അടുത്തിടെ നടത്തിയ കാസര്‍ഗോഡ് വിരുദ്ധ പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ച് നിര്‍മാതാവ് എം.രഞ്ജിത്ത്. ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അത് തെറ്റാണെന്ന് തിരിച്ചറിയുന്നുവെന്നും അത് തിരുത്തുന്നത് തന്റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു. ദി ക്യുവിനോടാണ് അദ്ദേഹം പ്രതികരിച്ചത്.
‘കാസര്‍ഗോഡിനെയോ അവിടെയുള്ള ആളുകളെയോ കുറിച്ച് പറഞ്ഞതല്ല ആ പ്രസ്താവന. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും മയക്കുമരുന്ന് എത്തിക്കാന്‍ എളുപ്പമാകുന്നത് കൊണ്ട് പല ഷൂട്ടിങ്ങുകളും അവിടെയാകുന്നുണ്ട് എന്നൊരു ആരോപണം ഞങ്ങളുടെ ഒരു യോഗത്തില്‍ ഉന്നയിക്കപ്പെട്ടിരുന്നു. അത് ഉള്ളില്‍ ഉണ്ടായിരുന്നത് കൊണ്ട് അറിയാതെ പറഞ്ഞു പോയതാണ്.
എന്റെ സുഹൃത്തുക്കളെയും, അറിയാവുന്ന ആളുകളെയും, കാസര്‍ഗോഡുകാരെയും ആ പ്രസ്താവന വേദനിപ്പിച്ചു എന്ന് ഞാന്‍ മനസിലാക്കുന്നു. അതില്‍ എനിക്ക് അതിയായ ദുഃഖമുണ്ട്. ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അത് തെറ്റാണ് എന്ന് ഞാന്‍ തിരിച്ചറിയുന്നു. തെറ്റ് തിരുത്തല്‍ എന്റെ കടമയാണ്. വേദനിപ്പിച്ചതില്‍ ഞാന്‍ ഖേദം പ്രകടിപ്പിക്കുന്നു,’ രഞ്ജിത്ത് പറഞ്ഞു.
മയക്കുമരുന്നിന്റെ ലഭ്യത വളരെ എളുപ്പമായതുകൊണ്ടാണ് സിനിമാക്കാര്‍ ഇപ്പോള്‍ കാസര്‍ഗോഡ് കേന്ദ്രീകരിക്കുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. ശ്രീനാഥ് ഭാസി, ഷെയ്ന്‍ നിഗം എന്നീ താരങ്ങളുടെ അപ്രഖ്യാപിത വിലക്കുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് നിര്‍മാതാവ് ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയത്.
തുടര്‍ന്ന് സിനിമാ രംഗത്തുള്ള നിരവധിപേര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഏത് തരത്തില്‍ വായിച്ചാലും പ്രശ്നമുള്ള ഒരു പ്രസ്താവനയാണ് അദ്ദേഹം നടത്തിയതെന്നും കാസര്‍ഗോഡ് നിന്നുണ്ടാകുന്ന സിനിമകളെയും, കാസര്‍ഗോഡ് നിന്ന് പോകുന്ന സിനിമാക്കാരെയും,കാസര്‍ഗോഡുകാരെ തന്നെയും അധിക്ഷേപിക്കുന്ന ധ്വനി ആ പ്രസ്താവനയിലുണ്ടെന്നും നടന്‍ രാജേഷ് മാധവന്‍ ഡൂള്‍ന്യൂസിനോട് പ്രതികരിച്ചിരുന്നു.
content highlight: producer m ranjith apologies