| Friday, 2nd August 2024, 4:02 pm

മികച്ച സിനിമകള്‍ ഉണ്ടാകുന്നുണ്ടെങ്കിലും പല ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളും മലയാളസിനിമയോട് വിമുഖത കാണിക്കുന്നുണ്ട്: ജ്ഞാനവേല്‍ രാജ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സാറ്റ്‌ലൈറ്റ്, ഒ.ടി.ടി റൈറ്റ്‌സ് പഴയതുപോലെ നിര്‍മാതാവിന് ലാഭം നല്‍കുന്നില്ലെന്ന് പറയുകയാണ് നിര്‍മാതാവ് ജ്ഞാനവേല്‍ രാജ. അത്തരം കാര്യങ്ങളിലൂടെ ലീഭം നേടി സേഫാകാമെന്ന് പല നിര്‍മാതാക്കളും മനസിലാക്കിയെന്ന് ജ്ഞാനവേല്‍ രാജ പറഞ്ഞു. എല്ലാ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളും പ്രാധാന്യം നല്‍കുന്നത് കണ്ടന്റുകള്‍ക്കാണെന്നും ജ്ഞാനവേല്‍ രാജ പറഞ്ഞു.

തമിഴിനെക്കാള്‍ മികച്ച സിനിമകള്‍ മലയാളത്തിലുണ്ടാകാറുണ്ടെന്നും കണ്ടന്റുകളുടെ കാര്യത്തില്‍ മലയാളത്തിനെ വെല്ലാന്‍ വേറൊരു ഇന്‍ഡസ്ട്രിയില്ലെന്നും ജ്ഞാനവേല്‍ രാജ പറഞ്ഞു. മഞ്ഞുമ്മല്‍ ബോയ്‌സ്, ആവേശം, പ്രേമലു പോലെ വിവിധ ഴോണറിലുള്ള സിനിമകളാണ് മലയാളത്തില്‍ ഹിറ്റാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

എന്നിരുന്നാലും പല ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളും മലയാളസിനിമകളോട് വിമുഖത കാണിക്കുന്നുണ്ടെന്നും ഇത് കാരണം മലയാളസിനിമക്ക് വേണ്ട രീതിയില്‍ ശ്രദ്ധ കിട്ടുന്നില്ലെന്നും ജ്ഞാനവേല്‍ രാജ പറഞ്ഞു. ഇന്റര്‍നാഷണല്‍ ലെവലില്‍ അഭിനന്ദനം കിട്ടേണ്ട കണ്ടന്റുകളാണ് മലയാളത്തില്‍ നിന്ന് വരുന്നതെന്നും എന്നാല്‍ അതിനനുസരിച്ചുള്ള പരിഗണന മലയാളത്തിന് കിട്ടുന്നില്ലെന്നും ജ്ഞാനവേല്‍ രാജ കൂട്ടിച്ചേര്‍ത്തു. ഗലാട്ട മീഡിയയോട് സംസാരിക്കുകയായിരുന്നു ജ്ഞാനവേല്‍ രാജ

‘സാറ്റ്‌ലൈറ്റ് ബിസിനസ് ഇപ്പോള്‍ പഴയതുപോലെയല്ല. ഒ.ടി.ടി റൈറ്റ്‌സും ഉദ്ദേശിച്ചതുപോലെയാകുന്നില്ല. ആദ്യമൊക്കെ ഒ.ടി.ടിയുമായി പ്രീമിയം ബിസിനസായിരുന്നു. 28 ദിവസത്തിനുള്ളില്‍ ഒ.ടി.ടിയിലെത്തുന്നത് കൊണ്ട് വലിയ ലാഭം കിട്ടി. പക്ഷേ പിന്നീട് അവര്‍ ആ പ്രീമിയം പോളിസി എടുത്തുകളഞ്ഞു. നല്ല കണ്ടന്റുള്ള സിനിമകള്‍ക്ക് മാത്രമേ ഒ.ടി.ടിയില്‍ നല്ല ബിസിനസ് കിട്ടുള്ളൂ. മലയാളം ഇന്‍ഡസ്ട്രിയില്‍ മാത്രമേ ഇപ്പോള്‍ നല്ല കണ്ടന്റുകള്‍ ഉണ്ടാകുന്നുള്ളൂ.

പ്രേമലു, മഞ്ഞുമ്മല്‍ ബോയ്‌സ്, ആവേശം ഇതെല്ലാം വലിയ വിജയമായ സിനിമകളാണ്. പക്ഷേ ഇത്രയും നല്ല സിനിമകളുണ്ടായിട്ടും മലയാളം ഇന്‍ഡസ്ട്രിയോട് പല ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ക്കും വിമുഖതയാണ്. അതിന്റെ കാരണമെന്താണെന്ന് അറിയില്ല. വളരെ കുറഞ്ഞ തുകക്കാണ് അവര്‍ ഈ സിനിമകളൊക്കെ വാങ്ങുന്നത്. വേണ്ടത്ര പരിഗണന മലയാളത്തിന് കിട്ടുന്നില്ല എന്നതാണ് സത്യം,’ ജ്ഞാനവേല്‍ രാജ പറഞ്ഞു.

Content Highlight: Producer Gnanavel Raja about Malayalam movies

We use cookies to give you the best possible experience. Learn more