| Friday, 29th December 2017, 12:19 pm

'മോനെ നിനക്ക് എവിടെ വേണമെങ്കിലും ജോലി നല്‍കാം'; പാര്‍വതിയെ അധിക്ഷേപിച്ചയാള്‍ക്ക് ജോലി വാഗ്ദാനവുമായി നിര്‍മ്മാതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മമ്മൂട്ടി ചിത്രം കസബയെ വിമര്‍ശിച്ചതിന്റെ പേരില്‍ നടി പാര്‍വതിയെ സോഷ്യല്‍മീഡിയയില്‍ അധിക്ഷേപിച്ച കേസില്‍ അറസ്റ്റിലായ യുവാവിനു ജോലി വാഗ്ദാനവുമായി കസബയുടെ നിര്‍മാതാവ് ജോബി ജോര്‍ജ്. കഴിഞ്ഞദിവസം ജാമ്യത്തിലിറങ്ങിയ വടക്കാഞ്ചേരി സ്വദേശി പ്രിന്റോയ്ക്കാണ് ജോബി ജോര്‍ജ് ജോലി വാഗ്ദാനവുമായി രംഗത്തെത്തിയിരിക്കുന്നത്.

“മോനേ നിന്റെ നമ്പര്‍ തരികയോ, എന്റെ വീട്ടിലോ ഓഫീസിലോ വരികയോ ചെയ്താല്‍ ഓസ്ട്രേലിയയിലോ ദുബായിലോ, യു.കെയിലോ തന്റെ മരണം വരെ ജോലി നല്‍ാകം” എന്ന ജോബി ജോര്‍ജിന്റെ ഫേസ്ബുക്ക് കമന്റാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. ജോബിയുടെ കമന്റ് പ്രിന്റോയെ അഭിസംബോധന ചെയ്താണെന്ന് ഐ.ഇ മലയാളമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

നേരത്തെ കസബയെ ചൊല്ലി വിവാദം ആരംഭിച്ചപ്പോള്‍ പാര്‍വതിയെയും ഗീതു മോഹന്‍ദാസിനെയും “ആന്റി” എന്ന് അഭിസംബോധന ചെയ്തും ജോബി രംഗത്തെത്തിയിരുന്നു. “ഗീതു ആന്റിയും, പാര്‍വതി ആന്റിയും അറിയാന്‍ കസബ നിറഞ്ഞ സദസില്‍ ആന്റിമാരുടെ ബര്‍ത്‌ഡേ തീയതി പറയാമെങ്കില്‍ എന്റെ ബര്‍ത്‌ഡേ സമ്മാനമായി പ്രദര്‍ശിപ്പിക്കുന്നതായിരിക്കും” എന്നായിരുന്നു ഡിസംബര്‍ 14 നു ജോബി തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്.

ജോബിയുടെ ഈ പോസ്റ്റും സോഷ്യല്‍മീഡിയയില്‍ വലിയതോതില്‍ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. ഐ.എഫ്.എഫ്.കെ വേദിയില്‍ വെച്ചായിരുന്നു കസബ സിനിമയെക്കുറിച്ച് പാര്‍വതി അഭിപ്രായം രേഖപ്പെടുത്തിയിരുന്നത്. തുടര്‍ന്ന് താരത്തിനെതിരെ സോഷ്യല്‍മീഡിയയില്‍ വ്യാപക പ്രചരണം നടന്നിരുന്നു. ഇതേത്തുടര്‍ന്ന് പാര്‍വതി കഴിഞ്ഞദിവസം പൊലിസില്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് പ്രിന്റോ അറസ്റ്റിലാകുന്നത്.

മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ അംഗമായ പ്രിന്റോ നടിക്കെതിരെ അധിക്ഷേപകരമായ പോസ്റ്റുകള്‍ പ്രചരിപ്പിച്ചുവെന്നായിരുന്നു കണ്ടെത്തല്‍. പ്രിന്റോയെ പിന്നീട് ജാമ്യത്തില്‍ വിട്ടയക്കുകയുും ചെയ്തു. ഇതിനു പിന്നാലെ മറ്റൊരാളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കോളേജ് വിദ്യാര്‍ഥിയും കൊല്ലം ചാത്തന്നൂര്‍ സ്വദേശിയുമായ റോജനാണ് പിടിയിലായത്. പാര്‍വതിയെ ബലാത്സംഗം ചെയ്യുമെന്ന് ഇയാള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ സന്ദേശം അയച്ചതായി പോലീസ് കണ്ടെത്തിയിരുന്നു.

അതേസമയം വിഷയത്തില്‍ നിലപാട് വ്യക്തമാക്കി മമ്മൂട്ടിയും കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. ആവിഷ്‌കാരസ്വാതന്ത്ര്യം പോലെ വലുതാണ് അഭിപ്രായ സ്വാതന്ത്ര്യമെന്നും തനിക്കുവേണ്ടി പ്രതികരിക്കാനും പ്രതിരോധിക്കാനും ആരെയും ഏല്‍പ്പിച്ചിട്ടില്ലെന്നുമായിരുന്നു മമ്മൂട്ടി പറഞ്ഞത്.

We use cookies to give you the best possible experience. Learn more