ടൊവിനോയുടെ ശമ്പളം കേട്ട് ഞെട്ടിയെന്ന് ലിസ്റ്റിന്‍; അതേ വേദിയില്‍ മറുപടി നല്‍കി താരം
Movie Day
ടൊവിനോയുടെ ശമ്പളം കേട്ട് ഞെട്ടിയെന്ന് ലിസ്റ്റിന്‍; അതേ വേദിയില്‍ മറുപടി നല്‍കി താരം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 23rd May 2023, 11:41 am

അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങിനിടെ പരസ്പരം തഗ്ഗുമായി നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനും നടന്‍ ടൊവിനോ തോമസും.

ശമ്പളക്കാര്യത്തില്‍ ടൊവിനോ തങ്ങളെ ഞെട്ടിച്ചിട്ടുണ്ടെന്ന് വേദിയില്‍ വെച്ച് ലിസ്റ്റിന്‍ പറഞ്ഞപ്പോള്‍ അതേ വേദിയില്‍ അതിന് മറുപടി നല്‍കുകയായിരുന്നു ടൊവിനോ.

റിലീസ് ചെയ്യാന്‍ പോകുന്ന ടീസര്‍ നിങ്ങളെ അത്ഭുതപ്പെടുത്തുകയും ഞെട്ടിപ്പിക്കുകയും ചെയ്യുമെന്ന് പറഞ്ഞ ശേഷമായിരുന്നു ടൊവിനോ ശമ്പളം പറഞ്ഞ് തങ്ങളെ ഞെട്ടിച്ചിട്ടുണ്ടെന്ന് ലിസ്റ്റിന്‍ കൂട്ടിച്ചേര്‍ത്തത്.

പറഞ്ഞ ശമ്പളം തരാതെ തന്നേയും ഞെട്ടിച്ചിട്ടുണ്ടെന്നായിരുന്നു ഇതോടെ ടൊവിനോയുടെ മറുപടി. ഇരുവരുടേയും സംസാരം കേട്ട് വേദിയിലുള്ളവരെല്ലാം പൊട്ടിച്ചിരിക്കുകയായിരുന്നു.

സാധാരണ ഒരു സിനിമ 20 ദിവസം കൊണ്ട് ഷൂട്ട് തീരുമെങ്കില്‍ 120 ദിവസത്തോളമാണ് അജയന്റെ രണ്ടാം മോഷണത്തിന്റെ ഷൂട്ടിങ് പോയതെന്നും ഇപ്പോള്‍ തിയേറ്ററില്‍ 100 ദിവസം ആഘോഷിക്കാന്‍ പറ്റാത്തതുകൊണ്ട് ഷൂട്ടിന്റെ 100ാം ദിവസം തങ്ങള്‍ കേക്ക് മുറിച്ച് ആഘോഷിച്ചിരുന്നെന്നും ലിസ്റ്റിന്‍ പറഞ്ഞു.

സിനിമയെപ്പറ്റി ഒന്ന് പുകഴ്ത്തി പറയണമെന്നാണ് ടൊവിനോ തന്നോട് ആവശ്യപ്പെട്ടിരിക്കുന്നതെന്നും പക്ഷെ താന്‍ അങ്ങനെ പുകഴ്ത്തി പറയേണ്ട ആവശ്യമില്ലെന്നും ചിത്രം വളരെ മികച്ചതായിരിക്കുമെന്നും ചടങ്ങില്‍ സംസാരിക്കവേ ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞിരുന്നു.

‘ലിസ്റ്റിന്‍ ചേട്ടനേ നന്നായി തള്ളാന്‍ അറിയൂ, അതുകൊണ്ട് പടത്തെപ്പറ്റി നന്നായി തള്ളണമെന്ന് ടൊവിനോ പറഞ്ഞിട്ടുണ്ട് (ചിരി). പക്ഷെ ഞാന്‍ തള്ളാന്‍ ഉദ്ദേശിക്കുന്നില്ല. ഈ ചിത്രം വളരെ മികച്ചതായിരിക്കും.

ടൊവിനോയുടെയും ഡയറക്ടര്‍ ജിതിന്റെയും കഠിന പ്രയത്‌നം ഈ ചിത്രത്തിന് പിന്നില്‍ ഉണ്ട്. ഞാന്‍ ഈ ചിത്രം തുടങ്ങുന്നതിന്റെ കുറച്ചുനാള്‍ മുന്‍പ് മാത്രമാണ് വന്നത്. കാരണം ഈ സിനിമയുടെ മുഴുവന്‍ ക്രെഡിറ്റ് ടൊവിനോക്കും ഡയറക്ടര്‍ക്കും അതിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവര്‍ക്കും മാത്രമായിരിക്കും. സിനിമയില്‍ നിര്‍മാതാവെന്നാല്‍ പണം മുടക്കുന്നതുമാത്രമാണ്. പക്ഷെ ഈ സിനിമയെ സംബന്ധിച്ച് അതില്‍ നിന്നെല്ലാം വിട്ട് ഒരുപാട് ദൂരം സഞ്ചരിച്ചു. മലയാളത്തിന് അഭിമാനമായിട്ട് മാറാന്‍ പോകുന്ന ഒരു ചിത്രമായിരിക്കും ഇത്. കാരണം പാന്‍ ഇന്ത്യന്‍ ലെവലില്‍ നില്‍ക്കുന്ന ചിത്രമാണിത്, ലിസ്റ്റിന്‍ പറഞ്ഞു.

ടൊവിനോ തോമസിനെ പ്രധാന കഥാപാത്രമാക്കി ജിതിന്‍ ലാലാണ് അജയന്റെ രണ്ടാം മോഷണം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ടീസര്‍ ഇതിനോടകം പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. തമിഴില്‍ സംവിധായകന്‍ ലോകേഷ് കനകരാജും ആര്യയും, മലയാളത്തില്‍ പൃഥ്വിരാജും, ഹിന്ദിയില്‍ ഹൃതിക് റോഷനും, തെലുങ്കില്‍ നാനിയും, കന്നടയില്‍ രക്ഷിത് ഷെട്ടിയും ചേര്‍ന്നാണ് ടീസര്‍ പുറത്തുവിട്ടത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ജോമോന്‍ ടി. ജോണ്‍ ആണ്.

Content Highlight: Producer Listin stephen about Tovino Thomas Remmmunaration