ന്യൂ ഡെല്‍ഹി എന്ന സിനിമക്ക് ശേഷം ചെയ്യാനിരുന്ന സിനിമയെ കുറിച്ച് സംസാരിക്കുകയാണ് നിര്‍മാതാവ് ജോയി തോമസ്. തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫിനെ സംവിധായകനായി അവതരിപ്പിച്ചുകൊണ്ട് മമ്മൂട്ടിയെയും സുമലതയെയും നായിക നായകന്മാരാക്കി ഉള്ള സിനിമയായിരുന്നു അതെന്നും അദ്ദേഹം പറഞ്ഞു.
ഒരു ഫോട്ടോഗ്രാഫറും നടിയും തമ്മിലുള്ള പ്രണയമായിരുന്നു ചിത്രത്തിന്റെ ഇതിവൃത്തമെന്നും രജിനികാന്ത് ഗസ്റ്റ് റോളില്‍ വരാമെന്ന് സമ്മതിച്ചതായിരുവെന്നും ജോയി തോമസ് കൂട്ടിച്ചേര്‍ത്തു. നാല് ദിവസത്തെ ഷൂട്ട് നടന്നെന്നും എന്നാല്‍ ഡെന്നിസ് ജോസഫിന് എന്തോ ഒരു പന്തികേട് തോന്നിയതുകൊണ്ട് ചിത്രം ഉപേക്ഷിച്ചെന്നും അദ്ദേഹം പറഞ്ഞു. വെണ്‍മേഘഹംസങ്ങള്‍ എന്നായിരുന്നു ചിത്രത്തിന്റെ പേരെന്നും ജോയ് തോമസ് പറയുന്നു. മലയാള മനോരമ ദിനപത്രത്തോട് സംസാരിക്കുകയായിരുന്നു ജോയി തോമസ്.
‘ന്യൂ ഡെല്‍ഹി എന്ന സിനിമ വലിയ ഹിറ്റായി മാറിയപ്പോള്‍ അതിനുശേഷമെടുക്കുന്ന സിനിമ ഏതായിരിക്കണം, എന്തായിരിക്കണം എന്ന കാര്യത്തില്‍ ഒരാശങ്കയുണ്ടായിരുന്നു. താരങ്ങള്‍, സംവിധായകന്‍, നല്ല കഥ, ഇതെല്ലാം ഒത്തു വരണം. ഒരു നല്ല കൂട്ടായ്മയില്‍ വേണം അടുത്ത സിനിമയും നിര്‍മിക്കാന്‍ എന്ന് ഞാന്‍ തീരുമാനിച്ചിരുന്നു. ഡെന്നിസ് ജോസഫിനെ സംവിധായകനായി അവതരിപ്പിക്കാനും ഞാന്‍ തീരുമാനിച്ചു.
അങ്ങനെ ഡെന്നിസ് പുതിയ ഒരു കഥ കൂടി എഴുതി. ഒരു സിനിമാനടി നായികയായി വരുന്ന കഥ. നായികയായി സുമലതയേയും നായകനായി മമ്മൂട്ടിയേയും തീരുമാനിച്ചു. ഒരു ഫോട്ടോഗ്രാഫറും നടിയും തമ്മിലുളള ബന്ധം, അവരുടെ പ്രണയം. ആ പ്രണയത്തിനിടയിലുണ്ടാകുന്ന ചില പ്രശ്നങ്ങള്‍ കാരണം ഇരുവരും തെറ്റിപ്പിരിയുന്നു. ‘വെണ്‍മേഘഹംസങ്ങള്‍’ എന്ന് സിനിമക്ക് പേരുമിട്ടു.
ക്ലൈമാക്‌സില്‍ ഒരു സിനിമാനടന്‍ വരുന്നുണ്ട്. ആ നടനാണ് നായകനെയും നായികയേയും ഒടുവില്‍ ഒരുമിപ്പിക്കുന്നത്. അഞ്ചോ, ആറോ സീനുകളില്‍ വരുന്ന ആ നടന്‍ ആരായിരിക്കണമെന്ന് ഞങ്ങള്‍ ആലോചിച്ചപ്പോള്‍ രജിനികാന്തിനെ വിളിക്കാം എന്നു തോന്നി. രജിനിയുമായി ചര്‍ച്ച ചെയ്തപ്പോള്‍ അദ്ദേഹത്തിനും സമ്മതം.
അങ്ങനെ ഷൂട്ടിങ് തുടങ്ങി. നാല് ദിവസം ഷൂട്ട് ചെയ്തുകഴിഞ്ഞപ്പോള്‍ മൊത്തത്തില്‍ എന്തോ ഒരു നെഗറ്റീവ് ചിന്ത തോന്നിത്തുടങ്ങി. മമ്മൂട്ടിയും, സുമലതയും ഒരുമിച്ചുളള കുറച്ച് സീനുകള്‍ ഷൂട്ട് ചെയ്തിരുന്നു. വിദേശത്തും ഷൂട്ട് ചെയ്യാനുണ്ട്. അതിനുവേണ്ടി ദുബായിലൊക്കെ പോയി ഞങ്ങള്‍ ലൊക്കേഷന്‍ കാണുകയുമുണ്ടായി.
പക്ഷേ ഈ സിനിമയുമായി മുന്നോട്ടു പോകാന്‍ ഡെന്നിസ് ജോസഫിനും എന്തോ പന്തികേട് തോന്നി. ഈ സിനിമ നമുക്ക് ഇവിടെ വച്ച് നിര്‍ത്തിയാലോയെന്നു ഡെന്നിസ് എന്നോട് ഒരു ദിവസം ചോദിച്ചു. ഞാനും അതിന് തയാറാകുകയായിരുന്നു. എന്തായാലും നാലുദിവസത്തെ ഷൂട്ടിങ് കഴിഞ്ഞപ്പോള്‍ വെണ്‍മേഘഹംസങ്ങള്‍ നിര്‍ത്തിവച്ചു. ആ സിനിമ പിന്നെ പൂര്‍ണമായും ഉപേക്ഷിച്ചു,’ ജോയി തോമസ് പറയുന്നു.
Content Highlight: Producer Joy Thomas Talks about Dropped Film With Mammootty, Sumalatha And Rajinikanth