| Thursday, 30th June 2022, 10:12 am

ഈ സിനിമ ഒട്ടും കൊള്ളില്ലെന്ന് തോന്നിയാല്‍ നിങ്ങള്‍ നെഗറ്റീവ് തന്നെ എഴുതിക്കോളൂ: നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന മാസ് എന്റര്‍ടെയിനര്‍ ചിത്രം കടുവ ജൂലൈ ഏഴിന് തിയേറ്ററുകളില്‍ റിലീസ് ചെയ്യുകയാണ്.

സിനിമയുടെ പ്രൊമോഷന്‍ പരിപാടികള്‍ കഴിഞ്ഞ ദിവസം കൊച്ചിയില്‍ വെച്ച് നടന്നിരുന്നു. പൃഥ്വിരാജ്, സംയുക്ത മേനോന്‍, വിവേക് ഒബ്രോയ്, കലാഭവന്‍ ഷാജോണ്‍, നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവരായിരുന്നു പ്രൊമോഷന്‍ പരിപാടിയില്‍ പങ്കെടുത്തത്.

കൊവിഡ് സമയത്ത് കടുവ ഷൂട്ട് ചെയ്തതിന്റെ ബുദ്ധിമുട്ടുകളെക്കുറിച്ചും ചിത്രത്തിന്റെ ബഡ്ജറ്റിനെക്കുറിച്ചും സംസാരിക്കുകയാണ് നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍.

”ഞാന്‍ കുറേയധികം സിനിമകള്‍ നിര്‍മിച്ചിട്ടുണ്ട്. ഇതുവരെ നിര്‍മിച്ച സിനിമകളില്‍ ഏറ്റവും ബഡ്ജറ്റ് കൂടിയ സിനിമയാണ് കടുവ. കാരണം ഫൈറ്റുകള്‍ കൂടുതലുണ്ട്, ഒത്തിരി ആര്‍ടിസ്റ്റുകളുണ്ട്, ഒത്തിരി ദിവസം ഷൂട്ട് ചെയ്ത സിനിമയാണ്.

കൊവിഡിന്റെ ഏറ്റവും പീക് ടൈമില്‍ സ്റ്റാര്‍ട്ട് ചെയ്ത സിനിമയാണ്. അതുകൊണ്ട് കുറേ ഷെഡ്യൂളുകള്‍ എടുത്തിട്ടുണ്ട്.

ഈ സിനിമ മാര്‍ക്കറ്റ് ചെയ്തപ്പോള്‍ ആദ്യം, ഈ പാന്‍ ഇന്ത്യന്‍ എന്നാല്‍ എന്താണ് സംഭവം എന്ന് അറിയാന്‍ വേണ്ടി ഞങ്ങള്‍ ഹൈദരാബാദിലും ബാംഗ്ലൂരിലും ചെന്നൈയിലുമൊക്കെ പോയി ഇതിനകത്ത് പങ്കാളിയായിട്ടുണ്ട്, മലയാളം ഇന്‍ഡസ്ട്രി ഡെവലപ് ചെയ്യാന്‍ വേണ്ടി.

വേറെ ഭാഷകളില്‍ നിന്ന് വരുന്ന സിനിമകള്‍ നമ്മള്‍ ഇവിടെ എടുക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നു. അതിന് ക്ലാപ്പടിക്കുന്നു, ഭയങ്കര ഇനീഷ്യലുണ്ടാകുന്നു. നമ്മള്‍ ഇവിടെ റിയലിസ്റ്റിക് സിനിമകളാണ് കൂടുതല്‍ എടുത്തുകൊണ്ടിരിക്കുന്നത്.

അതൊന്ന് മാറ്റാന്‍ രാജുവിന് തന്നെ ചില സമയത്ത് പേടിയായിരുന്നു. ഇതെന്താടാ, നമ്മള്‍ ചെയ്തുകഴിഞ്ഞാല്‍ ഇവര് ആ അര്‍ത്ഥത്തില്‍ തന്നെ എടുക്കുമോ, എന്ന് ചോദിച്ചു. രാജു തന്നെ ധൈര്യം കാണിച്ചാലല്ലേ മറ്റുള്ളവര്‍ക്ക് കൂടി ഇത് ചെയ്യാന്‍ പറ്റുകയുള്ളൂ, നമുക്ക് ഇത് ചെയ്യാം, എന്ന് ഞാന്‍ പറഞ്ഞു. ആ ഒരൊറ്റ തീരുമാനത്തിലാണ് ഇത് ചെയ്തത്.

നമ്മളിതൊക്കെ കാണിച്ച് കഴിഞ്ഞാല്‍ മറ്റുള്ളവര്‍ക്ക് അതിഷ്ടപ്പെടുമോ എന്ന തോന്നല്‍ രാജുവിന്റെ മനസില്‍ ഇപ്പോഴുമുണ്ട്. പിന്നെ രാജുവിന്റെ തീരുമാനം അറിയാമല്ലോ, കൂവുന്നെങ്കില്‍ കൂവട്ടെ കുഴപ്പമില്ല. ഇതല്ല ഇതിനപ്പുറവും കണ്ടിട്ടുള്ളതാണ് എന്നുള്ള ലെവലിലാണ് രാജു ഇരിക്കുന്നത്.

അതുകൊണ്ട് കടുവയില്‍ ഞങ്ങള്‍ വീണ്ടുമൊരു പരീക്ഷണം നടത്തുകയാണ്. ഒട്ടും കൊള്ളത്തില്ലെന്ന് ഫീല്‍ ചെയ്യുകയാണെങ്കില്‍ നിങ്ങള്‍ നെഗറ്റീവ് തന്നെ എഴുതിക്കോളൂ.

പക്ഷെ, ഈ സിനിമ ബോറടിപ്പിക്കുന്ന ഒന്നായിരിക്കില്ല, കയ്യടിപ്പിക്കുന്ന സിനിമയാണ് എന്ന് കണ്ടതിന്റെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ക്ക് പൂര്‍ണ വിശ്വാസമുണ്ട്,” ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞു.

മലയാളത്തിന് പുറമേ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ പുറത്തിറങ്ങാനിരിക്കുന്ന കടുവ നിര്‍മിച്ചിരിക്കുന്നത് മാജിക് ഫ്രെയിംസ്, പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍, സുപ്രിയ മേനോന്‍ എന്നിവര്‍ ചേര്‍ന്നാണ്.

ജിനു എബ്രഹാമാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ജേക്‌സ് ബിജോയ്‌യാണ് സംഗീത സംവിധാനം. സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനന്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, രാഹുല്‍ മാധവ്, കൊച്ചുപ്രേമന്‍, സീമ, പ്രിയങ്ക എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

Content Highlight: Producer Listin Stephen says, if audience feels Kaduva is a bad movie people can write negative about it

We use cookies to give you the best possible experience. Learn more