പ്രണയവര്‍ണങ്ങള്‍ എന്ന സിബി മലയില്‍ ചിത്രത്തില്‍ സുരേഷ് ഗോപി അഭിനയിച്ച ചില ഭാഗങ്ങള്‍ കട്ട് ചെയ്തതിനെക്കുറിച്ച് പറയുകയാണ് ചിത്രത്തിന്റെ നിര്‍മാതാവ് ദിനേശ് പണിക്കര്‍. സുരേഷ് ഗോപി കവിത ചൊല്ലുന്ന സീന്‍ കണ്ട് തിയേറ്ററില്‍ ജനം ഭയങ്കരമായി കൂവിയതിനെ തുടര്‍ന്ന് അത് കട്ട് ചെയ്യേണ്ടി വരുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
കൂടാതെ കണ്ണാടിക്കൂടും കൂട്ടി എന്ന പാട്ടിലും സുരേഷ് ഗോപിയുടെ തലയാട്ടല്‍ കണ്ടിട്ട് ഇതേ പ്രതികരണമായിരുന്നുവെന്നും ദിനേശ് പറഞ്ഞു. ഭാഗങ്ങള്‍ കട്ട് ചെയ്തതിന്റെ ഭാഗമായി സിനിമ 125 ദിവസം ഓടിയതിനേക്കുറിച്ചും അദ്ദേഹം സംസാരിച്ചു. മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”പ്രണയവര്‍ണങ്ങളിലെ എല്ലാ പാട്ടും ഷൂട്ട് ചെയ്ത് അവസാനമാണ് കണ്ണാടിക്കൂടും കൂട്ടി എന്ന പാട്ട് ഷൂട്ട് ചെയ്തത്. ചെന്നെയില്‍ നിന്ന് ഷൂട്ട് ചെയ്യാന്‍ തീരുമാനിച്ചു. എന്നാല്‍ സിബി മലയില്‍ സമ്മതിച്ചില്ല. അദ്ദേഹത്തിന്റെ മനസില്‍ രാജസ്ഥാനില്‍ വെച്ച് ഷൂട്ട് ചെയ്യണമെന്നായിരുന്നു. കാരണം ദയ എന്ന സിനിമ ഷൂട്ട് ചെയ്യാന്‍ മഞ്ജു വാര്യര്‍ അവിടെ ഉണ്ടായിരുന്നു.
പാട്ടിനായിട്ട് സുരേഷ് ഗോപിയെ മാത്രം കൊണ്ട് പോയാല്‍ മതിയെന്നും രാജസ്ഥാനിലെ ഡ്രസും ഒട്ടകങ്ങളെയും വെച്ച് പാട്ട് മനോഹരമായി ഷൂട്ട് ചെയ്യാന്‍ പറ്റുമെന്ന് അദ്ദേഹം പറഞ്ഞു. ഞാനും അങ്ങനെ ആലോചിച്ചിരുന്നു. എന്നാല്‍ കയ്യില്‍ കാശില്ലായിരുന്നു. വിചാരിച്ചതിനേക്കാളും സിനിമയുടെ ബഡ്ജറ്റ് ഭയങ്കരമായി കൂടി.
എന്റെ സ്വന്തം ഡിസ്ട്രിബ്യൂഷന്‍ കമ്പനിയിലാണ് ചിത്രം ഡിസ്ട്രിബ്യൂട്ട് ചെയ്തത്. ബഡ്ജറ്റ് ഇല്ലാത്ത പ്രശ്‌നം ഞാന്‍ സിബിയോട് തുറന്ന് പറഞ്ഞു. ഒട്ടകത്തെ ഒഴിച്ച് ബാക്കി എല്ലാം നമുക്ക് രാജസ്ഥാന് പകരം ചെന്നെയില്‍ സെറ്റ് ചെയ്യാമെന്ന് സിബിയോട് ഞാന്‍ പറഞ്ഞു. ദീപാവലി സമയത്ത് ചെന്നെയില്‍ ചെന്ന് അടിച്ച് പൊളിച്ച് പാട്ട് ഷൂട്ട് ചെയ്തു.
സിനിമ ഇറങ്ങിയ ഒന്നോ, രണ്ടോ ആഴ്ച ഭയങ്കര ടെന്‍ഷനായിരുന്നു. സുരേഷ് ഗോപി തലയാട്ടി പാടുന്ന കണ്ണാടിക്കൂട് എന്ന പാട്ട് എന്റെ ഇഷ്ടപ്പെട്ട പാട്ടുകളില്‍ ഒന്നായിരുന്നു. എന്നാല്‍ ആ പാട്ട് കട്ട് ചെയ്ത് കളയണമെന്നാണ് പലരും എന്നോട് ആവശ്യപ്പെട്ടത്. കാരണം സുരേഷ് ഗോപി തലയാട്ടുമ്പോള്‍ തിയേറ്ററില്‍ ജനം കൂവുകയാണ്.
അത് ആ സിനിമയെ ബാധിക്കുന്നുണ്ടെന്നും അതുകൊണ്ട് പാട്ട് എടുത്ത് കളയണമെന്നും പലരും ആവശ്യപ്പെട്ടു. രണ്ടാമത്തെ കാര്യം സുരേഷ് ഗോപിയെ മഞ്ജു സ്വപ്‌നം കാണുന്ന സീനുണ്ട്. സ്വപ്‌നത്തില്‍ വന്ന സുരേഷ് ഗോപി നെരൂദയുടെ ഒരു കവിത പാടുന്നുണ്ട്. ആ കവിത സുരേഷ് ഗോപി പാടുമ്പോള്‍ ജനം ഭയങ്കര കൂവലായിരുന്നു. സുരേഷ് ഗോപിയുടെ ഇമേജ് എവിടെ കിടക്കുന്നു അതില്‍ നിന്നും ഇവിടെ വന്ന് കവിത പാടുമ്പോള്‍ ജനത്തിന് തീരെ ഉള്‍ക്കൊള്ളാനായില്ല.
ആ കവിതയുടെ കാര്യത്തില്‍ ജനത്തിന്റെ ഭാഗത്ത് ഒരു പോയിന്റ് ഉണ്ടെന്ന് എനിക്ക് തോന്നി. നല്ല കവിതയാണെങ്കിലും തിയേറ്ററില്‍ ആ ഭാഗം സ്വീകരിക്കപ്പെടുന്നില്ലെന്ന് കണ്ടതോടെ ആ കവിത ഞാന്‍ കട്ട് ചെയ്തു കളഞ്ഞു. ആ സീന്‍ കട്ട് ചെയ്തതോടെ സിനിമയോടുള്ള പ്രതികരണം തന്നെ മാറി. സിനിമ 125 ദിവസം ഓടുന്ന ലെവലിലേക്ക് എത്തി,” ദിനേശ് പറഞ്ഞു.
content highlight: producer dinesh panicker talking about some parts starring Suresh Gopi were cut in the movie pranayavarnangal