| Monday, 26th December 2022, 3:10 pm

സുരേഷ് ഗോപിയുടെ ആ സിനിമ കാരണം മമ്മൂട്ടി ചിത്രം തകര്‍ന്നടിഞ്ഞു; തീരെ കളക്ഷന്‍ ഇല്ലാതായ അവസ്ഥയില്‍ പ്രദര്‍ശനം അവസാനിപ്പിച്ചു: ദിനേശ് പണിക്കര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

1999ല്‍ മമ്മൂട്ടിയെ നായകനാക്കി ടി.എസ്. സുരേഷ് ബാബു സംവിധാനം ചെയ്ത ചിത്രമാണ് സ്റ്റാലിന്‍ ശിവദാസ്. വലിയ നഷ്ടമായിരുന്നു ചിത്രം കാരണം പ്രൊഡ്യൂസറായ ദിനേശ് പണിക്കര്‍ക്ക് ഉണ്ടായതെന്നാണ് അദ്ദേഹം പറയുന്നത്.

ചിത്രം ചെയ്യുന്നതില്‍ നിന്നും പിന്മാറിയ ദിനേശ് പിന്നീട് മമ്മൂട്ടിയുടെ നിര്‍ബന്ധം കാരണമാണ് സ്റ്റാലിന്‍ ശിവദാസ് ചെയ്യാമെന്ന തീരുമാനത്തിലേക്ക് എത്തിയത്. എന്നാല്‍ ലക്ഷങ്ങളുടെ നഷ്ടമാണ് പ്രൊഡ്യൂസര്‍ക്ക് ഉണ്ടായത്. ചിത്രത്തിന്റെ പരാജയ കാരണങ്ങളെക്കുറിച്ച് പറയുകയാണ് പ്രൊഡ്യൂസര്‍ ദിനേശ് പണിക്കര്‍.

സുരേഷ് ഗോപിയുടെ പത്രം എന്ന സിനിമ കാരണമാണ് തങ്ങളുടെ ചിത്രം പരാജയപ്പെട്ടതെന്നാണ് ദിനേശ് പണിക്കര്‍ പറഞ്ഞത്. മമ്മൂട്ടിയുടെ സ്റ്റാലിന്‍ ശിവദാസ് പുറത്തിറങ്ങി മൂന്നാമത്തെ ദിവസം തന്നെ സുരേഷ് ഗോപിയുടെ പത്രം റിലീസ് ചെയ്തിരുന്നുവെന്നും പിന്നാലെ വലിയ പരാജയമായ മമ്മൂട്ടി ചിത്രത്തിന്റെ തിയേറ്റര്‍ പ്രദര്‍ശനം അവസാനിപ്പിക്കേണ്ടി വന്നുവെന്നും ദിനേശ് പണിക്കര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ തന്നെ യൂട്യൂബ് ചാനലിലൂടെയാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”മമ്മൂക്കയെ വെച്ച് സിനിമ ചെയ്യണമെന്ന് എനിക്ക് ഭയങ്കര ആഗ്രഹമായിരുന്നു. കഥ പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് ഇഷ്ടമായി. പക്ഷെ ചിത്രത്തിന് വേണ്ടി ദാമോദരന്‍ മാഷ് എഴുതിയ സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ ഞാന്‍ പ്രതീക്ഷിക്കുന്ന തരത്തില്‍ എത്തിയില്ല.

അപ്പോഴേക്കും രണ്ടോ മൂന്നോ മാസം മുന്നോട്ട് പോയി. വിചാരിച്ച പോലെയൊരു കറക്ഷന്‍ സ്‌ക്രിപ്റ്റില്‍ നടന്നിട്ടില്ലായിരുന്നു. മമ്മൂക്കയെ കണ്ട് ഈ പടം ഞാന്‍ ചെയ്യുന്നില്ലെന്ന് പറയാന്‍ തീരുമാനിച്ചു. അപ്പോഴേക്കും അഞ്ച് ലക്ഷം രൂപ ഞാന്‍ മമ്മൂക്കക്ക് അഡ്വാന്‍സ് കൊടുത്തിരുന്നു.

എനിക്ക് ഈ പ്രൊജക്ട് ചെയ്യാന്‍ താല്‍പര്യമില്ലെന്ന് ഞാന്‍ മമ്മൂക്കയോട് പറഞ്ഞു. മമ്മൂക്ക ഭയങ്കര ഷോക്കായിപ്പോയി. കാരണം തുടങ്ങാന്‍ ആകെ കഷ്ടിച്ച് രണ്ട് മാസം കൂടിയേ ഉണ്ടായിരുന്നുള്ളു. ചെയ്യുന്നില്ലെന്ന് തീരുമാനിക്കാനുള്ള കാരണം പറയാന്‍ എന്നോട് പറഞ്ഞു.

സ്‌ക്രിപ്റ്റിലെ പ്രശ്‌നങ്ങള്‍ ഞാന്‍ അറിയിച്ചു. അത് കേട്ടപ്പോള്‍ ശരിക്കും മമ്മൂക്കക്ക് ദേഷ്യമാണ് വന്നത്. അത് ചെയ്തേ പറ്റുള്ളുവെന്ന് പറഞ്ഞു. സിനിമ ഞാന്‍ ചെയ്യുന്നില്ലെന്ന് തന്നെ അദ്ദേഹത്തോട് പറഞ്ഞു.

വീണ്ടും ആലോചിച്ചൂടെയെന്ന് മമ്മൂക്ക പറഞ്ഞു. മമ്മൂക്ക കൂടുതല്‍ നിര്‍ബന്ധിച്ചപ്പോള്‍ ചെയ്യാമെന്ന അവസ്ഥയിലേക്ക് ഞാന്‍ എത്തി. സ്റ്റാലിന്‍ ശിവദാസ് എന്ന് ചിത്രത്തിന് പേരിട്ടു.

നല്ല കളക്ഷനില്‍ പോയ ചിത്രത്തിന്റെ മൂന്നാം ദിവസം സുരേഷ് ഗോപിയുടെ പത്രം റിലീസായി. അത് എനിക്ക് വലിയ നഷ്ടമായി. അതിന്റെ ഇടയില്‍ മമ്മൂക്കയെ വെച്ചുള്ള എന്റെ പടം അതിന്റെ മേലെ ഉയര്‍ന്നില്ല. അങ്ങനെ പത്രം ഞങ്ങളെ ചവിട്ടി മെതിച്ചു. മൂന്നാം നാള്‍ ഞങ്ങള്‍ താഴേക്ക് പോയി. തീരെ കളക്ഷന്‍ ഇല്ലാത്ത അവസ്ഥയില്‍ അവസാനിപ്പിക്കേണ്ടി വന്നു,” ദിനേശ് പണിക്കര്‍ പറഞ്ഞു.

content highlight:Producer Dinesh Panicker talks about the reasons for the mzmmootty film’s failure

We use cookies to give you the best possible experience. Learn more