2009ല്‍ ദീപു കരുണാകരന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് വിന്റര്‍. ജയറാം ഭാവന എന്നിവരെ പ്രധാനവേഷങ്ങളില്‍ അഭിനയിച്ച ചിത്രം കെ. രാധാകൃഷ്ണനാണ് നിര്‍മിച്ചത്. സൈക്കോ ത്രില്ലറായ ചിത്രം പ്രതീക്ഷിച്ച വിജയത്തിലേക്കെത്തിയില്ലെന്ന് മാസ്റ്റര്‍ ബിന്നിനോട് പറയുകയാണ് നിര്‍മാതാവ് കെ. രാധാകൃഷ്ണന്‍. സിനിമയുടെ റിലീസിന്റെ സമയത്ത് ഡിസ്ട്രിബ്യൂട്ടേഴ്‌സിനെ ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
”ദീപു പറഞ്ഞ കഥ കേട്ട് ജയറാമിന് ഇഷ്ടമായി. കൂടെ അഭിനയിക്കാനായി വിളിച്ചപ്പോള്‍ തന്നെ രണ്ടുകുട്ടികളുടെ അമ്മയായിട്ടാണ് അഭിനയിക്കേണ്ടതെന്ന് ഞാന്‍ ഭാവനയോടും പറഞ്ഞിരുന്നു.
ഭാവന അന്ന് വളരെ ചെറുപ്പമാണ്. പക്ഷേ അവള്‍ ആ ഒരു സ്പിരിറ്റില്‍ എടുത്ത് എന്നോട് ഓക്കെ പറഞ്ഞു. വില്ലന്‍ ഹിന്ദിയില്‍ നിന്നുള്ള ആളാണ്, സംവിധായകന്‍ ദീപു തന്നെയാണ് അദ്ദേഹത്തിനെ പരിചയപ്പെടുത്തി തന്നത്. മറ്റ് കഥാപാത്രങ്ങളെയും മനോജ്. കെ. ജയനെയും ഞാനാണ് വിളിച്ച് ഷൂട്ടിന്റെ കാര്യങ്ങളെല്ലാം അറിയിച്ചത്.
ഷൂട്ടെല്ലാം കറക്ട് കഴിഞ്ഞ് ഞങ്ങളെല്ലാം തിരിച്ചു വന്നു. ഇവിടെ ഡിസ്ട്രിബ്യൂഷനായി നോക്കുമ്പോള്‍ ഒറ്റയാളും എടുക്കുന്നില്ല. കാരണം ജയറാമിന്റെ സിനിമയായതാണ്. അദ്ദേഹത്തിന് ആ സമയം കുറച്ച് ഡൗണ്‍ പോയിന്റ് ഉണ്ടായിരുന്നു. ഞാന്‍ അത് പ്രതീക്ഷിക്കുന്നില്ലായിരുന്നു.
ഇവിടെ നിന്ന് ഷൂട്ടിന് പോവുന്ന സമയത്ത് ജയറാം കത്തി നില്‍ക്കുന്നുണ്ടായിരുന്നു. തിരിച്ച് വന്നപ്പോള്‍ എല്ലാം പോയി. അദ്ദേഹത്തിന്റെ സിനിമയായതുകൊണ്ട് ഒരാളും തയ്യാറാവുന്നില്ല. എനിക്ക് എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു.
ഒരു വര്‍ഷം ഞാന്‍ ആ സിനിമ കയ്യില്‍ വെച്ചു. പല ഇടത്ത് നിന്നും പലിശക്ക് കടം എടുത്തിട്ടുണ്ടായിരുന്നു, അവിടെ നിന്നൊക്കെ വിളിക്കാന്‍ തുടങ്ങി. തിയേറ്റേഴ്‌സ് എടുക്കില്ലെന്ന് മനസിലായപ്പോള്‍ ഞാന്‍ സാറ്റ്‌ലൈറ്റ് വഴി ഇറക്കാമെന്ന് വിചാരിച്ച് ഏഷ്യാനെറ്റിന് കൊടുത്തു.
സിനിമ കണ്ട് അവര്‍ തരക്കേടില്ലാത്ത എമൗണ്ട് തന്നു. അത്യാവശ്യം പ്രശ്‌നങ്ങളെല്ലാം തീര്‍ത്ത് നമ്മള്‍ ആ സിനിമ റിലീസ് ചെയ്തു. ഓള്‍ കേരള ഞാന്‍ സിനിമ ഡിസ്ട്രിബ്യൂട്ട് ചെയ്തു.
റിലീസ് ചെയ്ത് രണ്ട് ദിവസം ഒടുക്കത്തെ മഴയായിരുന്നു, പക്ഷേ സിനിമക്ക് നല്ല അഭിപ്രായം കിട്ടി. എന്റെ കമ്മിറ്റ്‌മെന്റ്‌സ് തീര്‍ന്നുവെന്നല്ലാതെ വിന്റര്‍ കൊണ്ട് ഒരു പ്രോഫിറ്റും ഉണ്ടായിട്ടില്ല. നോ പ്രോഫിറ്റ് നോ ലോസ് അതാണ് വിന്ററിന്റെ തലയിലെഴുത്ത്.
സിനിമക്ക് വേണ്ടി എടുത്ത കടങ്ങളെല്ലാം തീര്‍ന്നു. പക്ഷേ എനിക്ക് അഞ്ചു പൈസയും കിട്ടിയില്ല. സിനിമ പ്രതിസന്ധിയിലാവാനുള്ള കാരണം ജയറാമിന്റെ മാര്‍ക്കറ്റും റിലീസിന്റെ സമയവുമാണ്. സാറ്റ്‌ലൈറ്റില്‍ കണ്ടിട്ട് പലരും എന്നെ വിളിച്ചിരുന്നു. വളരെ നല്ല സിനിമയാണ് എന്താണ് പറ്റിയതെന്ന് ചോദിച്ചു കൊണ്ട്. വളരെ നന്നായാണ് സിനിമ എടുത്തത്,” കെ. രാധാകൃഷ്ണന്‍ പറഞ്ഞു.
content highlight: Producer K. Radhakrishnan tells the reason, psycho-thriller winter did not achieve the expected success