| Thursday, 28th November 2019, 4:50 pm

വെയില്‍ ഉപേക്ഷിക്കുന്നു; സംവിധായകന് മറ്റൊരു സിനിമ കൊടുക്കുമെന്നും ജോബി ജോര്‍ജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: ജോബി ജോര്‍ജ് നിര്‍മിച്ച് ശരത് മേനോന്‍ സംവിധാനം ചെയ്യുന്ന വെയില്‍ സിനിമ ഉപേക്ഷിക്കുകയാണെന്ന് നിര്‍മാതാവ് ഔദ്യോഗികമായി അറിയിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ജോബി ജോര്‍ജ് വെയില്‍ ഉപേക്ഷിക്കുന്ന കാര്യം അറിയിച്ചത്. നടന്‍ ഷെയ്ന്‍ നിഗം അച്ചടക്ക ലംഘനം നടത്തി എന്ന് ആരോപിച്ചാണ് ചിത്രം പാതിവഴിയില്‍ ഉപേക്ഷിക്കുന്നത്.

‘ആദ്യമായി നമ്മുടെ ഗുഡ്‌വില്‍ തുടങ്ങിവെച്ച ഒരു സിനിമ, വെയില്‍ വേണ്ട എന്ന് വെയ്ക്കുകയാണ്, ഗുഡ്‌വില്‍ എല്ലായിപ്പോഴും ജനങ്ങള്‍ക്കും അസോസിയേഷനും ഒപ്പമാണ്. കൂടെയുണ്ടാവണം.’, ജോബി ജോര്‍ജ് ഫേസ്ബുക്കില്‍ കുറിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ശരത് മേനോന് വെയിലിന് പകരമായി മറ്റൊരു സിനിമ നല്‍കുമെന്നും ജോബി ജോര്‍ജ് പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിന് താഴെയുള്ള കമന്റില്‍ ഒരാളുടെ ചോദ്യത്തിന് മറുപടിയായാണ് ജോബി ജോര്‍ജ് ഇക്കാര്യം പറഞ്ഞത്.

ശരത് മേനോന്റെ ആദ്യ ചിത്രമായിരുന്നു വെയില്‍. സിനിമയുടെ രണ്ടാം ഷെഡ്യൂളില്‍ ഷെയ്ന്‍ സഹകരിക്കാതിരിക്കുകയും സെറ്റില്‍ നിന്നും ഇറങ്ങി പോകുകയും ചെയ്തതോടെ സിനിമയുടെ ചിത്രീകരണം പ്രതിസന്ധിയിലാവുകയായിരുന്നു. തുടര്‍ന്നാണ് ജോബി ജോര്‍ജ് നിര്‍മ്മാതാക്കളുടെ സംഘടനയില്‍ പരാതി കൊടുത്തത്.

ഷെയ്‌നിനെ നായകനാക്കി പുറത്തിറങ്ങാനിരിക്കുന്ന ഖുര്‍ബാനിയും ഉപേക്ഷിക്കുമെന്ന് നിര്‍മാതാക്കളുടെ സംഘടന പറഞ്ഞിരുന്നു. ഈ സിനിമകള്‍ക്ക് ചെലവായ തുക നല്‍കാതെ ഷെയ്‌നിനെ ഇനി മലയാളസിനിമകളില്‍ അഭിനയിപ്പിക്കില്ലെന്നും ഇത് വരെ ചെലവായ തുക ഷെയ്‌നില്‍ നിന്ന് ഈടാക്കുമെന്നും നിര്‍മ്മാതാക്കളുടെ സംഘടന പറഞ്ഞിരുന്നു. രണ്ട് സിനിമയ്ക്കും ചെലവായത് ഏഴ് കോടി രൂപയാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഷെയ്‌നിനെ വിലക്കിയ കാര്യം എ.എം.എം.എ സംഘടനയെ അറിയിച്ചിട്ടുണ്ടെന്നും അന്യഭാഷ ചിത്രത്തില്‍ അഭിനയിപ്പിക്കുന്നതിനെ സംബന്ധിച്ച് അവിടത്തെ നിര്‍മ്മാതാക്കളുമായി സംസാരിക്കുമെന്നും നിര്‍മ്മാതാക്കളുടെ സംഘടന പറഞ്ഞിരുന്നു. ഷെയ്‌നെതിരെയുള്ള പരാതി പരിശോധിക്കുമെന്ന് എ.എം.എം.എ സംഘടന പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more