| Saturday, 13th July 2024, 9:16 pm

ആ സിനിമ ഹിന്ദിയില്‍ നല്ല കളക്ഷന്‍ നേടിയത് കണ്ടിട്ടാണ് കങ്കുവ ഉടനെ റിലീസ് ചെയ്യാന്‍ തീരുമാനിച്ചത്: ജ്ഞാനവേല്‍ രാജ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാപ്രേമികള്‍ ഈ വര്‍ഷം ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് കങ്കുവ. അണ്ണാത്തേക്ക് ശേഷം ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൂര്യയാണ് നായകന്‍. പൂര്‍ണമായും ത്രീഡിയില്‍ ചിത്രീകരിച്ച കങ്കുവ പത്ത് ഭാഷകളിലായാണ് റിലീസ് ചെയ്യുന്നത്. മൂന്ന് വര്‍ഷത്തോളം നീണ്ടു നിന്ന ചിത്രീകരണത്തിനൊടുവില്‍ ഒക്ടോബറില്‍ ചിത്രം തിയേറ്ററുകളിലെത്തും.

നേരത്തെ സമ്മര്‍ റിലീസായി പ്രഖ്യാപിക്കപ്പെട്ട ചിത്രം ചില സാങ്കേതിക കാരണങ്ങളാല്‍ റിലീസ് മാറ്റിവെച്ചിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി തിയേറ്റര്‍ റിലീസില്ലാത്തതിനാല്‍ സൂര്യ ഫാന്‍സ് അസ്വസ്ഥരായിരുന്നു. ഏറ്റവുമൊടുവില്‍ തിയേറ്ററില്‍ ഇറങ്ങിയ സൂര്യയുടെ എതര്‍ക്കു തുനിന്തവന്‍ പ്രതീക്ഷിച്ച വിജയം നേടാത്തതും ആരാധകരെ നിരാശരാക്കിയിരുന്നു.

എന്നാല്‍ ഒക്ടോബറില്‍ കങ്കുവ റിലീസ് ചെയ്യാന്‍ തനിക്ക് ധൈര്യം തന്നത് പ്രഭാസ് ചിത്രം കല്‍ക്കി നോര്‍ത്ത് ഇന്ത്യയില്‍ നേടിയ വിജയമായിരുന്നുവെന്ന് നിര്‍മാതാവ് ജ്ഞാനവേല്‍ രാജ പറഞ്ഞു. ഇത്രയും ബജറ്റ് റിക്കവര്‍ ചെയ്യുന്നതില്‍ ഹിന്ദി ബെല്‍റ്റ് വളരെ പ്രധാനമാണെന്നും കല്‍ക്കി പ്രതീക്ഷിച്ച വിജയം നേടിയില്ലായിരുന്നെങ്കില്‍ പുഷ്പ 2വിന്റെ റിലീസ് വരെ താന്‍ കാത്തിരുന്നേനെയെന്നും ജ്ഞാനവേല്‍ രാജ കൂട്ടിച്ചേര്‍ത്തു. ഗലാട്ടാ പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് ജ്ഞാനവേല്‍ രാജ ഇക്കാര്യം പറഞ്ഞത്.

‘കങ്കുവ ഒക്ടോബറില്‍ തന്നെ റിലീസ് ചെയ്യാന്‍ എനിക്ക് ധൈര്യം തന്നത് കല്‍ക്കിയുടെ ഹിന്ദി പതിപ്പ് നേടിയ വിജയമാണ്. കല്‍ക്കി നോര്‍ത്ത് ഇന്ത്യയില്‍ വലിയ വിജയമായെന്ന് അറിഞ്ഞ ദിവസമാണ് ഞങ്ങള്‍ കങ്കുവയുടെ റിലീസ് ഡേറ്റ് പുറത്തുവിട്ടത്. സൗത്ത് ഇന്ത്യന്‍ സിനിമകള്‍ ഹിന്ദി ബെല്‍റ്റില്‍ നേടുന്ന വിജയം വല്ലാത്ത ആത്മവിശ്വാസമാണ് തരുന്നത്.

കാരണം, ഇത്രയും വലിയൊരു സിനിമ റിക്കവറാകണമെങ്കില്‍ ഹിന്ദി ബെല്‍റ്റില്‍ നിന്ന് നല്ല സപ്പോര്‍ട്ട് വേണം. കല്‍ക്കിയുടെ വിജയം കണ്ടപ്പോള്‍ ആ സപ്പോര്‍ട്ട് ഞങ്ങള്‍ക്കും കിട്ടുമെന്ന് ഉറപ്പായി. ഒരുപക്ഷേ കല്‍ക്കിയുടെ റിസല്‍ട്ട് മറിച്ചായിരുന്നെങ്കില്‍ പുഷ്പ 2 ഇറങ്ങുന്നതുവരെ ഞങ്ങള്‍ കാത്തിരുന്നേനെ. പക്ഷേ ആരാധകര്‍ ഞങ്ങള്‍ക്ക് സൈ്വര്യം തരില്ലായിരുന്നെന്ന് മാത്രം,’ ജ്ഞാനവേല്‍ രാജ പറഞ്ഞു.

Content Highlight: Producer Gnanavel Raja saying Kalki’s success gives him courage to release Kanguva on October

We use cookies to give you the best possible experience. Learn more