| Saturday, 4th May 2024, 1:00 pm

തുടര്‍ച്ചയായി പരീക്ഷണ സിനിമകള്‍ ചെയ്യുമ്പോള്‍ നിവിന്‍ ശ്രദ്ധിക്കാത്ത ഒരു കാര്യമുണ്ട്, ഞാനത് അവനോട് സൂചിപ്പിച്ചിട്ടുമുണ്ട്: ലിസ്റ്റിന്‍ സ്റ്റീഫന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തുടര്‍ച്ചയായി പരീക്ഷണ സിനിമകള്‍ ചെയ്യുമ്പോള്‍ നിവിന്‍ ശ്രദ്ധിക്കാത്ത ഒരു കാര്യമുണ്ടെന്നും താനത് നിവിനോട് സൂചിപ്പിച്ചിട്ടുണ്ടെന്നും നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. താനടക്കമുള്ള പ്രേക്ഷകര്‍ കാണാനാഗ്രഹിക്കുന്നത് ആളുകളെ എന്റര്‍ടൈന്‍ ചെയ്യിക്കുന്ന നിവിനെയാണെന്നും അടുപ്പിച്ച് പരീക്ഷണ സിനിമകള്‍ ചെയ്ത ശേഷം സാധാരണ സിനിമ ചെയ്യുമ്പോള്‍ അത് ആ സിനിമയുടെ ബിസിനസിനെ ബാധിക്കുമെന്നും ലിസ്റ്റിന്‍ പറഞ്ഞു.

തമിഴില്‍ ബാക്കിയുള്ള നടന്മാര്‍ മുഴുവന്‍ അവരുടെ ഫോര്‍മുല മാറ്റിപ്പിടിക്കുമ്പോള്‍ വിജയ് മാത്രം അങ്ങനെ ചെയ്യാത്തത് അയാളുടെ സിനിമയെ ചുറ്റിപ്പറ്റി നില്‍ക്കുന്ന ബിസിനസിനെ ബാധിക്കുമെന്ന് അറിയാവുന്നത് കൊണ്ടാണെന്നും ലിസ്റ്റിന്‍ പറഞ്ഞു. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തിലാണ് ലിസ്റ്റിന്‍ ഇക്കാര്യം പറഞ്ഞത്.

‘നിവിന്‍ പരീക്ഷണ സിനിമകള്‍ ചെയ്യുന്നതിനെക്കുറിച്ച് ഞാന്‍ അവനോട് സംസാരിച്ചിട്ടുണ്ട്. നിവിനെ വെച്ച് സിനിമ ചെയ്യുന്നതിന് മുന്നേ തന്നെ അവന്റെ സാധാരണ സിനിമകള്‍ തിയേറ്ററില്‍ പോയി കണ്ടിട്ടുള്ള ഒരു പ്രേക്ഷകനാണ് ഞാന്‍. എല്ലാവരും ആഗ്രഹിക്കുന്നത് അത്തരത്തിലുള്ള നിവിനെയാണ്. പക്ഷേ ഒരു നടന്‍ എന്ന നിലയില്‍ വ്യത്യസ്തമായത് ചെയ്യാന്‍ അവനും ആഗ്രഹം കാണും.

എന്നാല്‍ തമിഴില്‍ വിജയ് ഒരിക്കലും അങ്ങനെ ചെയ്യാന്‍ നോക്കാറില്ല. ബാക്കിയുള്ള നടന്മാരെല്ലാം അവരുടെ ഫോര്‍മുലക്ക് പുറത്തുള്ള സിനിമകള്‍ ചെയ്യുമ്പോള്‍ വിജയ് അങ്ങനെ ചെയ്യാന്‍ നോക്കാത്തത് അയാളുടെ സിനിമയെ ചുറ്റിപ്പറ്റി നടക്കുന്ന ബിസിനസിനെക്കൂടി കുറിച്ച് ആലോചിച്ചിട്ടാണ്.

നിവിന്‍ ഇപ്പോള്‍ അടുപ്പിച്ച് മൂന്നുനാല് അവാര്‍ഡ് സിനിമ ചെയ്ത് കഴിഞ്ഞാല്‍ അതിന്റെ ഇഫക്ട് ഉണ്ടാവുന്നത് അത് കഴിഞ്ഞ് ചെയ്യുന്ന സാധാരണ സിനിമയുടെ പ്രൊഡ്യൂസറിനെക്കൂടെയാണ്. ഇത്തരത്തിലുള്ള കാര്യം കൂടി ആലോചിക്കുന്നത് നല്ലതാണ്,’ ലിസ്റ്റിന്‍ പറഞ്ഞു.

Content Highlight: Producer Listin Stephen about the script selection of Nivin Pauly

We use cookies to give you the best possible experience. Learn more