ജീത്തു ജോസഫ്- മോഹന്‍ലാല്‍ കോമ്പോയില്‍ പിറന്ന സൂപ്പര്‍ ഹിറ്റ് ചിത്രമാണ് ദൃശ്യം. അടുത്തിടെ ചിത്രം കൊറിയയിലേക്ക് വരെ റീമേക്ക് ചെയ്യപ്പെട്ടിരുന്നു. ചിത്രത്തില്‍ ആദ്യം മമ്മൂട്ടിയെ ആണ് നായകനാക്കിയിരുന്നതെന്ന് എല്ലാവര്‍ക്കുമറിയുന്ന കാര്യമാണ്. പിന്നീട് മോഹന്‍ലാലിനായി സ്‌ക്രിപ്റ്റില്‍ ചില മാറ്റങ്ങള്‍ വരുത്തിയാണ് ദൃശ്യം ഷൂട്ട് ചെയ്തത്.
ചിത്രം മമ്മൂട്ടി നിരസിച്ചതിനെ പറ്റി സംസാരിക്കുകയാണ് നിര്‍മാതാവ് കെ.ജി. നായര്‍. ദൃശ്യത്തിന്റെ സ്‌ക്രിപ്റ്റ് മമ്മൂട്ടി വലിച്ചെറിഞ്ഞതായി പലരും ഇന്‍ഡസ്ട്രിയില്‍ പറഞ്ഞു നടക്കുന്നുണ്ടെന്നും എന്നാല്‍ സത്യാവസ്ഥ താന്‍ ജീത്തുവിനോട് ചോദിച്ച് മനസിലാക്കിയെന്നും മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കെ.ജി. നായര്‍ പറഞ്ഞു.
‘എന്റെ അറിവ് ശരിയാണെന്ന് 100 ശതമാനം പറയുന്നില്ല. ആന്റണി പ്രൊഡ്യൂസ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന പടങ്ങള്‍ മാത്രമാണ് ആന്റണി ചെയ്യുന്നത് എന്നാണ് എന്റെ അറിവ്. ലാല്‍ സാര്‍ കഥ കേള്‍ക്കണമെങ്കില്‍ ആന്റണി പറയണം. കഥ കേട്ടിട്ട് കൊള്ളാമെങ്കില്‍ ലാല്‍ തന്നെ ചെയ്യും. ഒരു കഥ എടുത്ത് എറിയില്ല. കഥ പറയാന്‍ വന്ന ആളെ വിഷമിപ്പിച്ച് വിടില്ല. അവന് വീണ്ടും പ്രചോദനം കൊടുക്കും. വീണ്ടും എഴുതാന്‍ പറയും.
സീനുകള്‍ ഒക്കെ ഒന്നുകൂടി എഴുതി ഒന്ന് ഓര്‍ഡറാക്കി കൊണ്ടുവരൂ, നമുക്ക് ആലോചിക്കാം, സിനിമയല്ലേ, ഞാന്‍ നാളെ കൊണ്ട് മതിയാക്കില്ലല്ലോ, നമ്മളൊക്കെ ഇവിടെ ഇല്ലേ, എപ്പോള്‍ വേണമെങ്കിലും ചെയ്യാമല്ലോ എന്നൊക്കെ ലാല്‍ ഒരു സന്ദേശം കൊടുത്തുവിടും.
മറ്റേ അദ്ദേഹം അങ്ങനെ ചെയ്യുമോയെന്ന് എനിക്കറിയില്ല. മമ്മൂട്ടി കഥ എറിഞ്ഞിട്ടാണ് ദൃശ്യം ലാലിന്റെ കയ്യില്‍ വന്നതെന്ന് പലരും പറഞ്ഞിട്ടുണ്ട്. ഞാന്‍ പിന്നീട് ജീത്തുനോട് ഈ കാര്യം ചോദിച്ചിട്ടുണ്ട്. ജീത്തുവിന്റെ വീടിന്റെ പാലുകാച്ചലിന് ഞാനും വാഴൂര്‍ ജോസും കൂടി പോയിരുന്നു. അപ്പോള്‍ ഇത് ചോദിച്ചു.
അങ്ങനെ അല്ല സംഭവമെന്ന് ജീത്തു പറഞ്ഞു. ഞങ്ങള്‍ കഥ പറയുമ്പോള്‍ തന്നെ 18 വയസായ കുട്ടിയുടെ അച്ഛനായി ഞാന്‍ ഇനി ചെയ്യണോടേയ് എന്ന് മമ്മൂട്ടി ചോദിച്ചു, അത്രയേ പറഞ്ഞുള്ളൂ, പിന്നെ ഞാനൊന്നും ചിന്തിച്ചില്ലെന്ന് ജീത്തു പറഞ്ഞു,’ കെ.ജി. നായര്‍ പറഞ്ഞു.
ജീത്തു ജോസഫും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്ന റാം എന്ന ചിത്രത്തിന്റെ ഷൂട്ട് പുരോഗമിക്കുകയാണ്. വിദേശ രാജ്യങ്ങളിലടക്കം ലൊക്കേഷനുകളുള്ള ചിത്രത്തില്‍ തെന്നിന്ത്യന്‍ താരം തൃഷയാണ് നായിക.
Content Highlight: producer kg nair talks about mammootty’s rejection of drishyam movie