| Saturday, 22nd October 2022, 5:35 pm

ഡയറക്ടര്‍ പറ്റിച്ചതാണ്, പടത്തില്‍ പൃഥ്വിരാജുണ്ടെന്ന് പറഞ്ഞാണ് എന്നെ വിളിപ്പിച്ചത്; പിന്നീടാണ് സത്യമറിയുന്നത്: ലിസ്റ്റിന്‍ സ്റ്റീഫന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഐശ്വര്യ ലക്ഷ്മിയെ കേന്ദ്ര കഥാപാത്രമാക്കി നിര്‍മല്‍ സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കുമാരി. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനാണ് ചിത്രം നിര്‍മിക്കുന്നത്.

ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസാണ് ചിത്രം വിതരണം ചെയ്യുന്നത്.

സിനിമയില്‍ പൃഥ്വിരാജും അഭിനയിക്കുന്നുണ്ടെന്ന് പറഞ്ഞാണ് തന്നെ ഇതിന്റെ ഡിസ്ട്രിബ്യൂഷന് വേണ്ടി സംവിധായകന്‍ വിളിപ്പിച്ചതെന്നും പിന്നീടാണ് പടത്തില്‍ രാജുവില്ലെന്ന കാര്യം അറിയുന്നതെന്നും തമാശരൂപേണ പറയുകയാണ് നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. കുമാരിയുടെ പ്രൊമോഷണല്‍ പ്രസ് മീറ്റില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പൃഥ്വിരാജ് നായകനാകാത്ത സിനിമയാണല്ലോ കുമാരി, ഡിസ്ട്രിബ്യൂട്ടര്‍ എന്ന നിലയില്‍ ഈ സിനിമയിലേക്ക് ആകര്‍ഷിച്ച കാര്യമെന്താണ് എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു ലിസ്റ്റിന്റെ ഫണ്ണി കമന്റ്.

”എന്നെ ഡയറക്ടര്‍ കളിപ്പിച്ചതാണ്. പൃഥ്വിരാജ് പടത്തിലുണ്ടെന്ന് പറഞ്ഞിട്ടാണ് എന്നെ ഇതിലേക്ക് വിളിപ്പിച്ചത്. അത് കഴിഞ്ഞാണ് പൃഥ്വിരാജ് ഇതില്‍ അഭിനയിക്കുന്നില്ലെന്ന് എന്നോട് പറഞ്ഞത് (ചിരി).

അങ്ങനെയല്ല കേട്ടോ. പൃഥ്വിരാജിന്റെ പ്രൊഡക്ഷനായതുകൊണ്ട് എന്നെ വിളിച്ച് പറഞ്ഞതാണ്, ലിസ്റ്റിന്‍ ഈ പടം ചെയ്യണമെന്ന്. അതുകൊണ്ടാണ് ഞാന്‍ ഇതിലേക്കെത്തിയത്. അല്ലാതെ ഇതിലെ കഥയോ കാര്യങ്ങളോ ഒന്നും എനിക്ക് മുഴുവനായി അറിയില്ല.

പിന്നെ ഡയറക്ടറുമായി അധികം സംസാരിക്കാന്‍ പറ്റത്തില്ല, സംസാരിച്ച് കഴിഞ്ഞാല്‍ പുള്ളി ഉടനെ പിടിച്ച് ഇതിന്റെ കോ പ്രൊഡ്യൂസറാക്കും. ജേക്‌സിനോട് സംസാരിച്ചു അവനെ കോ പ്രൊഡ്യൂസറാക്കി, ഐശ്വര്യ ലക്ഷ്മിയെ ആക്കി എല്ലാവരെയും ഇതിന്റെ സഹ നിര്‍മാതാക്കളാക്കി,” ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞു.

ഷൈന്‍ ടോം ചാക്കോ, സ്വാസിക, തന്‍വി റാം, സുരഭി ലക്ഷ്മി, രാഹുല്‍ മാധവ്, റോഷന്‍ മാത്യു എന്നിവരാണ് കുമാരിയില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.

ജേക്‌സ് ബിജോയ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

Content Highlight: Producer Listin Stephen talks about Kumari movie and Prithviraj

We use cookies to give you the best possible experience. Learn more