ശ്രീനാഥ് ഭാസിയോടും ഷെയ്ന്‍ നിഗത്തിനോടും സഹകരിക്കാന്‍ തയ്യാറല്ലെന്ന് എ.എം.എം.എ ഉള്‍പ്പെടെയുള്ള സംയുക്ത സിനിമാ സംഘടനകള്‍ വാര്‍ത്താ സമ്മേളനം നടത്തി അറിയിച്ചിരുന്നു. ആ വിഷയത്തില്‍ സംസാരിക്കുകയാണ് സീരിയല്‍, സിനിമ നിര്‍മാതാവ് എം.രഞ്ജിത്ത്.
നിര്‍മാതാക്കളുടെ മനസമാധാനം ഇല്ലാതാക്കുന്ന സാഹചര്യങ്ങള്‍ വരുമ്പോള്‍ അതിനെതിരെ പ്രതികരിക്കേണ്ടി വരുമെന്നും തങ്ങളുടെ സംഘടന വളരെ ശക്തമാണെന്നും രഞ്ജിത്ത് പറഞ്ഞു. നിര്‍മാതാക്കളുടെ സംഘടനക്ക് മാത്രമല്ല സിനിമയിലെ എല്ലാ സംഘടനകള്‍ക്കും ഇരു താരങ്ങളോടും പ്രശ്‌നങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കി.യ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘നിര്‍മാതാക്കളില്ലാതെ സിനിമയില്ലെന്ന് വര്‍ഷങ്ങളായി പറയുന്ന കാര്യമാണ്. പക്ഷെ ഒരു നിര്‍മാതാവിനും ലൊക്കേഷനില്‍ മനസമാധാനത്തോടെ നില്‍ക്കാന്‍ പറ്റാത്ത സാഹചര്യം വരുമ്പോള്‍, അതിനെതിരെ പ്രതികരിക്കാതിരിക്കാന്‍ ഒരു സംഘടനക്കും കഴിയില്ല. നിര്‍മാതാക്കളുടെ സംഘടന വളരെ ശക്തമായിട്ടാണ് നില്‍ക്കുന്നത്.
2019ല്‍ ഷെയ്ന്‍ നിഗത്തിനെതിരെ ഇത്തരത്തിലൊരു പ്രശ്‌നം വന്നപ്പോള്‍ ആയാള്‍ക്കെതിരെ നടപടിയെടുക്കുകയും സിനിമയില്‍ നിന്നും കുറച്ച് കാലം മാറ്റിനിര്‍ത്തുകയുമൊക്കെ ചെയ്തിരുന്നു. വിലക്ക് എന്ന വാക്ക് മാധ്യമങ്ങള്‍ പറയുന്നതാണ്. ഞങ്ങളെ സംബന്ധിച്ചിടത്തോളം, ഇവരെ വെച്ച് സിനിമയെടുക്കാതിരിക്കാന്‍ നിര്‍മാതാക്കള്‍ക്ക് കഴിയും എന്നതാണ്.
നമ്മുടെ കാശില്‍ നമ്മളെടുക്കുന്ന സിനിമയിലൂടെ ഒരാള്‍ വലുതാക്കുകയും, പിന്നീട് വരുന്ന സിനിമകളില്‍ അവര്‍ നിര്‍മാതാക്കള്‍ക്കും മറ്റും ബുദ്ധിമുട്ടാകുമ്പോള്‍ അതിനെതിരെ ശ്കതമായി പ്രതികരിക്കുക എന്നതാണ് നമ്മുടെ ഉദ്ദേശം. മറ്റ് സംഘടനകളെ എല്ലാം വിളിച്ച് കൂട്ടിയപ്പോള്‍ അത്ഭുതം തോന്നിയ ഒരു കാര്യം, മറ്റ് സംഘടനകള്‍ ഞങ്ങളെക്കാള്‍ സഹിക്കാന്‍ പറ്റാത്ത അവസ്ഥയിലാണെന്നാണ് പറയുന്നത്,’ രഞ്ജിത്ത് പറഞ്ഞു.
content highlight: producer m.ranjith about sreenath bhasi and shane nigam issue