മലയാളത്തിലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളില്‍ ഒന്നായാണ് മമ്മൂട്ടി – ജോഷി കൂട്ടകെട്ടില്‍ പിറന്ന ന്യൂ ഡെല്‍ഹിയെ കണക്കാക്കുന്നത്. തുടര്‍പരാജയങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയെന്ന നടന് ഒരു ഗംഭീര തിരിച്ചുവരവ് നല്‍കിയ ചിത്രം കൂടെയായിരുന്നു ന്യൂ ഡെല്‍ഹി.
ന്യൂ ഡെല്‍ഹി എന്ന ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് നിര്‍മാതാവ് ജോയി തോമസ്. മമ്മൂട്ടി തുടരെ പരാജയം ഏറ്റുവാങ്ങി മോശം അവസ്ഥയിലായിരുന്നു അപ്പോഴെന്നും അടുത്തടുത്ത് റിലീസായ സിനിമകള്‍ പരാജയപ്പെട്ടപ്പോള്‍ സിനിമ ഉപേക്ഷിച്ചു പോകുകയാണെന്നുവരെ മമ്മൂട്ടി തീരുമാനിച്ചിരുന്നു എന്നും ജോയി തോമസ് പറഞ്ഞു.
അങ്ങനെയുള്ള മമ്മൂട്ടിയെ ന്യൂ ഡെല്‍ഹിയില്‍ നായകനാക്കാം എന്ന് താന്‍ തീരുമാനിച്ചെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മമ്മൂട്ടി സിനിമകളുടെ വിജയത്തിലൂടെയാണ് തന്റെ ജീവിതത്തിലും ഉയര്‍ച്ചകളുണ്ടായിട്ടുളളതെന്നും മമ്മൂട്ടിക്കൊരു വിഷമഘട്ടം വന്നപ്പോള്‍ ഇട്ടെറിഞ്ഞു പോകുന്നത് ശരിയല്ലെന്ന് തോന്നിയത് കാരണമാണ് മമ്മൂട്ടിയെ വച്ച് ഈ ഒരു സിനിമ കൂടി നിര്‍മിക്കാം എന്ന് തീരുമാനിച്ചതെന്നും ജോയ് തോമസ് പറഞ്ഞു. മലയാള മനോരമ ദിനപത്രത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ദല്‍ഹി യാത്ര കഴിഞ്ഞ് തിരിച്ചെത്തി ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ ഡെന്നിസ് ജോസഫ് ഒരു സിനിമയുടെ ത്രെഡ് പറഞ്ഞു. ഒരു പത്രപ്രവര്‍ ത്തകന്‍ തന്റെ എതിരാളികളെ വകവരുത്തി വാര്‍ത്ത സൃഷ്ടിക്കുന്നതായിരുന്നു കഥാതന്തു. ആശയം എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടതോടെ ഡെന്നിസിനെയും ഗാനരചയിതാവ് ഷിബു ചക്രവര്‍ത്തിയേയും കൂടി തിരുവനന്തപുരത്ത് കോവളത്തെ സമുദ്ര ഹോട്ടലില്‍ താമസിപ്പിച്ച് തിരക്കഥ എഴുതാനുള്ള ഏര്‍പ്പാട് ചെയ്തു.
നായകനായി മമ്മൂട്ടിയെ അഭിനയിപ്പിക്കാം എന്നായിരുന്നു എന്റെ അഭിപ്രായം. മമ്മൂട്ടി ആ സമയത്ത് തുടരെ പരാജയം ഏറ്റുവാങ്ങി മോശം അവസ്ഥയിലായിരുന്നു. അടുത്തടുത്ത് റിലീസായ സിനിമകള്‍ പരാജയപ്പെട്ടപ്പോള്‍ സിനിമ ഉപേക്ഷിച്ചു പോകുകയാണെന്നുവരെ മമ്മൂട്ടി തീരുമാനിച്ചിരുന്നു.
മമ്മൂട്ടിയുടെ ഈ അവസ്ഥയെക്കുറിച്ച് ഞാനും ജോഷിയും ഡെന്നിസും കൂടി സംസാരിക്കുന്നുണ്ടായിരുന്നു. മമ്മൂട്ടി സിനിമകളുടെ വിജയത്തിലൂടെയാണ് എന്റെ ജീവിതത്തിലും ഉയര്‍ച്ചകളുണ്ടായിട്ടുളളത്. മമ്മൂട്ടിക്കൊരു വിഷമഘട്ടം വന്നപ്പോള്‍ ഇട്ടെറിഞ്ഞു പോകുന്നത് ശരിയല്ലെന്ന് എനിക്ക് തോന്നി. അതുകൊണ്ട് ഈ അവസ്ഥയാണെങ്കില്‍പ്പോലും മമ്മൂട്ടിയെ വച്ച് ഈ ഒരു സിനിമ കൂടി നിര്‍മിക്കാം എന്ന് തന്നെ ഞാന്‍ തീരുമാനിച്ചു. അങ്ങനെ ന്യൂ ഡെല്‍ഹി എന്ന ചിത്രം തുടങ്ങി,’ ജോയി തോമസ് പറയുന്നു.