, മുടിനരച്ച മമ്മൂട്ടി, പത്രാസില്ലാത്ത വേഷം, ഈ ഭാഷയും കൂടിയായാല്‍ ബുദ്ധിമുട്ടാവുമെന്നാണ് വിദഗ്ധരായ പലരും അന്ന് ഉപദേശിച്ചത്. നാട്ടിന്‍പുറത്തുള്ളവര്‍ ഇത് അംഗീകരിക്കാനിടയില്ലെന്നായിരുന്നു അവരുടെ അഭിപ്രായം.

അന്നൊക്കെ സിനിമയുടെ ആദ്യഘട്ടംമുതല്‍ റിലീസ് വരെ പൂര്‍ണ്ണമായി സിനിമയോടൊപ്പം നില്‍ക്കുന്ന ശീലമുണ്ടായിരുന്നു. എല്ലാ പ്രതീക്ഷകളെയും നിഷ്പ്രഭമാക്കുന്ന അഭിപ്രായങ്ങള്‍ സുഹൃത്തുക്കളില്‍നിന്ന് കേട്ടതോടെ ആകെ തകര്‍ന്നു. ധനനഷ്ടവും മാനഹാനിയും വരുത്തിയ മുന്‍സിനിമകളുടെ ഓര്‍മ്മകളും വേട്ടയാടാന്‍ തുടങ്ങി.

ഒടുവില്‍ രണ്ടുംകല്‍പ്പിച്ച് ഫിലിംപെട്ടികള്‍ തിയറ്ററുകളിലേക്ക് അയച്ചു. തിരുവനന്തപുരത്തേക്കുള്ള പെട്ടി യഥാസമയം അയക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് ആ പെട്ടിയുമായി ഞാന്‍തന്നെ നേരിട്ട് പോയി. അന്ന് വിമാനത്തില്‍ മമ്മൂട്ടിയുമുണ്ടായിരുന്നു. യാത്രയ്ക്കിടെ ‘ഹല്ലാ…ഈ സ്ലാങ് പ്രശ്‌നമാവുമോ’ എന്ന് മമ്മൂട്ടി കൂടി ചോദിച്ചതോടെ അവസാന പ്രതീക്ഷയും അറ്റപോലെയായി. മാത്രമല്ല, മമ്മൂട്ടിയ്ക്കും അത്ര നല്ല സമയമായിരുന്നില്ല അത്. നാണക്കേടിന്റെ മറ്റൊരു സിനിമകൂടിയാവുമോ എന്ന ശങ്ക അടിമുടി അലട്ടി. രാവിലെ തിയറ്ററില്‍ എത്തി. വലിയ തള്ളലൊന്നുമില്ലാതെ തിയറ്റര്‍ മെല്ലെ നിറഞ്ഞു. 10 മണിയുടെ ഷോ ആയിരുന്നതുകൊണ്ട് ചെറുപ്പക്കാരായിരുന്നു കൂടുതല്‍.

ഷോ തുടങ്ങി അല്‍പ്പം കഴിഞ്ഞാണ് ഡയലോഗ്. കടലോരത്തെ ചെറ്റക്കുടിലില്‍ മമ്മൂട്ടിയുടെ കഥാപാത്രം ചോറുണ്ണുന്നതാണ് രംഗം. വലിയ ഉരുളയാക്കി ‘മുത്തെ, അച്ഛന് ഇച്ചിരി കൂട്ടാന്റെ ചാറിങ്ങെടുത്തെ’ എന്ന് കടപ്പുറത്തിന്റെ ശൈലിയില്‍ ആദ്യ ഡയലോഗ്.

നെഞ്ച് പെടപെടാ പിടയ്ക്കുന്ന നേരം. കടപ്പുറത്തിന്റെ തിരയിളക്കമുള്ള ഭാഷ നാട്ടുകാര്‍ സ്വീകരിക്കുമോ എന്ന ചിന്തയ്ക്ക് തീ പിടിച്ച നേരത്ത് അപ്രതീക്ഷിതമായി ആ മഹാല്‍ഭുതം സംഭവിച്ചു. ഡയലോഗ് കഴിഞ്ഞയുടനെ തിയറ്റര്‍ ഹര്‍ഷാരവങ്ങള്‍കൊണ്ട് നിറഞ്ഞു. പൂമാലകള്‍ തിയറ്ററിലൂടെ പറന്നു. സിനിമ വിജയിക്കാന്‍ പോകുന്നുവെന്ന് തിരിച്ചറിഞ്ഞ സെക്കന്റുകള്‍. തിയറ്ററിലെ ആവേശം എന്നിലേക്കും ഇരച്ചുകയറി. സെക്കന്റ് ക്ലാസ് സീറ്റുകള്‍ക്ക് പിറകില്‍ പൊലീസുകാര്‍ക്കിടയില്‍ നിന്നുകൊണ്ടായിരുന്നു ഞാന്‍ സിനിമ കണ്ടത്. ജനങ്ങളുടെ പ്രകടനം കണ്ട ഞാന്‍ സമീപത്തുണ്ടായിരുന്ന അപരിചിതരായ പൊലീസുകാരുടെ തോളില്‍ കയ്യിട്ട് ഉയരത്തില്‍ ചാടി. ആ സെക്കന്റുകളില്‍ അങ്ങനെ സംഭവിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. സന്തോഷം കൊണ്ട് തുള്ളിച്ചാടിയെന്നു പറയണം. പിന്നെ ആ പൊലിസുകാരോട് സോറി പറഞ്ഞു.

അതേ നിമിഷത്തില്‍ ജനം ആ സിനിമയുടെ വിധിയെഴുതി. ലോകോത്തര നിലവാരമുള്ള ഒന്നാന്തരം സിനിമ. മറ്റുഭാഷകളിലേക്ക് റീമേക്ക് ചെയ്യണമെന്ന് പലസമയങ്ങളില്‍ ആവശ്യമുണ്ടായിരുന്നു. എന്നാല്‍ കടലിലെ ചിത്രീകരണം, നമ്മുടെ കടപ്പുറത്തെ ആ ഭാഷയുടെ സൗന്ദര്യം എന്നിവകൊണ്ടാവാം മറ്റുഭാഷകളിലേക്ക് അത് മൊഴിമാറ്റപ്പെട്ടില്ല. എന്തുതന്നെയായാലും പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച, സ്വപ്നതുല്യമായ സിനിമയായി ‘അമരം’ മാറി. അന്ന് ഒപ്പമുണ്ടായിരുന്ന പലരും ഇന്ന് കൂടെയില്ല. മറക്കാനാവാത്ത അനുഭവങ്ങള്‍ നല്‍കിയാണ് ഓരോരുത്തരും വിട്ടുപോയത്. ആ സിനിമയ്ക്ക് 30 വയസ്സ് പൂര്‍ത്തിയാവുന്ന ഈ നേരവും ആ സ്‌നേഹബന്ധങ്ങളെല്ലാം തന്നെ ജീവിതത്തിന്റെ അമരത്തുണ്ട്. തിരയൊഴിയാത്ത തീരംപോലെത്തന്നെ.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Producer Manjalamkuzhi Ali shares his memories of the film in the thirtieth year of Mammootty’s hit movie Amaram

We use cookies to give you the best possible experience. Learn more