കിരീടത്തിന്റെ ക്ലൈമാക്‌സ് മാറ്റണമെന്ന ആവശ്യം ഉയര്‍ന്നു, മലയാള സിനിമക്ക് ഒരു മാറ്റമെന്ന് ഉറപ്പിച്ച ആ ക്ലൈമാക്‌സ് മാറ്റാതിരിക്കാന്‍ ഞങ്ങള്‍ ഒറ്റക്കെട്ടായി നിന്നു: ദിനേശ് പണിക്കര്‍
മോഹന്‍ലാല്‍ ചിത്രം കിരീടം നിര്‍മിച്ചുകൊണ്ട് സിനിമാ ജീവിതം തുടങ്ങിയ നിര്‍മാതാവും നടനുമാണ് ദിനേശ് പണിക്കര്‍. ലോഹിതദാസിന്റെ തിരക്കഥയില്‍ ഒരുങ്ങിയ കിരീടം സംവിധാനം ചെയ്തത് സിബി മലയിലായിരുന്നു. ചിത്രം ഷൂട്ട് ചെയ്യുന്ന സമയത്ത് തന്നെ ക്ലൈമാക്‌സിന്റെ കാര്യത്തില്‍ ചെറിയ തര്‍ക്കം നടന്നിരുന്നു എന്ന് പറയുകയാണ് മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ദിനേശ് പണിക്കര്‍.
‘കിരീടം എന്ന സിനിമ കൊണ്ട് ഏറ്റവും കൂടുതല്‍ ഗുണം കിട്ടിയത് അന്ന് എന്റെ പാര്‍ട്ണറായിരുന്ന കൃഷ്ണകുമാര്‍ ഉണ്ണിക്കാണ്. കാരണം ആ സിനിമക്ക് ശേഷം കിരീടം ഉണ്ണി എന്നാണ് പുള്ളി അറിയപ്പെടുന്നത്. പക്ഷേ അതിനുള്ള ഭാഗ്യം എനിക്ക് കിട്ടിയില്ല. കാരണം എന്നെ ആരും കിരീടം ദിനേഷ് പണിക്കരെന്ന് പറയാറില്ല.
ഇന്നും ഞാന്‍ കിരീടത്തിന്റെ നിര്‍മാതാവാണെന്ന് പറയുമ്പോള്‍ അത് ഉണ്ണിയല്ലേ എന്നാണ് ആളുകള്‍ ചോദിക്കുന്നത്. പക്ഷേ ഇത് ഞങ്ങള്‍ രണ്ട് പേരും കൂടി ചേര്‍ന്ന് എടുത്തതാണ്. എനിക്ക് കിരീടം ദിനേശ് പണിക്കര്‍ എന്ന പേര് കിട്ടിയില്ല എന്നേ ഉള്ളൂ. കിരീടത്തിന്റെ ഭാഗമായ ആളുകളെ നോക്കുമ്പോള്‍ ഒരു മാതിരി എല്ലാവരും ഈ സിനിമ കൊണ്ട് കിരീടം തലയില്‍ വെച്ച ആളുകള്‍ തന്നെയാണ്.
കിരീടത്തിന്റെ ക്ലൈമാക്‌സിനെ പറ്റി ഞങ്ങള്‍ക്ക് ചില വിയോജിപ്പുകളുണ്ടായിരുന്നു. സെവന്‍ ആര്‍ട്‌സ് വിജയകുമാറായിരുന്നു ഞങ്ങളുടെ ഡിസ്ട്രിബ്യൂട്ടര്‍. ഷൂട്ട് നടക്കുന്നതിനിടയിലും ക്ലൈമാക്‌സിനെ പറ്റിയുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടായിരുന്നു.
സാധാരണ കൊമേഴ്‌സ്യല്‍ സിനിമകളുടെ കോണ്‍സെപ്റ്റ് വില്ലനെ നായകന്‍ പോയി അടിച്ചുതകര്‍ക്കുന്നതായിരുന്നു. കിരീടത്തിന്റെ അവസാനം മോഹന്‍ലാല്‍ വല്ലാത്ത അവസ്ഥയില്‍ നില്‍ക്കുകയാണ്. ദുഷ്ടനായ വില്ലനെ നായകന്‍ അങ്ങോട്ട് പോയി അടിക്കണം, ഇതായിരുന്നു വിജയകുമാറിന്റെ മനസില്‍ ഉണ്ടായിരുന്നത്. പക്ഷേ സംവിധായകനും തിരക്കഥാകൃത്തും ഞാനുള്‍പ്പെടെയുള്ള പ്രൊഡ്യൂസര്‍മാരും ക്യാമറമാനും ഒറ്റക്കെട്ടായി എതിര്‍ത്തു.
വളരെ വ്യത്യസ്തമായ ക്ലൈമാക്‌സാണ് ലോഹിതദാസ് എഴുതിവെച്ചിരുന്നത്. മോഹന്‍ലാല്‍ ഒരു മാര്‍ക്കറ്റിലിരിക്കുന്നു, അവന്‍ എവിടെ എന്ന് പറഞ്ഞ് വില്ലന്‍ അങ്ങോട്ട് വരുന്നു. അങ്ങനെ അങ്ങോട്ട് പോയി അടി തുടങ്ങുന്ന സംഭവമാണ്. അത് ഒരു മാറ്റമായിരിക്കും എന്ന് തീരുമാനിച്ച് ഉറപ്പിച്ച് ചെയ്യുകയായിരുന്നു,’ ദിനേശ് പണിക്കര്‍ പറഞ്ഞു.
Content Highlight: producer dinesh panicker talks about the climax of kireedam movie