മലയാളത്തില്‍ ഒരുപിടി മികച്ച സിനിമകള്‍ സമ്മാനിച്ച പ്രൊഡക്ഷന്‍ കമ്പനിയാണ് ഗുഡ്‌വില്‍ എന്റര്‍ടൈന്മെന്റ്‌സ്. 2011ല്‍ ബാങ്കോക് സമ്മര്‍ എന്ന ചിത്രത്തിലൂടെയാണ് ഗുഡ്‌വില്‍ സിനിമാനിര്‍മാണരംഗത്തേക്ക് കാലെടുത്തുവെച്ചത്. പിന്നീട് കസബ, ആന്‍മരിയ കലിപ്പിലാണ്, അബ്രഹാമിന്റെ സന്തതികള്‍, ഷൈലോക്ക് തുടങ്ങി ഹിറ്റ് ചിത്രങ്ങള്‍ ഗുഡ്‌വില്ലില്‍ നിന്ന് പുറത്തുവന്നു. ഓണം റിലീസായി തിയേറ്ററുകളിലെത്തി ഇപ്പോഴും മികച്ച രീതിയില്‍ പ്രദര്‍ശനം തുടരുന്ന കിഷ്‌കിന്ധാ കാണ്ഡത്തിന്റെ നിര്‍മാണവും ഗുഡ്‌വില്‍ തന്നെയാണ്.
സണ്ണി വെയ്ന്‍ നായകനായി 2017ല്‍ റിലീസായ ആന്‍മരിയ കലിപ്പിലാണ് എന്ന ചിത്രത്തെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് നിര്‍മാതാവ് ജോബി ജോര്‍ജ്. മിഥുന്‍ മാനുവല്‍ തോമസിനെ തനിക്ക് പരിചയപ്പെടുത്തിയത് സംവിധായകരായ പ്രമോദ് പപ്പന്മാരാണെന്ന് ജോബി പറഞ്ഞു. രാത്രി ഒരുമണിക്കാണ് ആ സിനിമയുടെ കഥ കേള്‍ക്കാന്‍ സമയം കിട്ടിയതെന്നും കേട്ടപ്പോള്‍ തന്നെ ചെയ്യാമെന്ന് തീരുമാനിച്ചെന്നും ജോബി കൂട്ടിച്ചേര്‍ത്തു. സണ്ണി വെയ്ന്‍ എന്ന നടന്റ കരിയര്‍ ബ്രേക്ക് ചിത്രമായിരുന്നു അതെന്നും ജോബി പറഞ്ഞു.
കസബ എന്ന ചിത്രത്തിന്റെ ഷൂട്ട് നടക്കുന്ന സമയമായിരുന്നു അതെന്നും മമ്മൂട്ടിയുടെ ഇന്‍ഫ്‌ളുവന്‍സും ദുല്‍ഖറിന്റെ ഗസ്റ്റ് റോളിന് പിന്നിലുണ്ടായിരുന്നെന്നും ജോബി കൂട്ടിച്ചേര്‍ത്തു. എന്നിരുന്നാലും സണ്ണി വെയ്‌നും ദുല്‍ഖറും തമ്മിലുള്ള സൗഹൃദവും അതിന് കാരണമായെന്നും ജോബി പറഞ്ഞു. സാമ്പത്തികമായി തനിക്ക് നല്ല ലാഭമുണ്ടാക്കിയ സിനിമയാണ് ആന്‍മരിയയെന്നും ജോബി കൂട്ടിച്ചേര്‍ത്തു. മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിനോട് സംസാരിക്കുകയായിരുന്നു ജോബി.
‘മിഥുന്‍ മാനുവല്‍ തോമസായിരുന്നു ആന്‍മരിയയുടെ സംവിധായകന്‍. പ്രമോദ് പപ്പന്മാര്‍ വഴിയാണ് ഞാന്‍ ഈ സിനിമയിലേക്കെത്തുന്നത്. അവര്‍ എന്നെ വിളിച്ചിട്ട് ‘ഇങ്ങനെയൊരു കഥയുണ്ട്, ചേട്ടന്‍ ഒന്ന് കേട്ടുനോക്ക്’ എന്ന് അവര്‍ പറഞ്ഞു. പക്ഷേ എനിക്ക് സമയമുള്ളപ്പോഴേ കേള്‍ക്കൂ എന്ന് ഞാന്‍ പറഞ്ഞു. തൃശൂരില്‍ ഒരു പരിപാടിക്ക് പോകുന്ന സമയത്ത് കേള്‍ക്കാമെന്ന് വെച്ചു. മിഥുനോട് വരാന്‍ പറഞ്ഞു. പരിപാടി കഴിഞ്ഞ് കേള്‍ക്കാമെന്നായിരുന്നു പ്ലാന്‍. പക്ഷേ അത് കഴിഞ്ഞപ്പോള്‍ രാത്രി പന്ത്രണ്ടരയായി. അങ്ങനെ ഒരു മണിക്ക് ആ പടത്തിന്റ കഥ കേട്ടു.
കേട്ടപ്പോള്‍ തന്നെ എനിക്ക് ഇഷ്ടമായി. അത് ചെയ്യാമെന്ന് തീരുമാനിച്ചു. സണ്ണി വെയ്ന്‍ എന്ന നടന്റെ കരിയറിലെ ബ്രേക്ക് പോയിന്റായി ആന്‍മരിയ മാറി. ആ സമയത്ത് കസബയുടെ ഷൂട്ട് നടക്കുകയായിരുന്നു. അങ്ങനെ മമ്മൂക്കയുടെ നിശബ്ദസ്വാധീനം കൊണ്ട് ദുല്‍ഖറും ഈ പടത്തില്‍ ഗസ്റ്റ് റോള്‍ ചെയ്തു. മമ്മൂക്കയുടെ ഇന്‍ഫ്‌ളുവന്‍സ് മാത്രമല്ല, സണ്ണി വെയ്‌നിനോട് ദുല്‍ഖറിനുള്ള സൗഹൃദവും ആ ഗസ്റ്റ് റോളിന് കാരണമാണ്. സാമ്പത്തികമായി എനിക്ക് ലാഭമുണ്ടാക്കിയ ചിത്രം കൂടിയാണത്,’ ജോബി ജോര്‍ജ് പറഞ്ഞു.
Content Highlight: Producer Joby George about cameo role of Dulquer in Aanmariya Kalippilanu