മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ച് അഭിനയിച്ച പത്മരാജന്‍ സംവിധാനം ചെയ്ത കരിയിലക്കാറ്റു പോലെ എന്ന സിനിമ അക്കാലത്ത് തിയേറ്ററില്‍ വേണ്ട രീതിയില്‍ വിജയിച്ചില്ല എന്ന് സിനിമയുടെ ഡിസ്ട്രിബ്യൂട്ടര്‍ ജൂബിലി ജോയ്. സഫാരി ടി.വിയിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു നിര്‍മാതാവ് കൂടിയായ അദ്ദേഹം. കരിയിലക്കാറ്റു പോലെ ഒരു സസ്‌പെന്‍സ് മൂവി ആയിരുന്നു എന്നും അന്നത്തെ കാലത്ത് അത്തരം സിനിമകള്‍ വിജയിക്കാറുണ്ടായിരുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.
‘അക്കാലത്ത് മിക്കവാറും എല്ലാം മമ്മൂട്ടി സിനിമകളായിരുന്നു. തിയേറ്ററുകാര്‍ ഇടക്ക് എന്റെ ഓഫീസില്‍ വരുമ്പോള്‍ എന്നോട് ചോദിക്കും എന്താണ് മോഹന്‍ലാലിനെ വെച്ച് സിനിമയെടുക്കാത്തതെന്ന്. മോഹന്‍ലാലിനെ വെച്ച് സിനിമയെടുക്കാന്‍ പറ്റുന്ന കഥകളൊന്നും വന്നില്ലെന്ന് ഞാനവരോട് മറുപടി പറയും.
മാത്രവുമല്ല മോഹന്‍ലാല്‍ അന്ന് മറ്റൊരു സെറ്റപ്പിലാണ് സിനിമകള്‍ എടുത്ത് കൊണ്ടിരുന്നത്. സെവന്‍ ആര്‍ട്‌സ്, പ്രിയദര്‍ശന്‍ സിനിമകളാണ് അന്ന് മോഹന്‍ലാല്‍ കൂടുതലായും ചെയ്തിരുന്നത്.
അങ്ങനിയിരിക്കുമ്പോഴാണ് ഞാന്‍ പത്മരാജന്‍ സംവിധാനം ചെയ്ത കരിയിലക്കാറ്റു പോലെ എന്ന സിനിമയുടെ ഡിസ്ട്രിബ്യൂഷന്‍ എടുക്കുന്നത്. അതിന്റെ നെഗറ്റീവ് റൈറ്റ്‌സും എനിക്കാണ്. ആ സിനിമ വിചാരിച്ചത് പോലെ സക്‌സസ് ആകാത്തത് കൊണ്ട് ആ പടത്തിന്റെ ഫുള്‍ ഫിനാന്‍സും ഞാനാണ് ചെയ്തിരുന്നത്.
ഫിനാന്‍സ് ചെയ്ത പണവും കമ്മീഷനും ലഭിച്ചാല്‍ റൈറ്റ്‌സ് തിരിച്ച് കൊടുക്കാമെന്നായിരുന്നു കരാര്‍. പക്ഷെ, അത് വന്നില്ല. അത് കൊണ്ട് തന്നെ ആ റൈറ്റ്‌സ് ഇപ്പോഴും എനിക്കാണ്.
വിശുദ്ധി ഫിലിംസിന്റെ ബാനറില്‍ തങ്കച്ചന്‍ എന്നൊരാളായിരുന്നു ആ സിനിമയുടെ പ്രൊഡ്യൂസര്‍. കരിയിലക്കാറ്റു പോലെ ഒരു സസ്‌പെന്‍സ് പടമാണ്. സസ്‌പെന്‍സ് പടങ്ങള്‍ക്കുള്ള കുഴപ്പം ആദ്യ ഷോ കഴിഞ്ഞ് പുറത്തിറങ്ങി ആളുകള്‍ കഥപറഞ്ഞാല്‍ അതിന്റെ സസ്‌പെന്‍സ് പോകും.
എ സെന്ററുകളിലും ബി സെന്ററുകളിലുമാണ് ആ സിനിമ പ്രദര്‍ശിപ്പിച്ചിരുന്നത്. മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ചഭിനയിച്ച ചിത്രമായിരുന്നു അത്. ശ്രീപ്രിയയും ഉണ്ണിമേരിയുമൊക്കെ ആ സിനിമയില്‍ അഭിനയിച്ചിരുന്നു. നല്ല താരമൂല്യമുള്ള പടമായിരുന്നു. എലൈറ്റ് ഓഡിയന്‍സിന്റെ ഇടയില്‍ നല്ലപേരുണ്ടാക്കിയെങ്കിലും താഴോട്ട് അത് കാര്യമായി എത്തിയില്ല. അത് കൊണ്ട് തന്നെ വിചാരിച്ചത് പോലുള്ള സക്‌സസ് ആ സിനിമക്കുണ്ടായില്ല,’ ജൂബിലി ജോയ് പറഞ്ഞു.
CONTENT HIGHLIGHTS: Producer Jubilee joy about the movie Kariyilakattu Pole