മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മോശം സമയത്തെ കുറിച്ചും ന്യൂദല്‍ഹി എന്ന ചിത്രത്തിലൂടെ അദ്ദേഹം ശക്തമായി മലയാള സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയതിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മാതാവ് ജൂബിലി ജോയ്.
മമ്മൂട്ടി സിനിമ നിര്‍ത്താമെന്ന് ആലോചിച്ച ഘട്ടം വരെയുണ്ടായെന്നും അദ്ദേഹത്തിന്റെ സിനിമാ പോസ്റ്ററുകളില്‍ ചിലര്‍ ചാണകം മെഴുകുന്ന അവസ്ഥ വരെ വന്നുവെന്നും ജൂബിലി ജോയ് പറയുന്നു.
മമ്മൂട്ടിയെപ്പോലെ ഒരു വലിയ നടന്‍ അഭിനയം നിര്‍ത്തിപ്പോകരുതെന്ന നിര്‍ബന്ധം തങ്ങള്‍ക്കുണ്ടായിരുന്നെന്നും ഒരു പരീക്ഷണം എന്ന നിലയ്ക്ക് അദ്ദേഹത്തെ വെച്ച് ചെയ്ത ചിത്രമാണ് ന്യൂദല്‍ഹിയെന്നും സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ പരിപാടിയില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
‘ന്യൂദല്‍ഹി എന്ന ചിത്രം ഞങ്ങള്‍ നിര്‍മിക്കാന്‍ തീരുമാനിക്കുന്ന ഒരു ഘട്ടമുണ്ട്. മമ്മൂട്ടി അന്ന് ഒരേ ടൈപ്പുള്ള കുറേ പടങ്ങള്‍ എടുത്ത് വളരെ മോശമായ ഒരു അവസ്ഥയിലായിരുന്നു. അദ്ദേഹം സിനിമാ അഭിനയം നിര്‍ത്തിയാലോ എന്ന് വരെ ചിന്തിച്ച സമയമായിരുന്നു അത്.
വരുന്ന സിനികമളെല്ലാം പരാജയപ്പെടുന്നു. അങ്ങനെ ഒരു വിഷമ ഘട്ടത്തിലായിരുന്നു. ഇത്രയും വലിയ പ്രഗത്ഭനായ നടന്‍ സിനിമ വിട്ടുപോകുകയാണെന്ന് പറയുന്നു. ഗള്‍ഫിലേക്ക് പോകുകയാണെന്നൊക്കെ കേട്ടു. ഇത് കേട്ടപ്പോള്‍ എനിക്കും ജോഷിക്കും ഡെന്നിസ് ജോസഫിനുമൊക്കെ
വിഷമമായി.
അതുപോലെ മോശമായ സമയമായിരുന്നു അദ്ദേഹത്തിന്. അദ്ദേഹത്തിന്റെ പോസ്റ്ററില്‍ ചാണകം വാരി മെഴുകുന്നത് പല സ്ഥലങ്ങളിലും നമ്മള്‍ കണ്ടിട്ടുണ്ട്. തിരുവനന്തപുരത്തും എറണാകുളത്തുമൊക്കെ. അദ്ദേഹത്തെ സംബന്ധിച്ച് എന്തോ ഒരു മോശം കാലഘട്ടമായിരുന്നു.
അദ്ദേഹത്തെ വെച്ച് ചിത്രങ്ങള്‍ എടുത്ത് നമുക്ക് നല്ല പണം കിട്ടിയിട്ടുണ്ട്. ഉയര്‍ച്ച ഉണ്ടായിട്ടുണ്ട്. അദ്ദേഹത്തിന് ഇങ്ങനെ ഒരു അവസ്ഥ വരുമ്പോള്‍ ഒരു ചിത്രം അദ്ദേഹത്തെ വെച്ച് എടുക്കണമെന്ന് ഞങ്ങള്‍ ആലോചിച്ചു. കാശ് പോയാലും തരക്കേടില്ല. ഒന്ന് എടുത്തു നോക്കാമെന്ന് കരുതി.
അദ്ദേഹം കാരണം നമുക്ക് കാശ് കിട്ടിയിട്ടുണ്ട്. അപ്പോള്‍ അദ്ദേഹത്തിന് ഒരു വിഷമഘട്ടം വരുമ്പോള്‍ ഇട്ടെറിഞ്ഞു പോകുന്നത് ശരിയല്ലെന്ന് ഞങ്ങള്‍ക്ക് തോന്നി. ഇതൊന്നും മമ്മൂട്ടിക്ക് അറിയില്ല. അങ്ങനെ ഞങ്ങള്‍ ഒരു കഥ കേട്ടു. ഈ കഥ വേണമെങ്കില്‍ ബാംഗ്ലൂരിലോ ചെന്നൈയിലോ കൊച്ചിയിലോ ഒക്കെ വെച്ച് എടുക്കാം.
പക്ഷേ അത് നമ്മള്‍ ദല്‍ഹി പൊളിറ്റിക്‌സ് ആക്കി മാറ്റി. ചിത്രീകരണം ദല്‍ഹിയില്‍ തീരുമാനിച്ചു. അന്നത്തെ കാലത്ത് ദല്‍ഹിയില്‍ അധികം സിനിമകള്‍ ചിത്രീകരിച്ചിട്ടില്ല. ഒന്ന് രണ്ട് പാട്ടൊക്കെ എടുത്തിട്ടുണ്ട്. ദല്‍ഹിയില്‍ ചെന്ന് അവിടുത്തെ ആ മനോഹാരിത കണ്ടപ്പോള്‍ അവിടെ വെച്ച് എടുക്കാമെന്ന് തീരുമാനിച്ചു.
പിന്നെ അന്നത്തെ മമ്മൂട്ടിയുടെ മാര്‍ക്കറ്റ് വെച്ച്, ഈ ലൊക്കേഷന്‍ കണ്ടെങ്കിലും ആള്‍ക്കാര്‍ സിനിമയ്ക്ക് കയറട്ടെ എന്നുള്ള വിശ്വാസത്തിലാണ് നമ്മള്‍ ദല്‍ഹിയില്‍ പോകുന്നത്. അന്ന് രാജീവ് ഗാന്ധി പ്രധാനമന്ത്രിയാണ്. അദ്ദേഹത്തിന് വധഭീഷണിയുണ്ട്. ഞങ്ങള്‍ ജനുവരിയിലാണ് അവിടെ ചെല്ലുന്നത്.
ഈ ഭീഷണിയുള്ളതുകൊണ്ട് ഷൂട്ടിങ്ങിനുള്ള തോക്ക് പോലും ഫ്‌ളൈറ്റില്‍ കയറ്റില്ലായിരുന്നു. അങ്ങനെ ദല്‍ഹിയില്‍ ചെന്ന് ആദ്യത്തെ 10 ദിവസം റോഡുകളിലൊന്നും ഷൂട്ട് ചെയ്യാന്‍ സമ്മതിച്ചില്ല. അങ്ങനെ കേരള ഹൗസിനകത്ത് വെച്ച് ഷൂട്ടിങ് തുടങ്ങി. അവിടുത്തെ ഗാര്‍ഡനിലും പഴയ ബില്‍ഡിങ്ങിലുമൊക്കെയായി കുറച്ച് പോഷന്‍സ് തീര്‍ത്തു. പൊലീസുകാര്‍ മമ്മൂട്ടിയെ തല്ലുന്ന സീനൊക്കെ അങ്ങനെ എടുത്തതാണ്. പിന്നീട് ചിലരുടെ റെക്കമെന്‍ഡേഷനില്‍ പെര്‍മിഷനൊക്കെ എടുത്ത് ഷൂട്ടിന്റെ നല്ലൊരു ഭാഗവും പൂര്‍ത്തിയാക്കി.
തീഹാര്‍ ജയിലിലെ ഷൂട്ടിന് മാത്രം അനുമതി കിട്ടിയില്ല. അത് വേറൊരു രീതിയില്‍ ചിത്രീകരിച്ചു. പൂജപ്പുരയില്‍ വെച്ചാണ് ബാക്കി രംഗങ്ങള്‍ ചിത്രീകരിച്ചത്. വളരെ നന്നായി ആ സീനുകള്‍ എല്ലാം എടുക്കാന്‍ പറ്റി. എല്ലാം കൊണ്ടും സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ രീതിയിലേക്ക് അത് വന്നു.
എന്നാല്‍ ചിത്രം സെന്‍സറിന് കൊടുത്തപ്പോള്‍ ക്രൂരത കൂടുന്നു എന്ന് പറഞ്ഞ് ചില പ്രശ്‌നങ്ങള്‍ വന്നു. ഒരു ഫൈറ്റു പോലും ആ ചിത്രത്തിലില്ല. പക്ഷേ പത്ത് ഫൈറ്റ് കണ്ട പ്രതീതി ആള്‍ക്കാരില്‍ വരുത്താന്‍ ജോഷിക്കായി.
നമ്മള്‍ ഒരു സിനിമ ഹിറ്റാകണമെന്ന് കരുതി എത്ര പാടുപെട്ടാലും ചില ചിത്രങ്ങള്‍ പരാജയപ്പെടും. പക്ഷേ ദൈവത്തിന്റെ അനുഗ്രഹത്താല്‍ ആ സിനിമ വിജയിച്ചു. ക്ലൈമാക്‌സില്‍ ആളുകള്‍ എഴുന്നേറ്റ് നിന്ന് കയ്യടിച്ചു.
ന്യൂദല്‍ഹി തുടങ്ങിയപ്പോള്‍ തന്നെ അദ്ദേഹത്തിന്റെ സമയം തെളിഞ്ഞുതുടങ്ങി. പിന്നെ കുറേ സിനിമകള്‍ അദ്ദേഹത്തിന് തുടര്‍ച്ചയായി കിട്ടി,’ ജൂബിലി ജോയ് പറഞ്ഞു.
Content Highlight: Producer Jubilee Joy about Mammoottys Come back and Newdelhi Movie