പ്രിയന്റെ കോണ്‍ഫിഡന്‍സ് സമ്മതിക്കാതിരിക്കാന്‍ പറ്റില്ല; അന്ന് 50000 രൂപ ശമ്പളം വാങ്ങിയിരുന്ന പ്രിയന്‍ ഈ സിനിമ വെച്ച് 10 ലക്ഷം രൂപ വരെ ഉണ്ടാക്കി: നിര്‍മാതാവ് ഗുഡ്‌നൈറ്റ് മോഹന്‍
മോഹന്‍ലാല്‍, രേവതി, തിലകന്‍, ഇന്നസെന്റ്, ജഗതി ശ്രീകുമാര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രമാണ് കിലുക്കം. 1991ല്‍ പുറത്തിറങ്ങിയ ചിത്രം പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന മലയാളസിനിമയിലെ എക്കാലത്തേയും മികച്ച ഹിറ്റുകളിലൊന്നാണ്.
ചിത്രത്തിന്റെ നിര്‍മാതാവായിരുന്ന ഗുഡ്‌നൈറ്റ് മോഹന്‍ ഇപ്പോള്‍ കിലുക്കത്തിന്റെ നിര്‍മാണ സമയത്തെ ഓര്‍മകള്‍ പങ്കുവെക്കുകയാണ്. സഫാരി ചാനലിന്റെ ‘ചരിത്രം എന്നിലൂടെ’ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മോഹന്‍.
അന്നത്തെ കാലത്തെ ഏറ്റവും ചെലവേറിയ സിനിമയായിരുന്നു കിലുക്കമെന്നും ചിത്രം വലിയ വിജയമാകുമെന്ന് തനിക്ക് ഉറപ്പില്ലായിരുന്നെന്നുമാണ് മോഹന്‍ പറയുന്നത്.
”അന്നത്തെ കാലത്ത് ഏറ്റവും എക്‌സ്‌പെന്‍സീവ് ആയ പടമായിരുന്നു കിലുക്കം. 60 ലക്ഷം രൂപ ചെലവ് വന്നു. അന്ന് 20-25 ലക്ഷം രൂപയ്ക്ക് മലയാളം പടം തീരുന്നതാണ്. ഞാന്‍ പറഞ്ഞു ഇത് ഭയങ്കര എക്‌സ്‌പെന്‍സീവ് പടമാണല്ലോ. കുറെ തമാശയുണ്ടെന്നല്ലാതെ ഞാന്‍ അതില്‍ വലിയ കഥയൊന്നും കണ്ടില്ല. അപ്പൊ പ്രിയന്റെ കോണ്‍ഫിഡന്‍സ് സമ്മതിക്കാതിരിക്കാന്‍ പറ്റില്ല,” ഗുഡ്‌നൈറ്റ് മോഹന്‍ പറഞ്ഞു.
എന്നാല്‍ സംവിധായകനായിരുന്ന പ്രിയദര്‍ശന് ചിത്രത്തെക്കുറിച്ച് നല്ല ആത്മവിശ്വാസമുണ്ടായിരുന്നെന്നും അദ്ദേഹം പറയുന്നുണ്ട്. ”പ്രിയന്‍ ചോദിച്ചു, ചേട്ടന്‍ ഒരു കാര്യം ചെയ്യൂ, ഈ പടത്തിന് ഒരു കോടി രൂപയ്ക്ക് മേല്‍ കളക്ഷന്‍ കിട്ടുകയാണെങ്കില്‍ ഇതിന്റെ ബാക്കി ലാംഗ്വേജ് റൈറ്റ് എനിക്ക് തരുമോ, എന്ന്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മലയാളസിനിമയില്‍ ആ സമയത്ത് ഒരു കോടി രൂപ കളക്ഷന്‍ വരുമെന്നുള്ള കാര്യം തന്നെ എനിക്ക് അറിയില്ലായിരുന്നുവെന്നും അതുകൊണ്ട് പ്രയദര്‍ശന്‍ ആവശ്യപ്പെട്ട കാര്യം താന്‍ അംഗീകരിച്ചുവെ ന്നും ഗുഡ്‌നൈറ്റ് മോഹന്‍ പറയുന്നു.
”പ്രിയാ, പടം ഒരു കോടി രൂപയ്ക്ക് മേലെ കളക്റ്റ് ചെയ്താല്‍ എല്ലാ റൈറ്റും നീ എടുത്തോ എന്ന് ഞാന്‍ പറഞ്ഞു. പടം അന്നത്തെ കാലത്ത് അഞ്ച് കോടി രൂപ കളക്റ്റ് ചെയ്തു. മലയാള സിനിമയിലെ അതുവരെയുള്ള സകല റെക്കോര്‍ഡും ബ്രേക്ക് ചെയ്ത് ഏറ്റവുമധികം കളക്റ്റ് ചെയ്ത പടമായിരുന്നു അത്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംവിധായകന്‍ പ്രിയദര്‍ശന്‍ തമിഴിലും തെലുങ്കിലും ഹിന്ദിയുലുമെല്ലാം ചിത്രത്തിന്റെ പകര്‍പ്പവകാശം വിറ്റുവെന്നും ഇതിലൂടെ അന്ന് 50000 രൂപ മാത്രം ശമ്പളമുണ്ടായിരുന്ന പ്രിയദര്‍ശന്‍ 10 ലക്ഷം രൂപ വരെ ഇതിലൂടെ നേടിയെന്നും ഗുഡ്‌നൈറ്റ് മോഹന്‍ പരിപാടിയില്‍ പറഞ്ഞു.
മായാമയൂരം, അയ്യര്‍ ദ ഗ്രേറ്റ്, വെള്ളിത്തിര, കാലാപാനി, സ്ഫടികം, മിന്നാരം എന്നിവയായിരുന്നു ഗുഡ്‌നൈറ്റ് മോഹന്‍ നിര്‍മിച്ച മറ്റ് പ്രധാന മലയാള ചിത്രങ്ങള്‍.