കന്നഡ ഇന്‍ഡസ്ട്രിയില്‍ നിന്ന് വന്ന് പാന്‍ ഇന്ത്യന്‍ ലെവലില്‍ ശ്രദ്ധ നേടിയ ചിത്രമായിരുന്നു കാന്താര. റിഷബ് ഷെട്ടിയുടെ സംവിധാനത്തില്‍ 2022ല്‍ പുറത്തിറങ്ങിയ ചിത്രം കന്നഡയില്‍ ഇന്‍ഡസ്ട്രിയല്‍ ഹിറ്റായി മാറിയിരുന്നു. കര്‍ണാടകയുടെ പ്രാദേശിക ആചാരമായ ഭൂതക്കോലം ആസ്പദമാക്കി ഇറങ്ങിയ ചിത്രം ബോക്‌സ് ഓഫീസില്‍ 400 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയിരുന്നു.
ഭൂതക്കോലം എന്നത് പോലെ തമിഴ്‌നാട്ടില്‍ വെളിപാട് പറയുന്നവരുണ്ടെന്നും അതേ കാര്യം ആന്ധ്രയിലും ബിഹാറിലും കേരളത്തിലുമുണ്ടെന്നും പറയുകയാണ് തമിഴ് നിര്‍മാതാവ് ജ്ഞാനവേല്‍ രാജ. എല്ലാ നാട്ടിലും ഉള്ള ഒരു അനുഷ്ഠാനത്തിന്റെ മറ്റൊരു വകഭേദമാണ് കാന്താരയില്‍ കണ്ടതെന്നും അത് എല്ലാവര്‍ക്കും കണക്ടായതുകൊണ്ടാണ് ചിത്രം ഇന്ത്യ മുഴുവന്‍ ഹിറ്റായതെന്നും ജ്ഞാനവേല്‍ രാജ പറഞ്ഞു.
തങ്കലാനിലും അതേ ഫാക്ടര്‍ ഉണ്ടെന്നും എല്ലാ പ്രേക്ഷകര്‍ക്കും അത് വളരെ പെട്ടെന്ന് കണക്ടാകുമെന്നും ജ്ഞാനവേല്‍ രാജ പറഞ്ഞു. കുലദൈവവും അവര്‍ക്കുള്ള വഴിപാടും ഇന്നും ഇന്ത്യയിലെ പല ഗ്രാമത്തിലും കാണാന്‍ സാധിക്കുമെന്നും ജ്ഞാനവേല്‍ രാജ കൂട്ടിച്ചേര്‍ത്തു. ഒരു പ്രേക്ഷകനെന്ന നിലയില്‍ തങ്കലാന്റെ ഔട്ട്പുട്ട് കണ്ടപ്പോള്‍ തന്നെ തനിക്ക് ഇക്കാര്യം മനസിലായെന്നും ജ്ഞാനവേല്‍ രാജ പറഞ്ഞു. ഗലാട്ട എക്‌സ്‌ക്ലൂസീവിന് നല്‍കിയ അഭിമുഖത്തിലാണ് ജ്ഞാനവേല്‍ രാജ ഇക്കാര്യം പറഞ്ഞത്.
‘കാന്താര എന്ന സിനിമ പറഞ്ഞത് കര്‍ണാടകയിലെ ഒരു ഗ്രാമത്തിന്റെ കഥയാണ്. അവിടത്തെ ആളുകളുടെ ജീവതവും ബാക്കി കാര്യങ്ങളും കാണിച്ച സിനിമ ഇന്ത്യ മുഴുവന്‍ ഹിറ്റായി. അതിന്റെ കാരണം ഒന്നേയുള്ളൂ. ആ സിനിമയില്‍ കാണിച്ചിരിക്കുന്ന അനുഷ്ഠാന കല. കര്‍ണാടകയില്‍ ഭൂതക്കോലം എന്നറിയപ്പെടുന്ന സംഗതി മറ്റ് സ്ഥലങ്ങളില്‍ വേറെ പേരിലാണ് അറിയപ്പെടുന്നത്.
ദൈവത്തിന്റെ ഇടനിലക്കാരനായി ഒരാള്‍ നിന്ന് വെളിപാട് പറയുന്ന രീതി ഇന്നും പല സ്ഥലത്തുണ്ട്. കേരളത്തിലും തമിഴ്‌നാട്ടിലും ബീഹാറിലും അത്തരം കാര്യങ്ങള്‍ കാണാന്‍ സാധിക്കും. ആ ഒരു കാര്യം എല്ലായിടത്തും കണക്ടായി. കുലദൈവങ്ങളും ആചാരങ്ങളും എല്ലയിടത്തുമുള്ളതാണ്. തങ്കലാനിലും അത്തരത്തില്‍ എല്ലാവര്‍ക്കും കണക്ടാകുന്ന ഒരു ഫാക്ടര്‍ ഉണ്ട്. ഒരു പ്രേക്ഷകന്‍ എന്ന നിലക്കാണ് ചിത്രത്തിന്റെ ഫൈനല്‍ ഔട്ടപുട്ട് ഞാന്‍ കണ്ടത്,’ ജ്ഞാനവേല്‍ രാജ പറഞ്ഞു.
Content Highlight: Producer Gnanavel Raja about Kantara and Thangalaan