ഗോള്‍ഡ് തനിക്ക് നഷ്ടമുണ്ടാക്കിയ ചിത്രമല്ലെന്ന് നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. നേരവും പ്രേമവും സംവിധാനം ചെയ്ത സംവിധായകന്റെ അടുത്ത സിനിമ എന്ന നിലയില്‍ ഗോള്‍ഡിന് മേല്‍ വലിയ പ്രതീക്ഷ ഉണ്ടായിരുന്നുവെന്നും അതിനനുസരിച്ച് ചിത്രം വന്നില്ലെന്നും അല്‍ഫോണ്‍സ് പറഞ്ഞു. ഇനി ഒരു നല്ല പ്രൊജക്ട് വന്നാല്‍ അല്‍ഫോണ്‍സിനൊപ്പം സിനിമ ചെയ്യുമെന്നും ലിസ്റ്റിന്‍ വേള്‍ഡ് മീഡിയ മലയാളിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
‘ഗോള്‍ഡിന്റെ ഹാര്‍ഡ് ഡിസ്‌കൊന്നും കാണാതെ പോയിട്ടില്ല. അതൊക്കെ തമാശയായി ഇറങ്ങുന്ന കഥകളല്ലേ. അല്‍ഫോണ്‍സല്ലേ ഗോള്‍ഡിന്റെ എഡിറ്റര്‍. ആ സിനിമക്ക് ഉദ്ദേശിച്ചത് പോലെ ഒരു റിസള്‍ട്ട് കിട്ടിയില്ല. ആ സിനിമ നിര്‍മിച്ചതിന്റെ പേരില്‍ ഞങ്ങള്‍ക്ക് സാമ്പത്തിക നഷ്ടമുണ്ടായിട്ടില്ല. കൊവിഡ് സമയത്ത് നിര്‍മിച്ച സിനിമയാണ് ഗോള്‍ഡ്.
ഞങ്ങള്‍ നോക്കുമ്പോള്‍ നേരവും പ്രേമവും സംവിധാനം ചെയ്ത അല്‍ഫോണ്‍സ് സംവിധാനം ചെയ്ത ഒരു സിനിമ കിട്ടുന്നു. ഗോള്‍ഡിന് അതിന്റേതായ ഹൈപ്പ് ഉണ്ടായിരുന്നു. ഓവറായ പ്രതീക്ഷയും ഉണ്ടായിരുന്നു. അല്‍ഫോണ്‍സ് പുത്രന്‍ എന്നൊരു ബ്രാന്‍ഡ് വാല്യു ഉണ്ടല്ലോ. ആ ബ്രാന്‍ഡ് വാല്യുവിന് അനുസരിച്ച് ആ സിനിമ വന്നില്ല.
അല്‍ഫോണ്‍സുമായുള്ള കമ്യൂണിക്കേഷന് ഒരു കുഴപ്പവുമില്ല. ആള് ഭയങ്കര സിനിമ പ്രേമിയാണ്, അപ്‌ഡേറ്റഡാണ്, എല്ലാ സിനിമയും കാണുകയും അഭിപ്രായം പറയുകയും ചെയ്യുന്ന ആളാണ്. സിനിമയോട് 100 ശതമാനം ഡെഡിക്കേഷന്‍ ഉള്ള ആളാണ്. കഥ, തിരക്കഥ, സംവിധാനം, സംഭാഷണം, ഗ്രാഫിക്‌സ്, കളര്‍ ഗ്രേഡിങ് അങ്ങനെ എല്ലാത്തിലും പുള്ളി ഇന്‍വോള്‍വ്‌മെന്റ് ഉള്ള ആളാണ്.
അല്‍ഫോണ്‍സ് ഹിറ്റുകള്‍ മാത്രമുണ്ടായിരുന്ന സംവിധായകനാണ്. പ്രേമം എത്ര വലിയ ഹിറ്റാണ്. പോസിറ്റീവ് മാത്രം കേട്ടുകൊണ്ടിരുന്ന അല്‍ഫോണ്‍സ് ചിലപ്പോള്‍ ഗോള്‍ഡിന് ശേഷമുള്ള ഫേസ് നേരിട്ടിട്ടുണ്ടാവില്ല. അല്‍ഫോണ്‍സ് ഇനി ഒരു പ്രൊജക്ടുമായി വന്നാല്‍ അത് ചര്‍ച്ചയില്‍ ഓക്കെയാവുകയാണെങ്കില്‍ ആ സിനിമ ചെയ്യും,’ ലിസ്റ്റിന്‍ പറഞ്ഞു.
Content Highlight: Producer Listin Stephen says that Gold is not a loss film for him