| Tuesday, 29th August 2023, 1:43 pm

മമ്മൂട്ടിക്ക് ഒരു മാറ്റമായിക്കോട്ടെയെന്ന് കരുതിയെടുത്ത സിനിമയായിരുന്നു, വിചാരിച്ച പോലെ സക്‌സസായില്ല : ജൂബിലി ജോയ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടിക്ക് ഒരു മാറ്റം വേണമെന്ന അഭിപ്രായത്തെ തുടര്‍ന്നാണ് ന്യായവിധി എന്ന സിനിമയെടുത്തതെന്നും എന്നാല്‍ ആ സിനിമക്ക് തിയേറ്ററുകളില്‍ വിചാരിച്ചപോലുള്ള ഒരു സക്‌സസ് ഉണ്ടായില്ല എന്നും നിര്‍മാതാവ് ജൂബിലി ജോയ്. ന്യായവിധിയുടെ റിലീസിനൊപ്പം തന്നെ മറ്റു രണ്ട് പ്രധാന സിനിമകളുടെയും റിലീസ് ഉണ്ടായതാണ് പ്രധാനപ്പെട്ട തിയേറ്ററുകളില്‍ സിനിമ വിജയിക്കാതെ പോയതെന്നും അദ്ദേഹം പറഞ്ഞു.

എ ക്ലാസ് തിയേറ്ററുകളില്‍ നല്ല രീതിയില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടില്ലെങ്കിലും ബി ക്ലാസ്, സി ക്ലാസ് തിയേറ്ററുകളില്‍ കുഴപ്പമില്ലാതെ പ്രദര്‍ശിപ്പിക്കാനായെന്നും സാറ്റലൈറ്റ് റൈറ്റ്‌സ് വിറ്റതിലൂടെ മുടക്കുമുതല്‍ തിരികെ ലഭിച്ചെന്നും ജൂബിലി ജോയ് പറഞ്ഞു. സഫാരി ടി.വിയുടെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ചെമ്പില്‍ ജോണിന്റെ ഒരു നോവലായിരുന്നു ന്യായവിധി. ഡെന്നീസ്, ഗായത്രി അശോകന്‍, ഷിബു ചക്രവര്‍ത്തി തുടങ്ങിയവരെല്ലാം വായിച്ച് ഇഷ്ടപ്പെട്ട നോവലായിരുന്നു അത്. അവര്‍ക്ക് ഇഷ്ടപ്പെട്ടു എന്നു പറഞ്ഞപ്പോള്‍ സിനിമയാക്കാം എന്ന് തീരുമാനിക്കുകയായിരുന്നു.

അന്നത്തെ കാലത്ത് മമ്മൂട്ടിക്ക് ഒരു ചെയ്ഞ്ച് ആവശ്യമായിരുന്നു. സ്ഥിരം നായക കഥാപാത്രങ്ങളില്‍ നിന്ന് മാറിയുള്ള ഒരു വേഷം അദ്ദേഹത്തിന് നല്‍കണമെന്ന് തീരുമാനത്തിന്റെ പുറത്തായിരുന്നു അത് തീരുമാനിച്ചത്. മമ്മൂട്ടിയുമായി സംസാരിച്ചപ്പോള്‍ അദ്ദേഹവും ഓകെ പറഞ്ഞു.

നല്ല സിനിമയായിരുന്നെങ്കിലും പക്ഷെ, അത് ഉദ്ദേശിച്ചത് പോലെ വിജയിച്ചില്ല. കാരണം, ന്യായവിധിയുടെ റിലീസിന്റെ സമയത്ത് തന്നെയായിരുന്നു ഐ.വി. ശശിയുടെ ആവനാഴിയുടെയും ജോഷിയുടെ മറ്റൊരു സിനിമയുടെയും റിലീസ്. അത് കൊണ്ട് തന്നെ ന്യായവിധിക്ക് വിചാരിച്ച പോലുള്ള സക്‌സസ് ഉണ്ടായില്ല.

പക്ഷെ, പിന്നീട് ആ സിനിമ ബി ക്ലാസ്, സി ക്ലാസ് തിയേറ്ററുകളില്‍ നന്നായി പ്രദര്‍ശിപ്പിക്കപ്പെട്ടു. അക്കാരണം കൊണ്ട് തന്നെ വിചാരിച്ച പോലുള്ള ലാഭം വന്നില്ലെങ്കിലും നമുക്ക് നഷ്ടം വന്നില്ല. പിന്നീട് സാറ്റലൈറ്റ് റൈറ്റ്‌സ് വില്‍പനയിലൂടെയൊക്കെ ചിലവായ പണം തിരികെ ലഭിക്കുന്ന സ്ഥിതിയുണ്ടായി,’ ജൂബിലി ജോയ് പറഞ്ഞു.

content highlights; Producer Jubilee Joy about the  Mammootty’s Nyayavidhi movie 

We use cookies to give you the best possible experience. Learn more