സിബി മലയിലിന്റെ സംവിധാനത്തില്‍ 1998ല്‍ പുറത്തുവന്ന സിനിമയാണ് പ്രണയവര്‍ണങ്ങള്‍. മഞ്ജു വാര്യര്‍, ദിവ്യ ഉണ്ണി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തിയ ചിത്രത്തില്‍ സുരേഷ് ഗോപി, ബിജു മേനോന്‍ എന്നിവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. എന്നാല്‍ ചിത്രത്തിന്റെ പേരില്‍ നടന്‍ തിലകനുമായി തെറ്റേണ്ടി വന്നിട്ടുണ്ടെന്ന് പറയുകയാണ് മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നിര്‍മാതാവ് ദിനേശ് പണിക്കര്‍.
‘തിലകന്‍ ചേട്ടന് ഒരു ദിവസം ഒരു സ്‌ക്രിപ്റ്റുമായി വന്നു. രണ്ട് പിള്ളേര്‍ എഴുതിയ സാധനമാണ്, സംഗതി രസമുണ്ട്, വായിച്ചിട്ട് എനിക്ക് ഇഷ്ടപ്പെട്ടു. ദിനേഷ് ഒന്നു വായിച്ചുനോക്ക് എന്ന് തിലകന്‍ ചേട്ടന്‍ പറഞ്ഞു. ആ കഥ ഞാന്‍ വായിച്ചു. ഡിസ്‌കസ് ചെയ്യാനായി സിബി മലയിലിനെ തിരുവനന്തപുരത്തേക്ക് വിളിച്ചു. വായിച്ച് നോക്കിയിട്ട് കഥ കൊള്ളാം, ഒരു സിനിമ ആയി കൊടുക്കാനുള്ള സബ്ജക്ട് ഇതിലുണ്ടെന്ന് സിബി പറഞ്ഞു.
ഈ സിനിമ നിറഞ്ഞു നില്‍ക്കുന്നത് പ്രണയം കൊണ്ടാണ്. അതുകൊണ്ട് പ്രണയവര്‍ണങ്ങള്‍ എന്ന് പേരിട്ടു. രണ്ട് പെണ്‍കുട്ടികളാണ് ചിത്രത്തിലെ ഹീറോസ്. അന്ന് തിളങ്ങിനിന്നിരുന്ന രണ്ട് നടിമാരായിരുന്നു മഞ്ജു വാര്യറും ദിവ്യ ഉണ്ണിയും. ഇവരെ രണ്ടുപേരേയും കേന്ദ്രീകരിച്ച് നല്ലൊരു കോളേജ് ചിത്രം ഒരുക്കി.
പിന്നെ വേണ്ടത് ഒരു ഡെപ്യൂട്ടി കളക്ടറെയാണ്. അതിന് ചേരുന്നത് സുരേഷ് ഗോപിയാണെന്ന് തോന്നി. സുരേഷ് അന്ന് തോക്ക് പിടിച്ച് നടക്കുന്ന കാലമാണ്. ഇതിലെ കഥാപാത്രത്തിന് വലിയ ഡയലോഗൊന്നുമില്ല. വളരെ ലളിതമായ, ഹാന്‍സമായ ഡെപ്യൂട്ടി കളക്ടറുടെ വേഷമാണ് ചെയ്യുന്നത്.
പിന്നെ അതില്‍ ഒരു നെഗറ്റീവ് ടച്ചോ അല്ലെങ്കില്‍ റൊമാന്റിക് ടച്ചോ തോന്നാവുന്ന ഒരു കഥാപാത്രം. അത് ബിജു മേനോനാണ് അവതരിപ്പിച്ചത്. ബിജു മേനോനായിരുന്നു ഞങ്ങളുടെ മനസിലുണ്ടായിരുന്നു. അപ്പോഴാണ് സിനിമയുടെ കൂട്ടായ്മയില്‍ ചില വിള്ളലുകളുണ്ടായത്.
തിലകന്‍ ചേട്ടന് ഒരു ഡിമാന്‍ഡുണ്ടായിരുന്നു, ആ കഥാപാത്രം ഷമ്മി തിലകനെ കൊണ്ട് ചെയ്യിക്കണം. ഷമ്മി നല്ല നടനാണ്, ഹാന്‍സമാണ്. കോളേജ് പരുവത്തില്‍ കറക്ടായിട്ട് ചെയ്യാന്‍ പറ്റും. പക്ഷേ ഷമ്മി തിലകന് അന്ന് റൊമാന്റിക് ഇമേജില്ല. തിലകന്‍ ചേട്ടന്‍ വാശി പിടിച്ച സമയത്ത് അതിനെ മറികടന്ന് ബിജു മേനോനെ ഞങ്ങള്‍ ഫിക്‌സ് ചെയ്തു. അതോടെ ഗ്രൂപ്പില്‍ വിള്ളല്‍ വന്നു. എല്ലാവരും ടീമില്‍ നിന്നും പോയി. ഞാനും അഡ്വക്കേറ്റ് ശശി പരവൂരും മാത്രം അവശേഷിച്ചു. ഞങ്ങള്‍ രണ്ടുപേരും കൂടി ഡ്രീം മേക്കേഴ്‌സ് എന്ന കമ്പനിയുടെ പേരില്‍ സിനിമയെടുക്കാന്‍ തീരുമാനിച്ചു,’ ദിനേശ് പണിക്കര്‍ പറഞ്ഞു.
Content Highlight: producer dinesh panicker talks about pranayavarnanagal movie