തമിഴ് സിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വാടിവാസല്‍. സൂര്യയെ നായകനാക്കി വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന ചിത്രം 2020ലാണ് അനൗണ്‍സ് ചെയ്തത്. അഞ്ച് വര്‍ഷത്തിന് ചിത്രത്തിന്റെ ഷൂട്ട് പോലും ഇതുവരെ ആരംഭിച്ചിട്ടില്ല. എന്നാല്‍ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ അടുത്തിടെ ആരംഭിച്ചിരുന്നു.
ജി.വി. പ്രകാശ് കുമാറും വെട്രിമാരനും ചേര്‍ന്ന് വാടിവാസലിന്റെ കമ്പോസിങ്ങിന് ഇരിക്കുന്ന ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് നിര്‍മാതാവ് കലൈപ്പുള്ളി എസ്. താനു. ജി.വി. പ്രകാശ് ഒരുക്കിയ ഗാനം അതിഗംഭീരമായ ഒന്നാണെന്നും അത് താന്‍ ഇപ്പോള്‍ പാടിയാല്‍ പോലും അത് ട്രെന്‍ഡിങ്ങാകുമെന്ന് താനു പറഞ്ഞു.
സൂര്യയുമായി നാല് മണിക്കൂറോളം ചര്‍ച്ച ചെയ്തതിന് ശേഷമാണ് ആ ട്യൂണ്‍ കമ്പോസ് ചെയ്തതെന്നും അതിന് ശേഷമാണ് താന്‍ അത് കേട്ടതെന്നും താനു കൂട്ടിച്ചേര്‍ത്തു. അത് കേട്ടപ്പോള്‍ തനിക്ക് രോമഞ്ചവും സന്തോഷവും സമ്മാനിച്ചെന്ന് താനു പറഞ്ഞു. ഇന്‍ഡസ്ട്രിക്ക് തന്നെ അഭിമാനിക്കാന്‍ കഴിയുന്ന ചിത്രമാകും വാടിവാസലെന്നും വെട്രിമാരന്‍ എന്ന സംവിധായകന്‍ സിനിമാലോകത്തിന് ലഭിച്ച നിധിയാണെന്നും താനു കൂട്ടിച്ചേര്‍ത്തു.
‘വാടിവാസലിന്റെ കമ്പോസിങ്ങ് ആരംഭിച്ചു. രണ്ട് ദിവസം മുമ്പ് ആ ട്യൂണ്‍ എന്നെ കേള്‍പ്പിച്ചു. അത് ഇപ്പോള്‍ പാടിയാല്‍ കൂടി ട്രെന്‍ഡിങ്ങവും. സൂര്യയുമായി നാല് മണിക്കൂറോളം ചര്‍ച്ച ചെയ്തും സംസാരിച്ചും ഇരുന്നിട്ടാണ് ആ ട്യൂണ്‍ ഉണ്ടാക്കിയത്. എന്നിട്ടാണ് എനിക്ക് കേള്‍ക്കാന്‍ വേണ്ടി അയച്ച് തന്നത്. കേട്ടപ്പോള്‍ തന്നെ രോമാഞ്ചവും സന്തോഷവും തോന്നി.
സിനിമാലോകത്തിന് ലഭിച്ച ഒരു വലിയ നിധിയാണ് വെട്രിമാരന്‍. തമിഴ് സിനിമക്ക് തന്നെ അഭിമാനിക്കാന്‍ സാധിക്കുന്ന ഒരു സിനിമ തന്നെയാകും വാടിവാസല്‍. ഈ വര്‍ഷം തന്നെ സിനിമയുടെ ഷൂട്ട് തുടങ്ങുമെന്ന് ഉറപ്പാണ്. മികച്ചൊരു ദൃശ്യാനുഭവം പ്രേക്ഷകര്‍ക്ക് തരാന്‍ സാധിക്കുമെന്ന് മാത്രമേ ഇപ്പോള്‍ പറയാന്‍ സാധിക്കുള്ളൂ,’ താനു പറയുന്നു.
സി.എസ്. ചെല്ലപ്പയുടെ ഇതേ പേരിലുള്ള നോവലിന്റ ചലച്ചിത്രാവിഷ്‌കാരമാണ് വാടിവാസല്‍. വിടുതലൈയുടെ തിരക്കുകള്‍ അവസാനിച്ച വെട്രിമാരന്‍ വാടിവാസലിന്റെ വര്‍ക്കുകളിലേക്ക് അധികം വൈകാതെ കടന്നിരിക്കുകയാണ്. വന്‍ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ഇരട്ടവേഷത്തിലാണ് സൂര്യ പ്രത്യക്ഷപ്പെടുന്നത്. അടുത്ത വര്‍ഷം തുടക്കത്തില്‍ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് കരുതുന്നത്.
Content Highlight: Producer Kalaippulli S Thanu about the song in Vaadivasal movie