രണ്ടാം ഭാഗത്തിനുള്ള ഗംഭീര എന്‍ഡിങ്ങോടെയാണ് കങ്കുവ അവസാനിക്കുന്നത്: പ്രൊഡ്യൂസര്‍ ജ്ഞാനവേല്‍ രാജ
Film News
രണ്ടാം ഭാഗത്തിനുള്ള ഗംഭീര എന്‍ഡിങ്ങോടെയാണ് കങ്കുവ അവസാനിക്കുന്നത്: പ്രൊഡ്യൂസര്‍ ജ്ഞാനവേല്‍ രാജ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 10th July 2024, 8:07 am

സിനിമാപ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് കങ്കുവ. 2021ല്‍ അനൗണ്‍സ് ചെയ്ത സിനിമ വന്‍ ബജറ്റില്‍ പൂര്‍ണമായും ത്രീഡിയിലാണ് ഒരുങ്ങുന്നത്. അണ്ണാത്തെയുടെ വന്‍ പരാജയത്തിന് ശേഷം ശിവ സംവിധാനം ചെയ്ത സിനിമ രണ്ട് കാലഘട്ടത്തിന്റെ കഥയാണ് പറയുന്നത്. സിരുത്തൈക്ക് ശേഷം മറ്റൊരാളുടെ കഥയില്‍ ശിവ ഒരുക്കുന്ന സിനിമയെന്ന പ്രത്യേകതയും കങ്കുവക്കുണ്ട്.

അതേസമയം സമീപകാലത്ത് എടുത്തു പറയാന്‍ ഒരു തിയേറ്റര്‍ ഹിറ്റില്ലാത്ത സൂര്യയുടെയും ഗംഭീര തിരിച്ചു വരവാണ് കങ്കുവയിലൂടെ ആരാധകര്‍ പ്രതീക്ഷിക്കുന്നത്. 2022ല്‍ പുറത്തിറങ്ങിയ എതര്‍ക്കും തുനിന്തവന്‍ പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. കങ്കുവയിലെ സൂര്യയുടെ ഗെറ്റപ്പ് വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. ബി.സി 4ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന കങ്കുവന്‍ എന്ന പോരാളിയായാണ് താരം എത്തുന്നത്.

മൂന്ന് വര്‍ഷത്തോളം നീണ്ടുനിന്ന ഷൂട്ടിനൊടുവില്‍ ചിത്രം ഒക്ടോബറില്‍ തിയേറ്ററിലെത്തുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. ഇപ്പോഴിതാ കങ്കുവക്ക് രണ്ടാം ഭാഗമുണ്ടാകുമെന്ന് അറിയിച്ചിരിക്കുകയാണ് നിര്‍മാതാവ് ജ്ഞാനവേല്‍ രാജ. രണ്ടാം ഭാഗത്തിലേക്ക് പ്രേക്ഷകരെ എക്‌സൈറ്റ് ചെയ്യിക്കുന്ന തരത്തിലുള്ള എന്‍ഡിങ്ങാണ് കങ്കുവക്കുള്ളതെന്നും 205ല്‍ രണ്ടാം ഭാഗത്തിന്റെ ഷൂട്ട് ആരംഭിക്കുമെന്നും ജ്ഞാനവേല്‍ രാജ പറഞ്ഞു.

180 ദിവസത്തോളം നീണ്ടുനിന്ന ഷൂട്ടാണ് കങ്കുവയുടേതെന്നും രണ്ടാം ഭാഗത്തിന്റെ സ്‌ക്രിപ്റ്റ് പൂര്‍ത്തിയായിട്ടുണ്ടെന്നും ജ്ഞാനവേല്‍ രാജ പറഞ്ഞു. ആദ്യഭാഗത്തെക്കാള്‍ പതിന്മടങ്ങ് വലുതാണ് രണ്ടാം ഭാഗമെന്നും ജ്ഞാനവേല്‍ രാജ കൂട്ടിച്ചേര്‍ത്തു. ഗലാട്ടാ പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് ജ്ഞാനവേല്‍ രാജ ഇക്കാര്യം പറഞ്ഞത്.

‘രണ്ട് ഭാഗമായിട്ടാണ് കങ്കുവ ഒരുങ്ങുന്നത്. രണ്ടാം ഭാഗത്തിന്റെ സ്‌ക്രിപ്റ്റ് പൂര്‍ത്തിയായിട്ടുണ്ട്. അതിലേക്ക് പ്രേക്ഷകരെ ഹുക്ക് ചെയ്യിക്കുന്ന തരത്തിലുള്ള എന്‍ഡിങ്ങാണ് ആദ്യഭാഗത്തിനുള്ളത്. 180 ദിവസത്തോളം നീണ്ടു നിന്ന ഷൂട്ടായിരുന്നു കങ്കുവയുടേത്. ആദ്യഭാഗത്തെക്കാള്‍ പതിന്മടങ്ങ് വലുതായിരിക്കും രണ്ടാം ഭാഗം. 2025ല്‍ രണ്ടാം ഭാഗത്തിന്റെ ഷൂട്ട് തുടങ്ങാനാണ് പ്ലാന്‍. 2026ല്‍ കങ്കുവ 2 തിയേറ്ററുകളിലെത്തിക്കാനാണ് പ്ലാന്‍,’ ജ്ഞാനവേല്‍ രാജ പറഞ്ഞു.

Content Highlight: Producer Gnanavel Raja confirms that Kanguva has second part