| Wednesday, 24th July 2024, 8:11 am

മൂന്ന് ദിവസം ഷൂട്ട് ചെയ്തപ്പോള്‍ തന്നെ വാടിവാസലിലെ അപകടം മനസിലായി നിര്‍ത്തിവെച്ചു, കുറച്ച് കഴിഞ്ഞിട്ടേ വീണ്ടും തുടങ്ങൂ: നിര്‍മാതാവ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാലോകത്തെ ഏറെ അമ്പരപ്പിച്ച അനൗണ്‍സ്‌മെന്റായിരുന്നു വാടിവാസലിന്റേത്. ദേശീയ അവാര്‍ഡ് ജേതാവ് വെട്രിമാരനൊപ്പം സൂര്യയും ഒന്നിക്കുന്ന ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് ആരാധകര്‍ക്ക് നല്‍കിയ സന്തോഷം ചെറുതല്ല. സി.സു. ചെല്ലപ്പയുടെ ഇതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കിയാണ് വെട്രിമാരന്‍ വാടിവാസല്‍ ഒരുക്കുന്നത്.

എന്നാല്‍ 2020ല്‍ അനൗണ്‍സ് ചെയ്ത ചിത്ത്രതിന്റെ ഷൂട്ട് ഇതുവരെ തുടങ്ങിയിട്ടില്ല. ചിത്രത്തിന്റെതായി ഒരു ചെറിയ ഗ്ലിംപ്‌സ് മാത്രമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. വാടിവാസല്‍ പ്രഖ്യാപിക്കുന്ന സമയത്ത് വെട്രിമാരന്‍ വിടുതലൈയുടെ ചിത്രീകരണത്തില്‍ ആയിരുന്നു. വിടുതലൈയുടെ ഷൂട്ട് നീണ്ടുപോവുകയും രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങുകയും ചെയ്തത് വാടിവാസലിന്റെ ചിത്രീകരണം വൈകിപ്പിച്ചു. വാടിവാസല്‍ ഉപേക്ഷിച്ചെന്ന് വരെ റൂമറുകള്‍ വന്നിരുന്നു. അത്തരം റൂമറുകളോട് പ്രതികരിക്കുകയാണ് നിര്‍മാതാവ് കലൈപ്പുള്ളി എസ്. താനു.

വാടിവാസല്‍ മൂന്ന് ദിവസം ഷൂട്ട് ചെയ്തുവെന്നും എന്നാല്‍ യഥാര്‍ത്ഥ കാളയെ വെച്ച് ഷൂട്ട് ചെയ്യുന്നതിലെ അപകടം മനസിലായി നിര്‍ത്തി വെക്കേണ്ടി വന്നുവെന്നും താനു പറഞ്ഞു. റോബോട്ടിക് കാളയുടെ നിര്‍മാണം അവസാനഘട്ടത്തില്‍ എത്തിയെന്നും വിടുതലൈയുടെ തിരക്ക് കഴിഞ്ഞ് വെട്രിമാരന്‍ തിരിച്ചെത്തിയാല്‍ ഷൂട്ട് പുനരാരംഭിക്കുമെന്നും താനു കൂട്ടിച്ചേര്‍ത്തു. ഗലാട്ട എക്‌സ്‌ക്ലൂസീവിനോട് സംസാരിക്കുകയായിരുന്നു താനു.

‘വാടിവാസല്‍ മൂന്ന് ദിവസം ഷൂട്ട് ചെയ്തതാണ്. പക്ഷേ യഥാര്‍ത്ഥ കാളയെ വെച്ച് ഷൂട്ട് ചെയ്തിരുന്നു. പക്ഷേ അതിലെ അപകടം അപ്പോള്‍ തന്നെ ഞങ്ങള്‍ക്ക് മനസിലായതുകൊണ്ട് നിര്‍ത്തിവെച്ചു. ഒരു ആള്‍ട്ടെര്‍നെറ്റ് വേര്‍ഷന്‍ ഞങ്ങള്‍ ആലോചിച്ചു. ലണ്ടനില്‍ നിന്ന് ഒരു റോബോട്ടിക് കാളയെ വെച്ച് ഷൂട്ട് ചെയ്യാന്‍ തീരുമാനിച്ചു. ആ റോബോട്ടിക് കാളയുടെ നിര്‍മാണം അവസാനഘട്ടത്തിലാണ്.

അതുമാത്രമല്ല, വെട്രിമാരന് വിടുതലൈയുടെ ഷൂട്ട് തീര്‍ക്കാനുണ്ട്. ഒരൊറ്റ സിനിമയായി ഇറക്കാന്‍ പ്ലാന്‍ ചെയ്ത സിനിമ രണ്ട് ഭാഗമായി മാറി. അത് കാരണം വിടുതലൈയില്‍ നിന്ന് വെട്രിക്ക് പെട്ടെന്ന് വരാന്‍ പറ്റില്ല. അതിന്റെ തിരക്കുകള്‍ കഴിഞ്ഞാല്‍ ഉടന്‍ തന്നെ വാടിവാസലിന്റെ ഷൂട്ട് തുടങ്ങും. 2025ന്റെ അവസാനത്തോടെ ഷൂട്ട് പൂര്‍ത്തിയാക്കുമെന്ന് കരുതുന്നു,’ താനു പറഞ്ഞു.

Content Highlight: Producer Kalaipulli S Thanu saying that Vaadivasal is not dropped

We use cookies to give you the best possible experience. Learn more