കഴിഞ്ഞ രണ്ട് വര്‍ഷമായി തിയേറ്റര്‍ റിലീസ് ഇല്ലാതിരിക്കുന്ന നടനാണ് സൂര്യ. 2022ല്‍ റിലീസായ എതര്‍ക്കും തുനിന്തവനാണ് സൂര്യ നായകനായ അവസാന ചിത്രം. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ പാണ്ഡിരാജ് സംവിധാനം ചെയ്ത ചിത്രം ബോക്‌സ് ഓഫീസില്‍ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല. ഇതോടെ ബോക്‌സ് ഓഫീസ് ഹിറ്റെന്ന ദീര്‍ഘകാലത്തെ സൂര്യയുടെ ആഗ്രഹവും പാഴായിരുന്നു. പിന്നീട് വിക്രം എന്ന സിനിമയില്‍ അവസാനം വന്ന ഗസ്റ്റ് റോള്‍ ആരാധകര്‍ ആഘോഷമാക്കി.
രണ്ട് വര്‍ഷത്തോളം നീണ്ടുനിന്ന ഷൂട്ടിനൊടുവില്‍ സൂര്യ നായകനാകുന്ന കങ്കുവ റിലീസിന് തയാറെടുക്കുകയാണ്. പല തവണ റിലീസ് മാറ്റിവെക്കേണ്ടിവന്ന ചിത്രം നവംബര്‍ 14ന് തിയേറ്ററുകളിലെത്തുകയാണ്. 300 കോടിക്കടുത്ത് ബജറ്റില്‍ പൂര്‍ത്തിയായ ചിത്രം ത്രീ.ഡിയിലാണ് പ്രേക്ഷകരുടെ മുന്നിലേക്കെത്തുന്നത്. തമിഴിന് പുറമെ ഒമ്പത് ഭാഷകളിലായാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലറിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. രണ്ട് കാലഘട്ടത്തിലായാണ് കങ്കുവയുടെ കഥ നടക്കുന്നത്.
തമിഴ്‌നാട് ഒഴികെ ബാക്കി എല്ലായിടത്തും പുലര്‍ച്ചെ നാല് മണിക്ക് ചിത്രത്തിന്റെ ആദ്യ ഷോ ആരംഭിക്കുമെന്ന് പറയുകയാണ് നിര്‍മാതാവ് ജ്ഞാനവേല്‍രാജ. ചിത്രത്തില്‍ സൂര്യയുടെ ടൈറ്റില്‍ കാര്‍ഡ് വ്യത്യസ്തമായ അനുഭവമായിരിക്കുമെന്നും ലോകത്താകമാനമായി 4500ലധികം തിയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യുമെന്നും ജ്ഞാനവേല്‍ രാജ കൂട്ടിച്ചേര്‍ത്തു. അടുത്തയാഴ്ച മുതല്‍ ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികള്‍ ആരംഭിക്കുമെന്നും ജ്ഞാനവേല്‍ രാജ പറഞ്ഞു.
‘നോര്‍ത്ത് ഇന്ത്യ, ഓവര്‍സീസ് ഏരിയകളില്‍ പറ്റാവുന്നത്രയും സ്‌ക്രീനുകളില്‍ കങ്കുവ റിലീസ് ചെയ്യും. മറ്റൊരു സിനിമയും ആ ദിവസം റിലീസില്ല എന്നത് അഡ്വാന്റേജാണ്. തമിഴ്‌നാട് ഒഴികെ ബാക്കി എല്ലായിടത്തും പുലര്‍ച്ചെ നാല് മണിക്ക് തന്നെ ആദ്യ ഷോ ആരംഭിക്കും. ചിത്രത്തില്‍ സൂര്യയുടെ ടൈറ്റില്‍ കാര്‍ഡ് ആരാധകര്‍ക്ക് വ്യത്യസ്ത അനുഭവമായിരിക്കും. അടുത്തയാഴ്ച മുതല്‍ ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികള്‍ ആരംഭിക്കും,’ ജ്ഞാനവേല്‍ രാജ പറഞ്ഞു.
ബി.സി നാലാം നൂറ്റാണ്ടിലെ കങ്കുവ എന്ന യോദ്ധാവിന്റെ കഥയാണ് ചിത്രം പറയുന്നത്. ചരിത്ര പശ്ചാത്തലത്തോടൊപ്പം ആധുനിക കാലത്തെ കഥയും ചിത്രം പറയുന്നുണ്ട്. രണ്ട് വ്യത്യസ്ത ഗെറ്റപ്പില്‍ സൂര്യ എത്തുമ്പോള്‍ ബോളിവുഡ് താരം ബോബി ഡിയോളാണ് ചിത്രത്തിലെ വില്ലന്‍ വേഷം അവതരിപ്പിക്കുന്നത്. ബോളിവുഡ് താരം ദിശാ പഠാണിയാണ് നായിക. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്റെ സംഗീതം.
Content Highlight: Producer Gnanvel Raja about the promotion of Kanguva