ഇവരൊക്കെ ഒരു കോര്‍പ്പറേറ്റ് ലെവലാണ്, നമ്മള്‍ അടുത്ത് ചെല്ലുമ്പോഴേ ഓ.. ചളി വരുന്നുണ്ടെന്ന ലെവലിലാണ്; തഗ്ഗ് കമന്റുകളുമായി പൃഥ്വിയും ലിസ്റ്റിനും
Movie Day
ഇവരൊക്കെ ഒരു കോര്‍പ്പറേറ്റ് ലെവലാണ്, നമ്മള്‍ അടുത്ത് ചെല്ലുമ്പോഴേ ഓ.. ചളി വരുന്നുണ്ടെന്ന ലെവലിലാണ്; തഗ്ഗ് കമന്റുകളുമായി പൃഥ്വിയും ലിസ്റ്റിനും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 2nd April 2022, 12:30 pm

ജന ഗണ മന എന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ പ്രൊമോഷന്‍ തിരക്കുകളിലാണ് താരങ്ങള്‍. സംവിധായകന്‍ ഡിജോ ജോസ് ആന്റണിയും നിര്‍മാതാവ് ലിസ്റ്റിനും നടന്‍ പൃഥ്വിരാജുമെല്ലാം ജന ഗണ മനയുടെ വിശേഷങ്ങള്‍ ഇതിനകം പങ്കുവെച്ചിട്ടുണ്ട്.

ചിത്രം പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഇവരെല്ലാം. പൃഥ്വിരാജ് പ്രൊഡക്ഷനും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക്ക് ഫ്രെയിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. പൃഥ്വിയും ലിസ്റ്റിനും ചേര്‍ന്ന് നേരത്തെയും നിരവധി ചിത്രങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്.

ലിസ്റ്റിന്‍ ആണോ സുപ്രിയ ആണോ സിനിമയ്ക്കായി ലിബറല്‍ ആയി പണം ചിലവഴിക്കുന്നത് എന്ന ചോദ്യത്തിന് രണ്ടും കണക്കാണെന്നായിരുന്നു പൃഥ്വിയുടെ മറുപടി. എന്നാല്‍ ഈ ചോദ്യം പൃഥ്വിരാജ് ഇല്ലാത്ത സമയത്ത് ചോദിക്കൂ എന്നായിരുന്നു ലിസ്റ്റിന്റെ മറുപടി.

സ്വന്തം പ്രൊഡക്ഷനില്‍ ആണെങ്കില്‍ കുറച്ചുകൂടി ലിബറലായി കാര്യങ്ങള്‍ ചെയ്യാമെന്നായിരുന്നു പൃഥ്വി പറഞ്ഞത്. ‘ഞങ്ങളുടെ പാര്‍ട്ണര്‍ഷിപ്പില്‍ രണ്ട് പേരും ഒരുപോലെ ചിന്തിച്ചാല്‍ കുഴപ്പമാണ്. ഞാന്‍ മാത്രമാണെങ്കിലും കുഴപ്പമാണ്. ലിസ്റ്റിന്‍ മാത്രമാണെങ്കിലും കുഴപ്പമാണ്. രണ്ടുപേരും ഒരുമിച്ചാകുമ്പോള്‍ കുഴപ്പമില്ല. ബാലന്‍സുണ്ട്.

സ്വാഭാവികമായിട്ടും ഞാനൊരു നടനാണ് ഫിലിം മേക്കറാണ്. അപ്പോള്‍ ഞാന്‍ അങ്ങനെയാണല്ലോ ചിന്തിക്കുക. ലിസ്റ്റിന്‍ കുറച്ചുകൂടി പ്രൊഡ്യൂസര്‍ ബിസിനസ് ലെവലില്‍ ചിന്തിക്കും ഇതൊക്കെ പറഞ്ഞാലും മണി മേക്കിങ് എന്ന ഒരു എക്‌സര്‍സൈസില്‍ മാത്രമാണ് സിനിമ ചെയ്യുന്നതെങ്കില്‍ ജന ഗണ മനയും കടുവയും ഒന്നും നടക്കില്ല. ഇതിനേക്കാളുമൊക്കെ ലാഭം ഉണ്ടാക്കേണ്ടത് എങ്ങനെയാണെന്ന് ലിസ്റ്റിനും എനിക്കും അറിയാം. അള്‍ട്ടിമേറ്റ്‌ലി നല്ല സിനിമകള്‍ ഉണ്ടാക്കുക എന്നതാണ് ആഗ്രഹം, പൃഥ്വി പറഞ്ഞു.

സിനിയുടെ ചിത്രീകരണത്തിനിടെ പ്രൊഡ്യൂസര്‍ കൂടിയായ ഭാര്യയെ പേടിച്ച സാഹചര്യങ്ങള്‍ ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു പൃഥ്വിയുടെ മറുപടി. സുപ്രിയയെ ഒരുപക്ഷേ ലിസ്റ്റിന്‍ പേടിച്ചിരിക്കാമെന്നും പൃഥ്വി പറഞ്ഞു.

ചിലപ്പോള്‍ ദേഷ്യം വരുമ്പോള്‍ പുള്ളിക്കാരി ഇംഗ്ലീഷിലൊക്കെ സംസാരിച്ചിരുന്നെന്നിരിക്കും(ചിരി). ലിസ്റ്റിന്‍ എന്റെ സഹോദരനെപ്പോലെയാണ്. സുപ്രിയയ്ക്ക് ആ സ്വാതന്ത്ര്യം ഉണ്ട്, പൃഥ്വി പറഞ്ഞു.

എന്നാല്‍ പൃഥ്വിയും സുപ്രിയയും തമ്മില്‍ എന്തെങ്കിലും കാര്യത്തില്‍ അടിയുണ്ടാകുമ്പോള്‍ അതിനിടയില്‍ പോയി പെടാതിരിക്കുന്നതാണ് നല്ലതെന്നായിരുന്നു ലിസ്റ്റിന്റെ മറുപടി.

രാജു സുപ്രിയയോട് ദേഷ്യപ്പെടുകയോ സുപ്രിയ രാജുവിനോട് ദേഷ്യപ്പെടുകയോ ചെയ്യുമ്പോള്‍, നമ്മള്‍ നേരത്തെ തന്നെ ഇവരുടെ ഇന്റര്‍വ്യൂകളൊക്കെ കണ്ടിട്ടുള്ളതാണല്ലോ. ഇവര്‍ പരസ്പരം അങ്ങനെയൊരു ടോണ്‍ ആണ്. ഇപ്പോള്‍ നമ്മള്‍ ഇവരുടെ അടുത്തേക്ക് പോകുമ്പോള്‍ ദേ.. ചളി വരുന്നുണ്ട് എന്ന ലെവലിലായിരിക്കും ഇരുവരും. നമ്മള്‍ ചെല്ലുമ്പോഴേ ഇവര്‍ നമ്മളെപ്പറ്റി ഇവര്‍ പറഞ്ഞുവെച്ചേക്കുവാണ് (ചിരി).

പിന്നെ ഇവരൊക്കെ കോര്‍പ്പറേറ്റ് ലെവലാണ്. നമ്മള്‍ ഈ സാധാ ലോക്കല്‍ ചാനലുകളുണ്ടല്ലോ എ.സി.വി, ,സ്റ്റാര്‍വിഷന്‍. അങ്ങനെ.. അങ്ങനെ. പിന്നെ ഇതൊക്കെ മാറി വരും. ഏതെങ്കിലും കോര്‍പ്പറേറ്റ് കമ്പനി വന്ന് നമ്മളെ പര്‍ച്ചേസ് ചെയ്യുമായിരിക്കും. അപ്പോള്‍ നമ്മളുടെ വാല്യുവും ഉയരുമായിരിക്കുമെന്ന് ലിസ്റ്റിന്‍ പറഞ്ഞപ്പോള്‍ ആരെങ്കിലും ഒരാള്‍ എന്തായാലും മാറുമെന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള പൃഥ്വിയുടെ മറുപടി.

പൃഥ്വിയില്‍ നിന്നും സുപ്രിയയില്‍ നിന്നും പഠിച്ച ഇംഗ്ലീഷ് വാക്ക് ഏതാണെന്ന ചോദ്യത്തിന് ഓര്‍മയില്ലെങ്കിലും മിക്കവാറും നോ ആയിരിക്കുമെന്നായിരുന്നു ലിസ്റ്റിന്റെ മറുപടി.

Content Highlight: Producer Listin Joseph About Prithviraj and supriya