| Saturday, 30th September 2023, 1:28 pm

ഞാൻ വേണ്ടന്നുവെച്ച പല വമ്പൻ സിനിമകളും പിന്നീട് പരാജയപെട്ടു: ഗോകുലം ഗോപാലൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

താൻ വേണ്ടന്നുവെച്ച പല വമ്പൻ സിനിമകളും പിന്നീട് പരാജയപെട്ടതായാണ് കണ്ടതെന്ന് നിർമാതാവ് ഗോകുലം ഗോപാലൻ. ഉപേക്ഷിച്ച സിനിമകൾ പിന്നീട് വിജയം നേടിയതായി കണ്ടിട്ടുണ്ടോ എന്ന ചോദ്യത്തിനായിരുന്നു ഗോകുലം ഗോപാലന്റെ മറുപടി. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അങ്ങനെ വിജയിച്ചത് ഞാൻ കണ്ടിട്ടില്ല. ഞാൻ പ്രൊഡക്ഷൻ ചെയ്യണമെന്ന് പറഞ്ഞ് വലിയ ആൾക്കാർ എന്റെ അടുത്ത് വന്നപ്പോൾ , ഞാൻ വേണ്ട എന്ന് പറഞ്ഞിട്ട് അവരത് എടുത്ത് പരാജയപ്പെട്ട ചരിത്രമാണ് കണ്ടത്. ആരാണെന്ന് ഞാൻ പറയുന്നില്ല പക്ഷേ അങ്ങനെയാണ് എന്റെ അനുഭവം. ഇത് കാണുന്ന ആളുകൾക്ക് മനസ്സിലാവും ഞാൻ ആരെക്കുറിച്ചാണ് പറയുന്നത് എന്ന്,’ ഗോകുലം ഗോപാലൻ പറഞ്ഞു.

വിതരണത്തിനായി താൻ ഏറ്റെടുത്ത സിനിമകൾ പലതും കണ്ടിട്ടില്ലെന്നും അതൊന്നും പരാജയപെട്ടില്ലെന്നും ഗോകുലം ഗോപാലൻ പറഞ്ഞു. ചരിത്രപരമായ സന്ദേശമുള്ള സിനിമകളാണ് താൻ എടുക്കാറുള്ളതെന്നും എന്നും മോശമായ സിനിമകൾ എടുക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ഞാൻ പ്രൊഡക്ഷൻ ചെയ്ത സിനിമകൾ എല്ലാം ചരിത്രപരമായ സന്ദേശമുള്ള സിനിമകളാണ്. അങ്ങനെയുള്ള സിനിമകളെ ഞാൻ എടുത്തിട്ടുള്ളു, മോശമായ സിനിമകൾ എടുക്കാറില്ല. പിന്നെ ഡിസ്ട്രിബ്യുഷന് എടുക്കുന്ന ചില സിനിമകളൊക്കെ നമ്മൾ കാണാതെ എടുക്കും. ചില സിനിമകൾ അവർ കാണിക്കുകയുമില്ല. പക്ഷെ അവയൊന്നും പരാജയപ്പെട്ടിട്ടില്ല.
ജയ്‌ലർ എന്ന സിനിമയൊക്കെ നല്ല ഒരു വിജയമാണ് എനിക്ക് തന്നത്. അത് പോലെ രജിനികാന്തുമായി നല്ല ഒരു ബന്ധം സ്ഥാപിക്കാൻ സാധിച്ചു. കാരണം കേരളത്തിൽ ഞങ്ങൾ നല്ല രീതിയിലായിരുന്നു കാര്യങ്ങൾ ചെയ്തിരുന്നത്. അതിന്റെ റിസൾട്ടും നമുക്ക് കിട്ടി,’ അദ്ദേഹം പറഞ്ഞു.

രജിനികാന്തിന്റെ ജയ്‌ലറും ഷാരൂഖ് ഖാന്റെ ജവാനും ഈ അടുത്തിടെ ഗോകുലം ഗോപാലൻ കേരളത്തിൽ വിതരണം ചെയ്ത സിനിമകളാണ്. ജയം രവിയുടെ ഇരൈവനും വിജയിയുടെ ലിയോയും ഇനി പുറത്തിറങ്ങാനിരിക്കുന്ന സിനിമകളാണ്.

Content Highlight: Producer Gokulam Gopalan says that many of the big films he had rejected later turned out to be failures


ഡൂള്‍ന്യൂസിനെ വാട്‌സ്ആപ്പ് ചാനലില്‍ പിന്തുടരാന്‍ ഇവിടെ ക്ലിക് ചെയ്യുക

We use cookies to give you the best possible experience. Learn more