| Tuesday, 6th June 2023, 4:49 pm

അധോലോക മാഫിയ നടത്തിയ പാര്‍ട്ടിയില്‍ ആമിര്‍ ഖാന്‍ പോയില്ല, അദ്ദേഹത്തിന്റെ ജീവന്‍ തന്നെ അപകടത്തിലായി; നിര്‍മാതാവിന്റെ വെളിപ്പെടുത്തല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആമിര്‍ ഖാനെ പറ്റിയുള്ള നിര്‍മാതാവ് മഹാവീര്‍ ജെയ്‌നിന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. തന്റെ ആദര്‍ശങ്ങളോട് എന്നും ചേര്‍ന്നു നില്‍ക്കുന്ന വ്യക്തിയാണ് ആമിര്‍ ഖാനെന്നും എന്നാല്‍ അദ്ദേഹം ഒരുപാട് തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ടെന്നും മഹാവീര്‍ പറഞ്ഞു.

അധോലോക മാഫിയ സിനിമ ഇന്‍ഡസ്ട്രി ഭരിക്കുന്ന കാലത്ത് അവര്‍ നടത്തുന്ന പാര്‍ട്ടികളില്‍ ആമിര്‍ പങ്കെടുത്തിരുന്നില്ലെന്നും അതിലൂടെ സ്വന്തം ജീവന്‍ പോലും അദ്ദേഹം അപകടത്തിലാക്കിയെന്നും ബോളിവുഡ് ഹങ്കാമക്ക് നല്‍കിയ അഭിമുഖത്തില്‍ മഹാവീര്‍ പറഞ്ഞു.

‘ആമിര്‍ ഭായി ജൈന ആശയങ്ങളില്‍ വളരെയധികം ആകൃഷ്ടനാണ്. ജൈന ആശയങ്ങള്‍ അദ്ദേഹം പിന്തുടരാറുണ്ട്. നല്ലൊരു മനുഷ്യനാണ് ആമിര്‍. എന്നാല്‍ അദ്ദേഹം വളരെയധികം തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യയില്‍ തന്നെ ഒരുപക്ഷേ ഏറ്റവുമധികം തെറ്റിദ്ധിരിപ്പിക്കപ്പെട്ട സെലിബ്രിറ്റി ആമിര്‍ ഖാനാവാം.

90കളില്‍ നടന്ന ഒരു സംഭവം പറയാം. അന്ന് അധോലോകം സിനിമ ഇന്‍ഡസ്ട്രി ഭരിക്കുന്നത്. അവരുടെ ക്ഷണം സ്വീകരിച്ച് അവര്‍ നടത്തുന്ന പാര്‍ട്ടികളില്‍ എല്ലാ താരങ്ങളും പങ്കെടുക്കണമായിരുന്നു. അദ്ദേഹം അതിനൊന്നും ഒരിക്കലും സമ്മതിച്ചിരുന്നില്ല. പാര്‍ട്ടികളില്‍ പോയില്ല. സ്വന്തം ജീവന്‍ തന്നെ അപകടത്തിലാക്കി. അദ്ദേഹം തന്റെ ആദര്‍ശങ്ങളോട് എന്നും ചേര്‍ന്നുനിന്നു.

മറ്റൊരു ഉദാഹരണം പറയാം. അദ്ദേഹം സത്യമേവ ജയതേ എന്ന ഷോയുടെ അവതാരകനായ സമയമാണത്. അന്ന് മൂന്ന് വര്‍ഷത്തോളം മറ്റൊരു പരസ്യത്തിലും ആമിര്‍ അഭിനയിച്ചില്ല.

അതിന് അദ്ദേഹം പറഞ്ഞ കാരണം എന്താണെന്ന് അറിയുമോ? സത്യമേവ ജയതേ വളരെ ഗൗരവസ്വഭാവത്തിലുള്ള ഷോയാണ്. അതിന്റെ അവതാരകനായ താന്‍ അതിനിടക്ക് വേറെ പരസ്യങ്ങളില്‍ അഭിനയിച്ചാല്‍ പരിപാടിയുടെ ഗൗരവസ്വഭാവത്തെ ബാധിക്കുമെന്നാണ്. അതുകൊണ്ട് അദ്ദേഹം ഒരു പരസ്യവും ചെയ്തില്ല,’ മഹാവീര്‍ പറഞ്ഞു.

Content Highlight: Producer Mahavir Jain’s words about Aamir Khan are gaining attention

Latest Stories

We use cookies to give you the best possible experience. Learn more